Sorry, you need to enable JavaScript to visit this website.

കൊതിപ്പിക്കുന്ന കശ്മീർ

ഇന്ത്യയെ കണ്ടെത്താൻ-2 

 

ദൽഹിയിലെ ഞങ്ങളുടെ അവസാന പരിപാടിയായ  ഇന്ത്യ ഗേറ്റ് കാണാൻ തിരിച്ചു.  നല്ല സുഖമുള്ള കാറ്റായിരുന്നു. ഇവിടെ സൂര്യൻ അസ്തമിക്കുന്ന രംഗം ഒരു അനുഭവം തന്നെയാണ്. ഇന്ത്യ ഗേറ്റ് 1914 നും 1921 നും ഇടയിൽ ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രാൻസ്, മെസൊപ്പൊട്ടാമിയ, പേർഷ്യ, കിഴക്കൻ ആഫ്രിക്ക, ഗാലിപ്പോളി തുടങ്ങിയ സ്ഥലങ്ങളിലും മറ്റിടങ്ങളിലും വീരമൃത്യു വരിച്ച ഇന്ത്യൻ സൈന്യത്തിലെ 84,000 സൈനികരുടെ സ്മാരകമാണ്.  കൂടാതെ യു.കെയിൽ നിന്നുള്ള ചില സൈനികരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 13,300 സൈനികരുടെ പേരുകൾ ഗേറ്റിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഗേറ്റിന് ചുറ്റുമുള്ള പച്ച പുൽമേട് മധുരമുള്ള സായാഹ്നത്തെ വരവേൽക്കുന്നു. അത് പോലെ തന്നെ രാത്രിയിലെ ഫ്‌ളഡ് ലൈറ്റുകൾ സമീപത്തുള്ള ജലധാരകളെ വർണാലംകൃതമാക്കുന്ന  കാഴ്ച മനസ്സിനെ തൊട്ടുണർത്തുന്നു. സമയം ഏകദേശം വൈകിട്ട 6.46  ആയി. ഇവിടം വിടാനുള്ള സമയമായി. രാത്രി 11  ആവുമ്പോഴേക്കും റെയിൽവേ സ്റ്റേഷനിൽ എത്തണം. അതിന് മുൻപ് ഒന്ന് കറങ്ങണം. ഞങ്ങൾ നേരെ  മെട്രോയിൽ ചാന്ദ്‌നി ചൗക്കിലേക്ക് വിട്ടു. അവിടെ നിന്ന് സദർ ബസാർ മാർക്കറ്റ്. ഒരു നേരിയ രാത്രി കാഴ്ച. കട കമ്പോളങ്ങൾ അടച്ച് തുടങ്ങിയിരുന്നു. ചെറിയ രീതിയിൽ ഒരു പർച്ചേസിംഗും നടത്തി ഭക്ഷണം കഴിച്ച് നേരെ മെട്രോ ദൽഹി റെയിൽ വ സ്റ്റേഷനിലേക്ക്. ഞങ്ങൾ ദൽഹി സിറ്റിയോട് വിട പറയുകയാണ്. ഇനി സഞ്ചാരികളുടെ സ്വർഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീരിന്റെ കാഴ്ചകളിലേക്ക്. 
സെപ്തംബർ 20 ന് രാത്രി 11.30 ന് ഉദംപൂരിലേക്കുള്ള ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേർന്നു. ദൽഹിയിൽ നിന്ന് 12 മണിക്കൂർ (646 കിമീ.) യാത്രയുണ്ട്. എല്ലാവരും ക്ഷീണിതരാണ്. ഇക്കോണമി ക്ലാസായതുകൊണ്ട് സുഖമായൊന്ന് ഉറങ്ങി, പോവാം. തിരക്കും കമ്മിയാണ്.  ഞങ്ങൾ ജമ്മുവും കഴിഞ്ഞ് 21 ാം തീയതി ഉച്ചക്ക് 12 മണിക്ക് ഉദംപൂർ സ്റ്റേഷനിൽ എത്തി. ആളൊഴിഞ്ഞ ഒരു സ്റ്റേഷൻ. ഞങ്ങൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ  ഇനിയും കിലോ മീറ്ററുകൾ താണ്ടണം. ഞങ്ങൾക്ക് ആദ്യം എത്തേണ്ടത് ഉദംപൂർ ടൗണിലേക്കാണ്. ടാക്‌സികൾ വിളിക്കുന്നുണ്ട് ചാർജ് കൂടുതലാണ്. അവരുമായി തർക്കത്തിലേർപ്പെടുന്ന സമയത്താണ്  ഒരു കുട്ടി ബസ് ശ്രദ്ധയിൽപെട്ടത്. അത് ഉദംപൂർ ടൗണിലേക്കാണ്. മറിച്ചൊന്നും ചിന്തിച്ചില്ല.
