Sorry, you need to enable JavaScript to visit this website.

റോഡുകൾ തകരുന്നു, വഴികൾ അടയുന്നു

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ജനജീവിതത്തെ മന്ദഗതിയിലാക്കുന്നു. സ്പീഡ് റെയിലിനെ കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ, റോഡുകളിലൂടെ വേഗത്തിൽ എത്താൻ കഴിയാത്തതിന് കാരണം ട്രാഫിക് ജാമുകളാണെന്ന കാരണം കണ്ടെത്തുന്നു. ഇത്തരം ജാമുകൾക്കുള്ള കാരണങ്ങളിലൊന്ന് തകർന്ന റോഡുകളാണെന്ന് തിരിച്ചറിയാതെ പോകുന്നു. കുഴികൾ കാരണം യാത്ര മന്ദഗതിയിലാകുമ്പോൾ നാട്ടുവഴികളിൽ പോലും ട്രാഫിക് ജാം രൂപപ്പെടുന്നു.

 


നാടിന്റെ വികസനത്തിന്റെ പ്രധാന ഭാഗമായ റോഡുകൾ തകർന്നു കിടക്കുന്നത് ജനജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞും കുഴികൾ നിറഞ്ഞും റോഡുകൾ ഗതാഗത യോഗ്യമല്ലാതായി മാറുകയാണ്. മലബാറിലെ ഒട്ടുമിക്ക ജില്ലകളിലും ഇതു തന്നെയാണ് സ്ഥിതി. ഒരു കാലത്ത് സംസ്ഥാനത്തു തന്നെ മികച്ച റോഡുകളുണ്ടായിരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രധാന പാതകൾ പോലും ഗതാഗത യോഗ്യമല്ലാതായി മാറുകയാണ്. ഏറെ കാലമായി അറ്റകുറ്റപ്പപണികൾ നടക്കാത്തതിനാൽ പാതകളുടെ തകർച്ച വർധിച്ചുകൊണ്ടിരിക്കുന്നു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി രണ്ടു കൊല്ലത്തിലേറെയായി മലബാറിലെ ദേശീയ പാതകൾ തകർന്നു കിടക്കുകയാണ്. പുതിയ മേൽപാലങ്ങൾ, കൾവർട്ടുകൾ, അടിപ്പാതകൾ തുടങ്ങിയവയുടെ നിർമാണം നടക്കുന്നതിനാൽ നിലവിലുള്ള റോഡുകൾ പാടെ തകർന്നു കിടക്കുകയാണ്. ദേശീയ പാതയുടെ നിർമാണം കഴിഞ്ഞാൽ മികച്ച റോഡുകൾ ലഭിക്കുമെങ്കിലും അതിനായി എത്രകാലം ജനങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.
മലബാറിന്റെ പടിഞ്ഞാറൻ പ്രദേശത്തു കൂടി കടന്നു പോകുന്ന പ്രധാന ദേശീയ പാതയിലൂടെയുള്ള ഗതാഗതം ഇപ്പോൾ ദുഷ്‌കരവും അപകടം നിറഞ്ഞതുമാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടത്തും റോഡുകൾ വഴി തിരിച്ചു വിടുന്നുണ്ട്. എന്നാൽ ഈ പ്രദേശത്തെ റോഡുകളെ കുറിച്ച് അറിവില്ലാത്ത ദീർഘദൂര യാത്രക്കാർ പലപ്പോഴും ഈ വഴി തിരിച്ചുവിടലിൽ വലയുന്നു. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ ഇത്തരം ഡൈവർഷനുകൾ കാണാൻ പലർക്കും കഴിയാറില്ല. ഇത് അപകടങ്ങളിലേക്ക് വഴിവെക്കുന്നുമുണ്ട്.
