Sorry, you need to enable JavaScript to visit this website.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ ചിത്രം  പങ്കുവച്ച യുവതിക്ക് 50 ലക്ഷത്തിന്റെ ബില്‍ 

ബെയ്ജിംഗ്-റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി. കഴിക്കുന്നതിന് മുമ്പായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ ഒരു ചിത്രം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാനായി നോക്കിയപ്പോള്‍ ഞെട്ടി. ബില്ലില്‍ ഉണ്ടായിരുന്നത് ഒന്നും രണ്ടുമല്ല, 50 ലക്ഷം രൂപ. സംഭവം അങ്ങ് ചൈനയിലാണ്.
നവംബര്‍ 23 ന് തന്റെ ഒരു സുഹൃത്തിനൊപ്പം ഒരു ഹോട്ട്‌പോട്ട് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു വാങ് എന്ന യുവതി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടിയതും എല്ലാവരും ചെയ്യുന്നത് പോലെ വാങ് ഭക്ഷണത്തിന്റെ മനോഹരമായ ഒരു ചിത്രം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചു. പക്ഷേ, ആ ചിത്രത്തില്‍ വാങ് കാണാത്ത ഒരു അപകടം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
ടേബിളില്‍ നിരത്തിവെച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രമെടുത്തപ്പോള്‍ അതിനിടയില്‍ മേശയില്‍ വെച്ചിരുന്ന ഒരു ക്യുആര്‍ കോഡും അബദ്ധത്തില്‍ അവളുടെ ചിത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും പണം നല്‍കുന്നതിനുമായുള്ള ക്യുആര്‍ കോഡ് ആയിരുന്നു അത്. ആ കോഡ് സ്‌കാന്‍ ചെയ്താല്‍ ആര്‍ക്ക് വേണമെങ്കിലും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, ഓര്‍ഡര്‍ ചെയ്യുന്ന വിഭവവും ബില്ലും സ്വാഭാവികമായും ആ ടേബിളില്‍ ഇരിക്കുന്നവരുടെ കൈകളില്‍ എത്തുകയും ചെയ്യും.
വാങ്ങിന്റെ ടേബിളില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ വലിയ ഓര്‍ഡറുകള്‍ തുടരെ തുടരെ വന്നതോടെ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അവള്‍ക്കരികിലെത്തി 50 ലക്ഷത്തിലധികം രൂപയുടെ സാധങ്ങള്‍ ഇതുവരെയും ഓര്‍ഡര്‍ ചെയ്തുവെന്ന വിവരം അവര്‍ അറിയച്ചപ്പോള്‍ മാത്രമാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വാങിന് ബോധ്യം വന്നത്. അവള്‍ ഉടന്‍ തന്നെ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ എന്നിട്ടും റെസ്റ്റോറന്റിലേക്ക് ഓര്‍ഡറുകള്‍ വന്നുകൊണ്ടേയിരുന്നു.
കാരണം അതിനോടകം ആ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരൊക്കെയോ ഏറ്റെടുത്തിരുന്നു. ഏതായാലും റെസ്റ്റോറന്റ് വാങ്ങിനെ ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിച്ചില്ല, കോഡ് വഴിയുള്ള എല്ലാ പുതിയ ഓര്‍ഡറുകളും അവഗണിച്ച് വാങ്ങിന് ഒരു പുതിയ ടേബിള്‍ നല്‍കി. പക്ഷേ, അവിടം കൊണ്ടും തീര്‍ന്നില്ല. റെസ്റ്റോറന്റിലേക്ക് വീണ്ടും ഓര്‍ഡറുകള്‍ വന്നു കൊണ്ടേയിരുന്നു. ഒടുവില്‍, ആ ക്യുആര്‍ കോഡ് തന്നെ റെസ്റ്റോറന്റിന് തങ്ങളുടെ നെറ്റ്വര്‍ക്ക് സിസ്റ്റത്തില്‍ നിന്നും മാറ്റേണ്ടി വന്നുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. 

Latest News