ബാഗേജുകളെല്ലാം അവർ തന്നെ ബസിന്റെ മുകളിലേക്ക് കയറ്റി. വെറും 30 രൂപ പോയന്റ് മാത്രമാണ്. അര മണിക്കൂറിനകം ഉദംപൂർ ടൗണിലെത്തി. ടൗൺ എന്ന് പറയാനൊന്നും ഇല്ല. ചെറിയൊരു സ്റ്റോപ്പ്.  അവിടെ നിന്ന് ഞങ്ങൾക്ക് പോവാനുള്ളത് ആദ്യം ബനിഹാൽ, പിന്നെ ശ്രീനഗർ. സമയം ഏകദേശം ഉച്ച ഒരു മണി. 
വൈകുന്നേരം 5 മണിക്ക് മുമ്പായി ബനിഹാൾ എത്തിയെങ്കിൽ മാത്ര മ 5 മണിക്കു ശ്രീനഗറിലേക്കുള്ള ട്രെയിൻ ഞങ്ങൾക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ട് ഷെയർ ടാക്‌സി വിളിച്ച് ഞങ്ങൾ യാത്രയായി. 
ഏകദേശം ദൂരം 89 കിമീ. കാണും. 3 മണിക്കൂർ യാത്ര ശരിയായ രീതിയിൽ. 
ഈ യാത്ര തികച്ചും അവിസ്മരണീയം തന്നെ. റോഡിന്റെ ഒരു ഭാഗം പർവത നിരകൾ, മറുഭാഗം പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ ആരെയും അത്ഭുതപ്പെടുത്തുന്ന മനോഹര കാഴ്ചകൾ. 
 പച്ചപ്പ് നിറഞ്ഞ ഈ അത്ഭുത കാഴ്ച ഈ യാത്രയിലെ വേറിട്ടൊരു അനുഭവമായി മാറി. അതുപോലെ ഈ യാത്രയുടെ മറ്റൊരു കാഴ്ചയാണ് പേരുകേട്ട തുരങ്കത്തിലൂടെയുള്ള യാത്ര. ഏകദേശം ഒമ്പതര കിമീ. ദൂരമുള്ള ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കമാണ്. ഈ തുരങ്കം ഡോ. ശ്യാമപ്രസാദ് മുഖർജി  എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പ്രഥമ മന്ത്രിസഭയിൽ വ്യവസായ വിതരണ മന്ത്രിയായി പ്രവർത്തിക്കുകയും പിന്നീട് ഭാരതീയ ജനസംഘം സ്ഥാപിക്കുകയും ചെയ്ത ശ്യാമപ്രസാദ് മുഖർജിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ഇത് ജമ്മുവും ശ്രീനഗറും തമ്മിലുള്ള ദൂരം 30 കിലോമീറ്റർ കുറയ്ക്കുന്നതിനാൽ രണ്ട് മണിക്കൂർ യാത്രാസമയത്തിൽ ലാഭിക്കാനാവും. ഈ തുരങ്കം 2011 ൽ നിർമാണം ആരംഭിച്ച് 2017 ൽ പൂർത്തിയായി.
 കൃത്യം 4.45 ന് ബനിഹാൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുകയും ശ്രീനഗറിലേക്കുള്ള ടിക്കറ്റെടുത്ത് ടെയിനിൽ പ്രവേശിക്കുകയും ചെയ്തു. ട്രെയിൻ കൃത്യം 5 മണിക്ക് നീങ്ങിത്തുടങ്ങി. ഓരോ ബോഗിയിലും സിആർപി  ഭടന്മാരുടെ സുരക്ഷയുണ്ടായിരുന്നു. ഏത് നിമിഷവും ഏറ്റുമുട്ടലുകളുണ്ടാവാം. കാരണം ജമ്മു കശ്മീരിന്റെ തലസ്ഥാന നഗരിയിലേക്കല്ലേ യാത്ര. നാം ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന വാർത്തകളാണല്ലോ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ....
