Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം

കