Sorry, you need to enable JavaScript to visit this website.

ഗാസ വീണ്ടും ഇരുണ്ടു; ഒരിടവുമില്ല ഒളിക്കാൻ

ഗാസ- ഒരാഴ്ചയിലെ വെടിനിർത്തൽ അവസാനിപ്പിച്ച ശേഷം ഗാസക്ക് നേരെ നടത്തുന്ന ആക്രമണം ഇസ്രായിൽ വീണ്ടും ശക്തമാക്കിയതോടെ ദുരിതത്തിലായി വീണ്ടും ഫലസ്തീനിയൻ ജനത. ഗാസ മുനമ്പിൽ രണ്ടു മാസത്തോളമായി തുടരുന്ന അതിക്രൂരമായ ആക്രമണത്തിൽ ഇസ്രായിൽ ഇതേവരെ കൊന്നൊടുക്കിയത് പതിനാറായിരത്തോളം മനുഷ്യരെയാണ്. ഒക്ടോബർ ഏഴിന് ഇസ്രായിലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഗാസയിലേക്ക് ഇസ്രായിൽ പ്രതികാര നടപടി തുടരുന്നത്. ഗാസയിൽ സാധാരണക്കാർക്ക് സുരക്ഷിത മേഖലകൾ സൃഷ്ടിക്കാനാകില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. സേഫ് സോണുകൾ ഗാസയിൽ നിർമ്മിക്കാൻ സാധ്യമല്ലെന്നും ഇത്തരത്തിലുള്ള ആലോചന യുക്തിസഹമല്ലെന്നും യു.എൻ കുട്ടികളുടെ ഏജൻസിയായ യുനിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. ഗാസയിലേക്കുള്ള മാനുഷിക സഹായം ഉടൻ നിന്നേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ നിലവിലില്ലെന്ന് ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള യു.എൻ ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹേസ്റ്റിംഗ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായിൽ സൈന്യം തെക്കൻ ഗാസയിലേക്ക് തള്ളിക്കയറി പതിനായിരങ്ങളെ കൂടുതൽ ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് തള്ളിമാറ്റുകയാണ്. പ്രദേശത്തിന്റെ വടക്ക് ഭാഗത്താണ് ഇസ്രായിൽ ആദ്യം ആക്രമണം നടത്തിയിരുന്നത്. എന്നാൽ സൈന്യം ഇപ്പോൾ ഗാസയുടെ തെക്കുഭാഗത്തും ആക്രമണം തുടങ്ങി. ഈ ഭാഗത്തുള്ള സിവിലിയൻമാരോട് മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ ആവശ്യപ്പെട്ട് ഇസ്രായിൽ സൈന്യം ലഘുലേഖ വിതരണം ചെയ്തു. 
ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും തടിച്ചുകൂടിയ ഷെൽട്ടറുകളിൽ ഓരോ 400 പേർക്ക് ഒരു ടോയ്‌ലറ്റാണുള്ളത്. ആളുകളെ സുരക്ഷിതമായി പാർപ്പിക്കാൻ പറ്റിയ ഒരിടം പോലുമില്ല. പതിനായിരങ്ങളാണ് ഒരു ടോയ്‌ലറ്റു പോലുമില്ലാത്ത സ്ഥലങ്ങളിൽ കഴിഞ്ഞുകൂടുന്നത്. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലുമില്ല. ഓരോ 15 മിനിറ്റിലും ഒരു ബോംബ് വീഴുന്നു. ഉച്ചയ്ക്ക് ശേഷം പീരങ്കി വെടിവെപ്പുണ്ടായി. രണ്ട് ദിവസം മുമ്പാണ് ഞങ്ങളുടെ വീടിന് നേരെ ബോംബെറിഞ്ഞത്. ഞങ്ങൾ വീടിനുള്ളിൽ ആയിരിക്കുമ്പോൾ എ35 ഷെല്ലാക്രമണം നടത്തി. ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഒന്നിനോടും ഞങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ഒരു പ്രദേശവാസി പറഞ്ഞു. 
