Sorry, you need to enable JavaScript to visit this website.

ഇന്ത്യയെ രക്ഷിക്കാൻ 'ഇന്ത്യ മുന്നണി'ക്കാകുമോ?

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി ദുർബലമായെന്നും കോൺഗ്രസ് ശക്തമായി എന്നും അതിനാൽ തന്നെ 2019 നേക്കാൾ ശക്തമായ പോരാട്ടം 2024 ൽ കാഴ്ച വെക്കാനാകുമെന്നുമുള്ള ധാരണക്ക് തിരിച്ചടി തന്നെയാണ് മൂന്നു സംസ്ഥാനങ്ങളിലെ ഫലങ്ങൾ നൽകുന്ന സൂചന. ഭാരത് ജോഡോ യാത്ര വൻ വിജയമായെങ്കിലും അത് ലോക്‌സഭ വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന സംശയത്തിനു ഈ ഫലങ്ങൾ ആക്കം കൂട്ടുന്നു. 

 

ജനാധിപത്യ മതേതര ശക്തികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ തെരഞ്ഞെടുപ്പു ഫലമാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നിന്നു പുറത്തു വന്നിരിക്കുന്നത്. ഉത്തരേന്ത്യയിൽ തങ്ങളുടെ കാവിരഥത്തെ പിടിച്ചുകെട്ടാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ഒരിക്കൽ കൂടി ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ആ രഥത്തിന് ദക്ഷിണേന്ത്യയിലേക്ക് പ്രവേശനമില്ല എന്ന പ്രഖ്യാപനമാണ് തെലങ്കാനയിലൂടെ നാം കേൾക്കുന്നത്. അതിലൂടെ രാജ്യത്ത് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വൈരുധ്യം കൂടുതൽ രൂക്ഷമാകുകയാണ്. അതങ്ങനെ തന്നെയാണ് വേണ്ടതുതാനും. 
ലോക്‌സഭ തെരഞ്ഞെടു്പ്പ് ആസന്നമായ വേളയിലാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത് എന്നതാണ് പ്രധാനം. 2018 ലും അങ്ങനെയായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കർഷകസമരം സൃഷ്ടിച്ച അന്തരീക്ഷം നിലവിലുണ്ടായിരുന്നു  അന്ന് ഈ മൂന്നു സംസ്ഥാനങ്ങളിലും ജയിച്ച ഊർജത്തോടെയായിരുന്നു കോൺഗ്രസും സഖ്യകക്ഷികളും ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നിട്ടും പരാജയമായിരുന്നു ഫലം. ആ നിലക്ക് ഇത്തവണ സ്ഥിതി അതിനേക്കാൾ പരിതാപകരമാകില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ബിജെപിക്കും കോൺഗ്രസിനും മാറിമാറി ഭരണം കൈമാറുന്ന പ്രവണതയാണ് പൊതുവിൽ രാജസ്ഥാനിൽ നിലനിൽക്കുന്നത്. അതു തന്നെയാണ് ഇക്കുറിയും സംഭവിച്ചിരിക്കുന്നത്. മുമ്പു പലപ്പോഴും ബിജെപിക്ക് നേടാനായ വൻ ഭൂരിപക്ഷം ഇത്തവണ കിട്ടിയിട്ടില്ലതാനും. അപ്പോഴും നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ ഗലോട്ടിനു ഇത്തവണ ഭരണ തുടർച്ചയുണ്ടാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാലതു സംഭവിച്ചില്ല. തീർച്ചയായും ഗാലോട്ടും സചിൻ പൈലറ്റുമായുള്ള ഗ്രൂപ്പിസവും കോൺഗ്രസിനു തിരിച്ചടിയായി. എത്ര ശ്രമിച്ചിട്ടും അതിനു പരിഹാരം കാണാൻ ഹൈക്കമാന്റിനു കഴിഞ്ഞില്ല. ഒരുപക്ഷേ സചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ വിജയസാധ്യതയുണ്ടയിരുന്നു. 

