കോട്ടയം- കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യന്‍ ഭവനങ്ങളിലേക്കും ആശംസകളുമായി ക്രിസ്മസ് ദിനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തും. ഡിസംബര്‍ 20 നും 30 നും സ്‌നേഹയാത്ര എന്ന പേരിലാണ് ഈ സന്ദര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സ്‌നേഹയാത്ര ഒരുക്കുന്നത്. ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന്റെതാണ് തീരുമാനം. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ അകന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
'കഴിഞ്ഞ ക്രിസ്മസ് സമയത്ത് പുരോഹിതന്മാരുടെ അടുത്തും ഇടവകകളിലുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഇക്കുറി ക്രിസ്തീയ വീടുകളിലേക്ക് നേരിട്ട് പോവുകയാണ് ചെയ്യുന്നത് -ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു.
എല്ലാ ജില്ലകളിലും ഈ മാസം എന്‍.ഡി.എ കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കും. ജനുവരിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തും. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന പദയാത്രയില്‍ ഓരോ ദിവസവും 25000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. എന്‍.ഡി.എയുടെ നേതൃത്വത്തിലാകും പദയാത്ര. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് കേരളത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.