തെക്കൻ പ്രദേശങ്ങളിലും ഖാൻ യൂനിസിലും റഫയിലും ഉൾപ്പെടെ എല്ലായിടത്തും തീവ്രമായ ബോംബാക്രമണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ഗാസയിൽ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചു. തിങ്കളാഴ്ച ഗാസയിൽ സൈനിക നടപടിക്കിടെയാണ് മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മാത്രം അഞ്ചു ഇസ്രായിൽ സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ 7 മുതലുള്ള പോരാട്ടത്തിൽ 400 ലധികം ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നസേറെത്ത് അഭയാർത്ഥി ക്യാമ്പിനും തെക്കൻ ഗാസയിലെ ഖാൻ യൂനിസിനും നേരെ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. ഭീകരർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായിൽ സൈന്യം ക്യാമ്പ് തകർത്തത്. ബോംബാക്രമണത്തിനിടെ പരിക്കേറ്റ ഫലസ്തീനികളെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
തെക്കൻ ഗാസയിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ എയ്ഡ് വെയർഹൗസ് 24 മണിക്കൂറിനുള്ളിൽ ഒഴിയാൻ ഇസ്രായിൽ സൈന്യം ആവശ്യപ്പെട്ടു. തെക്കൻ ഗാസയിലെ ഞങ്ങളുടെ മെഡിക്കൽ വെയർഹൗസിൽ നിന്ന് സാധനങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ഇസ്രായിൽ പ്രതിരോധ സേനയിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് അറിയിപ്പ് ലഭിച്ചുവെന്ന് ലോകാരോഗ്യസംഘടന മേധാവി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് ഇസ്രായിൽ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. വെയർ ഹൗസുകൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം ലോകാരോഗ്യ സംഘടന പ്രതിനിധികളോട് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇസ്രായിൽ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഗാസയിലെ സ്ഥിതി ഓരോ നിമിഷവും വഷളായി വരികയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ ഗാസയിൽ നിന്നുള്ള വീഡിയോ ലിങ്ക് വഴി മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. 
ഗാസയിലുടനീളം മൊബൈൽ ടെലിഫോൺ സേവനങ്ങളും ഇന്റർനെറ്റ് കണക്ഷനുകളും വിഛേദിച്ചതായി ഗാസ മുനമ്പിലെ പ്രധാന ടെലികോം കമ്പനി അറിയിച്ചു. ഇസ്രായിലിന്റെ ഭാഗത്ത് നിന്നുള്ള പ്രധാന ഫൈബർ റൂട്ടുകൾ വെട്ടിക്കുറച്ചതിനാൽ ഗാസ മുനമ്പിലെ എല്ലാ ടെലികോം സേവനങ്ങളും നഷ്ടപ്പെട്ടതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് മൊബൈൽ ദാതാക്കളായ പാൽടെൽ വ്യക്തമാക്കി. ഗാസ മുനമ്പിലേക്ക് കൂടുതൽ ഇന്ധനം അനുവദിക്കാൻ ഇസ്രായിലിനെ പ്രേരിപ്പിക്കുകയാണെന്ന് അമേരിക്ക പറഞ്ഞു. ജനറേറ്ററുകൾക്ക് വൈദ്യുതി നൽകുന്ന ഇന്ധനവും മറ്റ് മാനുഷിക സഹായങ്ങളും വെടിനിർത്തൽ സമയത്ത് ഗാസയിൽ എത്തിയിരുന്നു. ഇന്ധനം എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ ഇസ്രായിലുമായി തുറന്ന സംഭാഷണങ്ങൾ നടത്തിയെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, തങ്ങളുടെ യുദ്ധവിമാനങ്ങൾ ഹിസ്ബുള്ളയുടെ ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായിൽ അവകാശപ്പെട്ടു. ലെബനോനിൽനിന്ന് വടക്കൻ ഇസ്രായിലിലേക്ക് നിരവധി തവണ ഡ്രോൺ ആക്രമണം നടത്തിയതിനുള്ള പ്രതികാരമാണിതെന്നും ഇസ്രായിൽ അവകാശപ്പെട്ടു. യുദ്ധവിമാനങ്ങൾ ഭീക രകേന്ദ്രങ്ങൾ തകർത്തുവെന്നും ഇസ്രായിൽ സൈന്യം പറഞ്ഞു. ഇസ്രായിൽ ആക്രമണത്തെക്കുറിച്ച് ലെബനോൻ സായുധ സംഘത്തിൽ നിന്ന് പ്രതികരണം ലഭിച്ചില്ല. 

Latest News