Sorry, you need to enable JavaScript to visit this website.

അടിപൊളി, കെ-റെയില്‍ നേന്ത്രക്കുലയ്ക്ക് വില 40,300 രൂപ

കൊച്ചി- ആലുവയില്‍ കെ-റെയില്‍, സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി നട്ട വാഴക്കുല ലേലത്തിലൂടെ വിറ്റത് റെക്കോഡ് വിലയില്‍. 40,300 രൂപയ്ക്കാണ് വാഴക്കുല വില്‍പ്പന നടത്തിയത്. ആലുവ മേഖലാ സമര സമിതി പഴങ്ങനാട് മഠത്തിപ്പറമ്പില്‍ എം.പി. തോമസിന്റെ പുരയിടത്തില്‍ നട്ട വാഴയാണ് പുക്കാട്ടുപടി സ്വദേശി നിഷാദ് പിടിച്ചത്. കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച 99 ഭരണപക്ഷ എംഎല്‍എമാര്‍ക്ക് പകരം സംസ്ഥാന സമിതി ആഹ്വാനം ചെയ്ത പ്രകാരം വച്ച സമര വാഴയുടെ കുലയാണ് കൂട്ടുലേലത്തിലൂടെ വില്‍പ്പന നടത്തിയത്. വാഴക്കുല ലേലം ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ നവകേരള സദസുമായി ബന്ധപ്പെട്ട് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി നടത്തുന്ന പരിശ്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സമരസമിതി സമരം വാഴക്കുല ലേലം എന്ന സമര രൂപം സ്വീകരിച്ചിരിക്കുന്നത്.
ലേലത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സമരസമിതി സംസ്ഥാന രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. എം.സി.ദിലീപ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. സമരസമിതി മേഖലാ ചെയര്‍മാന്‍ എന്‍.എ. രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 'സില്‍വര്‍ ലൈന്‍ വേണ്ട, നവകേരളത്തിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ചിട്ടുള്ള ഒപ്പ് ശേഖരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും നടന്നു. ആലുവ പൗരാവലി ശേഖരിച്ച ഒപ്പുകള്‍ സമരസമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദിന് കൈമാറിക്കൊണ്ട് അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ മുത്തലിബ്, വി.പി. ജോര്‍ജ്, സി.കെ. ശിവദാസന്‍, കെ.പി. സാല്‍വിന്‍, കെഎച്ച്.സദക്കത്ത്, എന്‍.ആര്‍. മോഹന്‍കുമാര്‍, ലത്തീഫ് പൂഴിത്തുറ, ലിസി സെബാസ്റ്റ്യന്‍, ടി.എന്‍. പ്രതാപന്‍, പി. എ. മുജീബ്, ജയ്‌സണ്‍ പീറ്റര്‍, ആബിദ ഷെരീഫ്, കെ.എ. ജോണ്‍സണ്‍, എം.കെ. ലത്തീഫ്, ഏ.ഓ. പൗലോ, സാബു പരിയാരത്ത്, കെ.എം. തോമസ്, കരീം കല്ലിങ്കല്‍, പി.ബി.അലി, എ.എ.മാഹിന്‍, പിഡി ഫ്രാന്‍സിസ് , ജോര്‍ജ് ജോസഫ് , എ. ജി. അജയന്‍ , എം.എ. ബേബി, എം.എ.ഹാരീസ്, കെ.വി. ഡേവിസ്, ആഷിക്ക് നാലാംമൈല്‍, സെയ്ത് മുഹമ്മദ്, ഷീബ സെയ്ദ് , കെ.കെ.ശോഭ, എ. ബ്രഹ്മകുമാര്‍ , എം.കെ. തങ്കപ്പന്‍ തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക-സമരസമിതി നേതാക്കള്‍ ലേലത്തിന് നേതൃത്വം നല്‍കി.

Latest News