സംസ്ഥാന പാതകൾ തകർന്നു തുടങ്ങിയിട്ട് വർഷങ്ങളായി. റോഡുകൾ താഴ്ന്നു കിടക്കുന്ന ഭാഗങ്ങൾ മിക്കവാറും തകർന്ന നിലയിലാണ്. മഴക്കാലത്ത വെള്ളക്കെട്ടുകൾ ഈ ഭാഗങ്ങളിൽ റോഡിന് ബലക്ഷയമുണ്ടാക്കുകയും തകർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. അഞ്ചു വർഷങ്ങൾക്ക് മുമ്പുണ്ടായ പ്രളയത്തിന്റെ ആഘാതം റോഡുകളിൽ ഇപ്പോഴും പ്രകടമാണ്. പലയിടത്തും കുറ്റമറ്റ രീതിയിലുള്ള പുനർനിർമാണം നടന്നിട്ടുമില്ല. മലബാറിലെ പ്രധാന പാതകളിലൊന്നായ പെരുമ്പിലാവ്-നിലമ്പൂർ പാതയിൽ ഗതാഗതം ഏറെ ദുഷ്‌കരമാണ്. ഇതിൽ പട്ടമ്പി-പെരിന്തൽമണ്ണ റൂട്ടിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന റോഡ് തകർച്ചക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ എം.എൽ.എയുടെ നേതൃത്വത്തിൽ പദയാത്ര നടന്നത് അടുത്തിടെയാണ്. പലയിടങ്ങളിലും നാട്ടുകാർ റോഡിലെ കുഴികളിൽ വാഴ വെച്ചും കല്ലുകളിട്ടും പ്രതിഷേധിക്കുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകൾ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി യാത്ര ചെയ്യുന്ന വഴികളാണ് ഇങ്ങനെ തകർന്നു കിടക്കുന്നത്.
ഗ്രാമീണ റോഡുകളുടെ സ്ഥിതി അതിദയനീയമാണ്. കുണ്ടുംകുഴികളും നിറഞ്ഞ് പലയിടത്തേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പോലും കഴിയാതായിട്ടുണ്ട്. റോഡുകളുടെ മോശം അവസ്ഥ മൂലം ഓട്ടോ റിക്ഷകൾ ഓട്ടം പോകാൻ മടിക്കുന്ന പ്രദേശങ്ങൾ നിരവധി. പലയിടത്തും വലിയ വാഹനങ്ങളെ വിലക്കിക്കൊണ്ടുള്ള ബോർഡുകളും കാണാം.
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ല് പോലെ, നാട്ടിലെ റോഡുകൾ കണ്ടാൽ ഭരണകൂടത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കാര്യക്ഷമമില്ലായ്മയും അറിയാം. കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനം എന്ന മന്ത്രിമാരുടെ വാക്കുകളെ തകർന്ന റോഡുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊതുമരാമത്ത് കരാറുകാർക്ക് കോടികൾ കുടിശ്ശിഖയായി നൽകാനുള്ളതുകൊണ്ട് ചെറുകിട കരാറുകാർ ഇപ്പോൾ താൽപര്യമെടുക്കുന്നില്ല. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് മുമ്പെല്ലാം കരാറുകാർ സർക്കാരിലും ഉദ്യോഗസ്ഥരിലും സമ്മർദം ചെലുത്താറുണ്ട്. എന്നാൽ ചെയ്തുതീർത്ത ജോലികൾക്ക് പണം ലഭിക്കുന്നില്ലെന്നായതോടെ അവർ ഉൽസാഹിക്കുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള യാത്രയുടെ ഭാഗമായി മലബാറിലെ ഗ്രാമീണ റോഡുകളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. നിയോജക മണ്ഡലം തലങ്ങളിൽ നടക്കുന്ന നവകേരള സദസ്സിൽ നാട്ടിൻപുറങ്ങളിൽ നിന്ന് പരാതിക്കാർക്ക് എത്താൻ വേണ്ടിയാണ് ഈ താൽക്കാലിക സംവിധാനം. എന്നാൽ താൽക്കാലികമായുള്ള ഈ കുഴിക്കൽ പരമാവധി അടുത്ത മഴക്കാലം വരെ നിലനിൽക്കും. അതു കഴിഞ്ഞാൽ വീണ്ടും പഴയപടിയാകും. ദീർഘകാലത്തേക്ക് റോഡുകൾ മികച്ചതാക്കി പുനർനിർമിക്കാനുള്ള പദ്ധതികളൊന്നും പ്രാദേശിക തലങ്ങളിൽ നടക്കുന്നില്ല. ഇത്തരത്തിൽ തുടങ്ങിവെച്ച ജോലികളാകട്ടെ, പലയിടത്തും പാതിവഴിയിൽ നിൽക്കുകയുമാണ്. താൽക്കാലികമായി കുഴിയടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് പകരം