മധ്യപ്രദേശിലും കഴിഞ്ഞ തവണ കോൺഗ്രസിനായിരുന്നു വിജയം. എന്നാൽ രാജസ്ഥാനിലെ ഗലോട്ട് - സചിൻ ഗ്രൂപ്പിസം പോലെ തന്നെയായിരുന്നു അവിടെ കമൽനാഥ് - ജ്യോതിരാജസിന്ധ്യ ഗ്രൂപ്പിസം. തുടർന്ന് സിന്ധ്യയും അനുയായികളും ബിജെപിയിലേക്ക് പോകുകയും മന്ത്രിസഭ അട്ടിമറിക്കപ്പെടുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.  ഇപ്പോഴിതാ വലിയ ഭൂരിപക്ഷത്തോടെ അവർ തുടർഭരണവും നേടിയിരിക്കുന്നു. തങ്ങളെ സഹായിക്കുമെന്നു കരുതിയ കാസ്റ്റ് സെൻസസ് പോലും കോൺഗ്രസിനെ തുണച്ചില്ല. അക്കാര്യത്തിലാകട്ടെ കമൽനാഥ് പ്രതിക്കൂട്ടിലാണ്. ഹിന്ദുത്വം ഉയർത്തിപ്പിടിക്കുന്ന ബിജെപിയോട് അതു തന്നെയുയർത്തി ഏറ്റുമുട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം അത്തരത്തിലായിരുന്നു. ദേശീയ നേതൃത്വം കാസ്റ്റ് സെൻസസിനെ കുറിച്ച് സംസാരിക്കുമ്പോഴും കമൽനാഥ് അതേക്കുറിച്ച് കാര്യമായി മിണ്ടിയില്ല. ഭോപാലിൽ നടത്താൻ തീരുമാനിച്ച ഇന്ത്യ സഖ്യം റാലി റദ്ദാക്കിയതിനു കാരണം കമൽനാഥായിരുന്നു. ഹിന്ദുത്വം പറയാൻ ഒരു പാർട്ടിയുള്ളപ്പോൾ പിന്നെന്തിന് നിങ്ങളും അതു പറയുന്നു എന്നായിരിക്കാം വോട്ടിലൂടെ ജനങ്ങൾ ചോദിച്ചത്. 

രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെട്ടാൽ പോലും ഛത്തീസ്ഗഡ് നേടാനാകുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. ഏറെക്കാലത്തെ ബിജെപി കുത്തക തകർത്തായിരുന്നു 2018 ൽ കോൺഗ്രസ് അവിടെ വിജയം നേടിയത്. ഭേദപ്പെട്ട രീതിയിൽ ഭരിക്കാനും വിവിധ ജനവിഭാഗങ്ങളെ കൂടെ നിർത്താനും കഴിഞ്ഞതായി അവർ വിശ്വസിച്ചിരുന്നു. ബിജെപിക്ക് ശക്തമായ നേതൃത്വം ഇല്ലാത്തതും കോൺഗ്രസിനു പ്രതീക്ഷ നൽകി. ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഭരണം നിലനിർത്താൻ അവർക്കായില്ല. തുടക്കത്തിൽ പറഞ്ഞ പോലെ തെലങ്കാനയിലെ കോൺഗ്രസിന്റെ ജയം ഇന്ത്യയെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി രാഷ്ട്രീയമായി വിഭജിക്കുകയാണ്. തമിഴ്‌നാട്ടിലും തെലങ്കാനയിലും പ്രാദേശികപാർട്ടികളുടെ സഹായത്തോടെ സാന്നിധ്യമുണ്ടാക്കാൻ ആന്ധ്രയിലും ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അതും വിജയിക്കാനായില്ല. ഇന്ത്യയിൽ നടക്കുന്ന വ്യക്തമായ ഈ രാഷ്ട്രീയ വിഭജനം ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ പ്രത്യേകമായി തന്നെ ചർച്ച ചെയ്യേണ്ടതാണ്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി ദുർബലമായെന്നും കോൺഗ്രസ് ശക്തമായി എന്നും അതിനാൽ തന്നെ 2019 നേക്കാൾ ശക്തമായ പോരാട്ടം 2024 ൽ കാഴ്ച വെക്കാനാകുമെന്നുമുള്ള ധാരണക്ക് തിരിച്ചടി തന്നെയാണ് മൂന്നു സംസ്ഥാനങ്ങളിലെ ഫലങ്ങൾ നൽകുന്ന സൂചന. ഭാരത് ജോഡോ യാത്ര വൻ വിജയമായെങ്കിലും അത് ലോക്‌സഭ വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന സംശയത്തിനു ഈ ഫലങ്ങൾ ആക്കം കൂട്ടുന്നു. ഏറെ പ്രതീക്ഷയുണർത്തി രൂപംകൊണ്ടിരിക്കുന്ന ഇന്ത്യ മുന്നണിയാകട്ടെ ആ പേരിൽ രംഗത്തുണ്ടായിരുന്നില്ല. ഈ സംസ്ഥാനങ്ങളിൽ വലിയ ശക്തിയായതിനാൽ കോൺഗ്രസ് മറ്റു കക്ഷികളെ പരിഗണിച്ചതു പോലുമില്ല എന്ന ആരോപണത്തിൽ കഴമ്പുണ്ട്. അതിനാൽ തന്നെ ഒന്നിച്ചു നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നണിക്കാകുമെന്നു കരുതാനാവില്ല. എന്തായാലും ഫലം വന്നയുടൻ  ആറാംതീയതി തന്നെ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. ഈ ഫലങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ട് ഗുണകരമായ എന്തെങ്കിലും മാറ്റമുണ്ടായാൽ നന്ന്. ഈ ഫലങ്ങളിൽ കാര്യമായ തകർച്ചയുണ്ടായിരിക്കുന്നത് മധ്യപ്രദേശിൽ മാത്രമാണെന്നതും മറക്കേണ്ടതില്ല. 