(ജമ്മു കശ്മീരിന് രണ്ട് തലസ്ഥാനമാണുള്ളത്. ഇത് സീസണിനെ അടിസ്ഥാനപ്പെടുത്തിയാണ്.
ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനം എന്നറിയുന്നപ്പെടുന്നത് ശ്രീനഗറാണ് . (മെയ് മുതൽ ഒക്ടോബർ).
ജമ്മു കശ്മീരിന്റെ ശൈത്യകാല തലസ്ഥാനം  ജമ്മുവാണ്. (നവംബർ മുതൽ ഏപ്രിൽ വരെ) കശ്മീർ താഴ്വരയിൽ ഝലം നദിയുടെ തീരത്താണ് ശ്രീനഗർ സ്ഥിതി ചെയ്യുന്നത്.)
ഞങ്ങൾ 6.15 ന് ശ്രീനഗർ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് 
(മംമ്താ ചൗക്ക്) ടാക്‌സി വിളിച്ചു. ഏകദേശം അര മണിക്കൂറിനകം ഞങ്ങൾ  എത്തിച്ചേർന്നു.
     പിറ്റെ ദിവസമായ 22 സെപ്തം. മുതൽ 25 സെപ്തം. രാവിലെ വരെയാണ് ഞങ്ങൾക്ക് കശ്മീരിലുള്ള സമയം. 3 ദിവസത്തിനുളളിൽ കശ്മീരിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കണം.
ആദ്യം  പോയത് ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനും അടങ്ങിയ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു ചെറുപട്ടണമായ പഹൽഗാമിലേക്കാണ്.  താമസിക്കുന്ന മംമ്ത ചൗക്കിൽ നിന്ന് ഏകദേശം 86 കിമീ. ദൂരമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2200 മീ. ഉയരത്തിലാണ് ഈ പട്ടണം. ഇവിടേക്ക് പോകുന്ന വഴിയാണ് കണ്ണഞ്ചിപ്പിക്കുന്ന കശ്മീർ ആപ്പിൾ തോട്ടങ്ങൾ. ആദ്യമായി കാണുന്നതായതുകൊണ്ട് തന്നെ അത് വളരെ വിലപ്പെട്ടതാണ്. വണ്ടി അവിടെ നിർത്തി ഞങ്ങൾ ആ തോട്ടം ചുറ്റി കണ്ടു. കൈയെത്തും ദൂരത്ത് വിളഞ്ഞു നിൽക്കുന്ന ആപ്പിളുകൾ. അധികം ഉയരമില്ലാത്ത വൃക്ഷം. സത്യത്തിൽ ഒരത്ഭുത പ്രതിഭാസമാണ് ഈ വികാരം. നേരിട്ട് പറിക്കാൻ നമുക്ക് അനുവാദമില്ല. ചുവടെ ചാടിക്കിടക്കുന്നത് എടുത്ത് രുചി അറിയാം. ഞങ്ങൾ എല്ലാവരും ആ രുചി നുകർന്നു. ഏറെ സ്വാദേറിയ വേറിട്ടൊരു അനുഭവമായിരുന്നു 
ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഹൽഗാം നമുക്ക് സമ്മാനിക്കുന്നത് അവിസ്മരണീയ കാഴ്ചയാണ്. പച്ച പുൽമേടും ഇടതൂർന്ന് നിൽക്കുന്ന പൈൻ മരങ്ങങ്ങളും മേച്ചിൽപുറങ്ങളും മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഏറ്റവും അപകടം നിറഞ്ഞ ഒരു താഴ്‌വരയാണ്  ബൈസൻ വാലി. ഏകദേശം 5 കിമീ. ദൂരമുള്ള ഈ സ്ഥലത്തേക്ക് ട്രക്കിംഗിലൂടെ മാത്രമേ പോവാൻ സാധിക്കൂ. അപകടം നിറഞ്ഞ, എന്നാൽ അനുഭവിച്ചറിയേണ്ട കുത്തനെയുള്ള ഈ സ്ഥലം ഞങ്ങളും പരീക്ഷിച്ചു. 5 പേരിൽ 2 പേർ ഒഴിവായി. ഞാനടക്കുള്ള 3 പേരും പിന്നെ അവിടെനിന്ന് പരിചയപ്പെട്ട നാസർ എന്ന മലയാളിയും കൂടി നാല് പേർ  സവാരിക്കൊരുങ്ങി. എല്ലാരും ആദ്യമായാണ് കുതിരപ്പുറത്ത് കയറുന്നത്. അതുകൊണ്ട് അതിന്റേതായ ഭയം ഇല്ലാതില്ല. 5 കിമീ. ഉരുളം കല്ലുകളും മറ്റും നിറഞ്ഞ ദുർഘട പാത.  