പ്രധാന റോഡുകളെങ്കിലും മികച്ച രീതിയിൽ പുനർനിർമിച്ച് ഗതാഗത യോഗ്യമാക്കാനും ദീർഘകാലത്തേക്ക് നിലനിർത്താനും കഴിയണം. സർക്കാർ നിർമിക്കുന്ന റോഡുകൾ മറ്റു സർക്കാർ ഏജൻസികൾ തന്നെ വെട്ടിപ്പൊളിക്കുന്നതിന് അറുതി വരണം. ജലവിതരണത്തിനും ഡാറ്റാ കാബിളുകൾക്കുമായി റോഡുകൾ വശങ്ങളിലും കുറുകെയും കീറിമുറുക്കുന്നത്, നിരന്തരമായ വിമർശനങ്ങൾക്കിടയിലും തുടരുകയാണ്. സ്വകാര്യ ഏജൻസികൾ യാതൊരു കരുതലുമില്ലാതെയാണ് ഈ തകർക്കൽ നടത്തുന്നത്. വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാമെന്ന് അവർ ഉറപ്പ് നൽകാറുണ്ടെങ്കിലും അത് നടക്കാറില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് ഇപ്പോഴും ഈ സാമൂഹ്യ ദ്രോഹം ആവർത്തിക്കാൻ ഇടയാക്കുന്നു.
ഗൂഗിൾ മാപ്പിൽ നോക്കി വാഹനമോടിക്കുന്നവർ ചുറ്റിക്കറങ്ങുന്ന നാടായി കേരളം മാറിയിരിക്കുന്നു. തകരാത്ത വഴികളും ട്രാഫിക്ക് ജാമില്ലാത്ത റോഡുകളുമാണ് ഗൂഗിൾ പറഞ്ഞു കൊടുക്കുന്നത്. ഇത്തരം വഴികൾ കുറഞ്ഞതോടെ, താരതമ്യേന മെച്ചപ്പെട്ട റോഡുകളാണ് ഗൂഗിൾ നിർദേശിക്കുന്നത്. ഇത് മൂലം അപരിചിതമായ റോഡുകളിലൂടെ ചുറ്റിത്തിരിഞ്ഞാണ് യാത്രകൾ. സ്ഥലങ്ങളെ കുറിച്ച് ധാരണയില്ലാത്തവർ ഇത്തരം വഴികളിലൂടെ പോകുമ്പോൾ പലപ്പോഴും ലക്ഷ്യം തെറ്റും. റോഡിലൂടെ പോകുന്നതിന് പകരം പുഴക്കടവുകളിൽ ചെന്നെത്തുന്ന യാത്രകൾ ഇത് കാരണം ഒട്ടേറെയുണ്ട്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ജനജീവിതത്തെ മന്ദഗതിയിലാക്കുന്നു. സ്പീഡ് റെയിലിനെ കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ, റോഡുകളിലൂടെ വേഗത്തിൽ എത്താൻ കഴിയാത്തതിന് കാരണം ട്രാഫിക് ജാമുകളാണെന്ന കാരണം കണ്ടെത്തുന്നു. ഇത്തരം ജാമുകൾക്കുള്ള കാരണങ്ങളിലൊന്ന് തകർന്ന റോഡുകളാണെന്ന് തിരിച്ചറിയാതെ പോകുന്നു. കുഴികൾ കാരണം യാത്ര മന്ദഗതിയിലാകുമ്പോൾ നാട്ടുവഴികളിൽ പോലും ട്രാഫിക് ജാം രൂപപ്പെടുന്നു.
റോഡുകളുടെ വികസനത്തിന് കുറെ കൂടി ശാസ്ത്രീയമായ സമീപനം ആവശ്യമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളെ കൂടി പങ്കാളികളാക്കിയുള്ള ഇടപെടലാണ് ഗ്രാമീണ തലങ്ങളിൽ ആവശ്യം. റോഡുകൾ ഘട്ടംഘട്ടമായി പുനർനിർമിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. നിർമാണം കുറ്റമറ്റതും ദീർഘകാലത്തേക്ക് ഗുണം ലഭിക്കുന്നതുമാകണം. ദേശീയ പാതയുടെ വികസനം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിൽ സംസ്ഥാന ഭരണകൂടം സമ്മർദം ചെലുത്തണം. സംസ്ഥാന പാതകളുടെ വികസനത്തിന് ഫണ്ട് കണ്ടെത്തിയെ തീരു. കൈയിൽ പണമില്ലെന്ന് പറഞ്ഞ് മാറ്റിവെക്കേണ്ട ഒന്നല്ല റോഡുകളുടെ വികസനം. അത് നാടിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.

Latest News