മറുവശത്ത് ഒറ്റനേതാവിൽ കേന്ദ്രീകരിക്കുന്ന ഹിന്ദുത്വ രാ ഷ്ട്രീയമാണ് ബിജെപിയുടെ ഇപ്പോഴത്തെയും തുറുപ്പുചീട്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം മത്സരിച്ചത് ബിജെപിയല്ല, മോഡിയാണെന്നു തന്നെ പറയാം. മോഡിയും കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളുമായിട്ടായിരുന്നു മത്സരം. ഖാർഗെക്കോ രാഹുലിനോ ജനസ്വാധീനത്തിൽ മോഡിയുടെ ഏഴയലത്തുപോലും എത്താനായിട്ടില്ല എന്നു തന്നെയാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന. 2019 ലെ തെരഞ്ഞെടുപ്പു സമയത്തേക്കാൾ മെച്ചപ്പെട്ട പ്രതിഛായ കോൺഗ്രസിനും ഈ നേതാക്കൾക്കും ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും  പോളിംഗ് സ്‌റ്റേഷനുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നതു തന്നെയാണ് യാഥാർത്ഥ്യം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ അതിനു മാറ്റം വന്നാൽ നല്ലത് എന്നേ ഇപ്പോൾ പറയാനാവൂ. 

തീർച്ചയായും ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള വലിയ ഊർജം തന്നെയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ഇത്തവണ ബിജെപി വോട്ടുചോദിക്കാൻ പോകുന്നത് മോഡിക്കും രാമനും വേണ്ടിയായിരിക്കും എന്നാണ് സൂചന. ജനുവരിയിൽ അയോധ്യയിലെ പുതിയ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് വാർത്ത. അതിന്റെ ലക്ഷ്യം വ്യക്തം.  രണ്ട് എംപിമാരിൽ നിന്ന് ബിജെപിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ അടിത്തറ തന്നെ അയോധ്യയും ബാബ്‌രി മസ്ജിദ് തകർക്കലുമായിരുന്നല്ലോ. ഇപ്പോഴിതാ ആർ എസ് എസ് രൂപീകരണത്തിന്റെ നൂറാം വർഷമടുക്കുമ്പോൾ വൻ ഭൂരിപക്ഷം നേടാനും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനും അവർ ഊന്നാൻ പോകുന്നത് രാമനിൽ തന്നെയായിരിക്കും. മറുവശത്താകട്ടെ ചന്ദ്രയാനിലൂടെയും ആദിത്യയിലൂടെയും  തങ്ങൾ ശാസ്ത്രത്തിനും എതിരല്ല എന്നു സമർത്ഥിക്കാനും ശ്രമിക്കുന്നു. ജിഡിപിയുടെ ഏതൊക്കെയോ കണക്കുകളിലൂടെ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നു അവകാശപ്പെടുന്നു. സാധാരണ നിലയിലുള്ള ഏതൊക്കെയോ അന്താരാഷ്ട്ര സമ്മേളനങ്ങളിലൂടെ മോഡി ലോകനേതാവാണെന്നും സമർത്ഥിക്കുന്നു. പാക്കിസ്ഥാെനയും ചൈനയെയും ചൂണ്ടിക്കാട്ടി ദേശീയ വികാരം കൂടി ഉത്തേജിപ്പിക്കാനും ശ്രമിക്കുന്നു. ഒപ്പം എല്ലാറ്റിന്റേയും അടിത്തറ ആർഷഭാരത സംസ്‌കാരത്തിലുണ്ടെന്നും. ഇതിന്റെയെല്ലാം വിശ്വാസത്തിലാണ് അടുത്ത ഓഗസ്ത് 15 നും താൻ തന്നെയായിരിക്കും ത്രിവർണ പതാക ഉയർത്തുക എന്നു മോഡി പ്രഖ്യാപിച്ചത്.

മോഡിയുടെ ഈ സ്വപ്‌നം തകർക്കാൻ ജനാധിപത്യ മതേതര ഇന്ത്യക്കാകുമോ എന്നതാണ് അവശേഷിക്കുന്ന ഏക ചോദ്യം. ഇന്ത്യ നിലനിൽക്കണോ എന്ന ചോദ്യം തന്നെയാണത്. ഇന്നത്തെ സാഹചര്യത്തിൽ അതിനുള്ള ഉത്തരം നൽകേണ്ടത് ഇന്ത്യ സഖ്യം തന്നെയാണ്. 

Latest News