നാല് കുതിരകൾക്കും കാവൽക്കാരനായി ഒരാൾ മാത്രം. കുതിരയെ നിയന്ത്രിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അത് പ്രകാരമാണ് ഞങ്ങൾ മുമ്പോട്ട് നീങ്ങിയത്. 
അങ്ങനെ കണ്ണിന് കുളിർമയേകുന്ന ആ പ്രശാന്ത സുന്ദര കാഴ്ച കൺകുളിർക്കേ കണ്ടാസ്വാദിച്ചു. പച്ചപ്പ് നിറഞ്ഞ ഈ പുൽമേടിനു ചുറ്റുഭാഗവും പൈൻ മരങ്ങൾ   യശ്ശസുയർത്തി നിൽക്കുന്നത് കാണാൻ തന്നെ എന്ത് ചന്തമാ......
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണീ ട്രക്കിംഗ്.
ഈയിടം നിരവധി സിനിമാ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്. ശൈത്യകാലത്തിത്  വെള്ളയാൽ മൂടിപ്പുതച്ചിരിക്കുന്നത് കാണാം. രണ്ടു കാലാവസ്ഥയിലും വ്യത്യസ്ത കാഴ്ചയാണ് നമുക്കിത് സമ്മാനിക്കുന്നത്. 
പിറ്റേന്ന് ഞങ്ങൾ പേയത്  ഗുൽമർഗ്  എന്ന സ്ഥലത്തേക്കാണ്. രാവിലെ 8 മണി ആയപ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഞങ്ങൾ പോവാൻ റെഡിയായി. ഡ്രൈവർ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. താമസ സ്ഥലമായ മംമ്താ ചൗക്കിൽ നിന്ന് ഏകദേശം 54 കിമീ. ദൂരമുണ്ട് പൂക്കളുടെ നാടായ ഗുൽമർഗിലേക്ക്. വേനൽക്കാലത്ത് 15-25 ഡിഗ്രി വരെയാണ് ഇവിടത്തെ താപനില. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാറുകളുള്ള സ്ഥലം കൂടിയാണ് ഗുൽമാർഗ്. വേനൽക്കാലത്ത് ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണിത്.
ഗുൽമർഗിൽ ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങൾ മഹാരാജാസ് പാലസും മഹാരാജാസ് അമ്പലവുമാണ്.
8700 ചതുരശ്ര അടി വിസ്തീർണമുള്ള കൊട്ടാരം മഹാരാജ ഹാരിസ് സിംഗ് നിർമിച്ചതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജമ്മു കശ്മീരിലെ മുൻ നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവ്. മഹാരാജ ഭരണകാലത്തെ ചില മാസ്റ്റർപീസ് കലാരൂപങ്ങൾ ഇവിടെയുണ്ട്. ഗുൽമാർഗിൽ നിന്ന് ഏകദേശം രണ്ടര കിമീ. നടന്നാൽ പാലസിൽ എത്തിപ്പെടാം. കുതിര സവാരിയും ഉണ്ട്. ഞങ്ങൾ നടന്നാണ് പോയത്, കാരണം കാഴ്ചകൾ ആസ്വദിച്ചും ഫോട്ടോ എടുത്തും ദൂരമറിഞ്ഞില്ല. മേഞ്ഞ് നടക്കുന്ന ചെമ്മരിയാട് കൂട്ടവും വ്യൂ പോയന്റും വിശാലമായ പുൽമേടുകളും ഗുൽമാർഗിന്റെ ശോഭ ഇരട്ടിയാക്കുന്നു. ഞങ്ങൾ വൈകുന്നേരത്തോടുകൂടി അവിടെ നിന്നും മടങ്ങി. ശ്രീനഗറിലുള്ള ഏറ്റവും ഭംഗിയുള്ളതും നിരവധി ഫിലിം ചിത്രീകരണങ്ങൾ നടന്നതുമായ പേരുകൊണ്ടും ഭംഗി കൊണ്ടും ആസ്വദനം കൊണ്ടും പ്രസിദ്ധിയാർജിച്ച സ്ഥലമാണ് ദാൽ തടാകം. ആ തടാകത്തിലൂടെയുള്ള ശിക്കാർ റൈഡിംഗ് എന്തെന്നില്ലാത്ത സംതൃപ്തിയാണ്  നൽകുന്നത്. 