Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശിൽ വോട്ടിംഗ് യന്ത്രം ചതിച്ചുവെന്ന് കോൺഗ്രസ്

എം.എൽ.എമാർക്ക് സ്വന്തം ഗ്രാമത്തിൽ 50 വോട്ട് പോലും ലഭിച്ചില്ല
കമൽനാഥിന്റെ പിടിവാശി പരാജയ കാരണമായെന്ന് വിലയിരുത്തൽ

ഭോപാൽ- തങ്ങളുടെ ഗ്രാമത്തിൽ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് ചില മുൻ എം.എൽ.എമാർ പരാതിപ്പെട്ടിട്ടുണ്ടെന്നും മധ്യപ്രദേശിലെ വോട്ടിംഗ് ഫലത്തിൽ ആശ്ചര്യമുണ്ടെന്നും കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള പ്രമുഖ നേതാവ് കൂടിയായ കോൺഗ്രസ് എം.പി ദ്വിഗ്‌വിജയ് സിംഗും ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തു രംഗത്തെത്തി. ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പരാമർശം. മധ്യപ്രദേശിൽ 230 അംഗ നിയമസഭയിൽ 163 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോൺഗ്രസിന് 66 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. 
പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്ന് കമൽനാഥ് പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നതായി ആരോപിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട്, ചർച്ച നടത്താതെ ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് കമൽനാഥ് പറഞ്ഞു. അതേസമയം, വോട്ടെടുപ്പ് ഫലങ്ങളിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. പൊതുജനങ്ങളുടെ മാനസികാവസ്ഥ കോൺഗ്രസിന് അനുകൂലമാണെന്ന് വ്യക്തമാണ്. നിങ്ങൾ എന്തിനാണ് എന്നോട് ചോദിക്കുന്നത്? ആളുകളോട് ചോദിക്കൂ. ചില എം.എൽ.എ.മാർ എന്നോട് പറയുന്നത് അവരുടെ ഗ്രാമത്തിൽ 50 വോട്ട് പോലും കിട്ടിയില്ലെന്നാണ്. അതെങ്ങനെ സാധ്യമാകും -കമൽനാഥ് ചോദിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും കമൽ നാഥ് നേരത്തെ പറഞ്ഞിരുന്നു. ഞാൻ ബി.ജെ.പിയെ അഭിനന്ദിക്കുന്നു. ജനങ്ങൾ  കാണിക്കുന്ന വിശ്വാസത്തിന് അനുസരിച്ച് അവർ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു -കമൽനാഥ് പറഞ്ഞു. നിരാശാജനകമായ ഫലത്തെത്തുടർന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാൻ കമൽനാഥിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസ് തന്ത്രവും വിമർശന വിധേയമായി. കുറച്ചു റാലികൾ  മാത്രമാണ് പാർട്ടി നടത്തിയത്. ഇന്ത്യാ മുന്നണിയിലെ മറ്റു കക്ഷികളെ കമൽനാഥ് കൈകാര്യം ചെയ്തതിലും കടുത്ത വിയോജിപ്പുണ്ട്. സീറ്റ് വിഭജന ചർച്ചയ്ക്കിടെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളും ഏറെ വിമർശിക്കപ്പെട്ടു. സഖ്യകക്ഷികൾ വെവ്വേറെ മത്സരിച്ചു. ഇത് വോട്ട് വിഭജനത്തിന് വഴിവെച്ചത് ബിജെപിക്ക് നേട്ടമായി. 2024 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ബ്ലോക്കിന്റെ ബ്ലൂപ്രിന്റിന് വിരുദ്ധമായിരുന്നു ഇത്. 

Latest News