ജിദ്ദ- സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എ, ബി എന്നീ രണ്ട് സീനിയർ ഡിവിഷൻ ഫൈനലുകൾക്കു പുറമെ പതിനേഴ് വയസ്സിന് താഴെയുള്ള ജൂനിയർ ഡിവിഷനായ ഡി ഡിവിഷൻ ഫൈനലും വെള്ളിയാഴ്ചയാണ് നടക്കുക.
മിനിസ്ട്രി ഓഫ് എജുക്കേഷൻ സ്‌റ്റേഡിയം അറ്റുകുറ്റപ്പണികൾക്കായി അടച്ചിട്ടതിനാൽ വസീരിയയിലെ അൽ തആവുൻ സ്‌റ്റേഡിയത്തിൽ നടന്നു വന്നിരുന്ന ടൂർണമെന്റ് കാണികൾക്കുണ്ടായിരുന്ന അസൗകര്യം കണക്കിലെടുത്താണ് കൂടുതൽ സൗകര്യാർഥം കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതെന്ന് അവർ പറഞ്ഞു. സിനിമാ താരം സിദ്ദീഖും കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാനും മുഖ്യാതിഥികളായിരിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എ ഡിവിഷൻ ഫൈനലിൽ പ്രിന്റക്‌സ് റിയൽ കേരള എഫ്.സി പവർ ഹൗസ് മഹ്ജർ എഫ്.സിയെ നേരിടും. ബി ഡിവിഷനിൽ സൈക്ലോൺ ഐ.ടി സോക്കർ, എഫ്.സി അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സിനെയും ഡി ഡിവിഷനിൽ ബദർ അൽ തമാം ടാലന്റ് ടീൻസ് അക്കാദമി സ്‌പോർട്ടിംഗ് യുണൈറ്റഡ് ജിദ്ദ അക്കാദമിയെയും നേരിടും. മൂന്ന് ഡിവിഷനുകളിലും ശക്തമായ മത്സരം പ്രതീക്ഷിക്കാം. ദേശീയ, അന്തർദേശീയ താരങ്ങളുടെ നീണ്ട നിര തന്നെ ഫൈനൽ കളിക്കുന്ന ടീമുകളിൽ കളിക്കാനായി ജിദ്ദയിൽ എത്തിയിട്ടുണ്ട്.
സുൽഫിയുടെ ശിക്ഷണത്തിൽ മഹ്ജർ എഫ്.സിക്കു വേണ്ടി മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സക്കീർ മാനുപ്പ, ഹാരിസ് മണ്ണാർക്കാട് (അണ്ടർ 22സംസ്ഥാന താരം), റോഷൻ (ബാംഗ്ലൂർ ഡോൺ ബോസ്‌കോ), മുഹമ്മദ് അർഷാദ് (കെ.പി.എൽ), നിഹാൽ (ഗോകുലം എഫ്.സി), മിഥുൻ (സംസ്ഥാന താരം) എന്നിവർ ബൂട്ടണിയുമ്പോൾ, പരിചയ സമ്പന്നനായ മുൻ മലപ്പുറം ജില്ല കോച്ച് സി.പി.എം ഉമ്മർ കോയയുടെ പരിശീലനത്തിൽ റിയൽ കേരളക്കു വേണ്ടി ജിജോ ജോസഫ് (മുൻ സന്തോഷ് ട്രോഫി താരം), ജോബി ജസ്റ്റിൻ (മുൻ ഇന്ത്യൻ താരം), മുഹമ്മദ് ഷിബിലി (ഗോകുലം എഫ്.സി), മുഹമ്മദ് സജ്ജാദ് (ബോസ്‌കോ) എന്നിവരും കളിക്കളത്തിലിറങ്ങും.
എ ഡിവിഷൻ ജേതാക്കൾക്ക് 10,000 റിയാലും റണ്ണേഴ്‌സിന് 5,000 റിയാലും ട്രോഫിയും സമ്മാനമായി നൽകും. ബി ഡിവിഷൻ വിജയികൾക്ക് 6,000 റിയാലും റണ്ണേഴ്‌സിന് 3000 റിയാലും ഡി ഡിവിഷൻ ജേതാക്കൾക്ക് 2000 റിയാലും റണ്ണേഴ്‌സിന് 1000 റിയാലും സമ്മാനമായി നൽകും. ഇതിനു പുറമെ ട്രോഫികളും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട്, വൈസ് പ്രസിഡന്റുമാരായ സലീം മമ്പാട്, യാസർ അറഫാത്ത്, സെക്രട്ടറിമാരായ അയ്യൂബ് മുസ് ല്യാരകത്ത്, അൻവർ വല്ലാഞ്ചിറ, അബു കട്ടുപ്പാറ, ചീഫ് പാട്രൺ നാസർ ശാന്തപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.