7.44 കിമീ. നീളവും 3.5 കിമീ. വീതിയുമുള്ള ഈ തടാകം കാഴ്ചയിൽ നമ്മെ വിസ്മയിപ്പിക്കുന്നു. പല നിറത്തിലുള്ള ബോട്ടുകളിൽ ടൂറിസ്റ്റുകളെ വഹിച്ച് തുഴഞ്ഞ് തുഴഞ്ഞ് പോവുന്നത് ഞങ്ങൾ ക്യാമറയിൽ പകർത്തി. ബോട്ടിന്റെ ബാലൻസ് നിലനിർത്തിക്കെകാണ്ട് വേണം ഇരിക്കാൻ. അല്ലെങ്കിൽ അപകടമാണ്.  നേരം ഇരുട്ടോടടുക്കുന്നു. ഞങ്ങളുടെ സമയം കഴിഞ്ഞു. ബോട്ട് കരയ്ക്കടുത്തു. ഞങ്ങൾ റൂമിലേക്ക് തിരിച്ചു. 
24 ാം തീയതി കശ്മീരിലെ അവസാന ദിവസമാണ്. നാളെ രാവിലെ ഇവിടം വിടും. ഇന്ന് സന്ദർശിക്കാനുള്ള സ്ഥലം  സോനാമർഗാണ്. ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് റോഡിൽ റെഡിയായിരിക്കുന്നു. ഏകദേശം 80 കിമീ. ദൂരമുണ്ട് സോനാ ർഗിൽ എത്താൻ. കശ്മീരിലെ സ്വർണ പുൽത്തകിടി എന്നാണ് സോനാമർഗിനെ വിശേഷിപ്പിക്കുന്നത്. ആ സ്വർണ പുൽത്തകിടിയിലൂടെ സഞ്ചരിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. 
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു  സോനാമർഗ്. 
വേനൽക്കാലത്ത് അതിസുന്ദരമായ കാലാവസ്ഥ. പുൽത്തകിടിയിലൂടെ നടന്ന് നടന്ന് കുന്നിൻമുകളിൽ എത്തുമ്പോഴും കിതപ്പറിയുന്നില്ല. 
ഞങ്ങളുടെ കശ്മീർ കാഴ്ച്ചച അവസാനിച്ചിരിക്കുകയാണ്. ദാൽ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബാൽ മസ്ജിദിൽ മഗ്രിബ് നമസ്‌കരിച്ച് പുറത്തു കടന്നു. ഡ്രൈവർ പറഞ്ഞു, നമുക്ക് മുഗൾ ഗാർഡൻ കൂടി സന്ദർശിച്ച് മടങ്ങാം പക്ഷേ ഞങ്ങൾ എത്തിപ്പെട്ടപ്പോഴേക്കും അത് അടച്ചിരുന്നു. പിന്നെ നേരെ റൂം നിൽക്കുന്ന മംമ്താ ചൗക്കിലേക്ക്. അവിടെനിന്ന് കുറച്ച് കശ്മീർ സ്വീറ്റ്‌സും വാങ്ങി റൂമിലേക്ക് .....
ഇത്രയും വലിയ മനോഹര കാഴ്ചകൾ കണ്ട നിർവൃതിയിൽ 25 ന് ഞങ്ങൾ കശ്മീരിനോട് വിട പറഞ്ഞു. 
രാത്രി 12 മണിക്കാണ് ട്രെയിൻ. ജമ്മു താവിയിൽ നിന്ന് നേരിട്ട് പാലക്കാട്ടേക്ക്  ഹിമസാഗർ. ദൂരം 3257 കിമീ. ഏകദേശം രണ്ടര ദിവസത്തെ യാത്രക്കൊടുവിൽ ഞങ്ങൾ 28 ന്  ഉച്ചക്ക് പാലക്കാട്ട് എത്തിച്ചേർന്നു. 

(അവസാനിച്ചു)  

Latest News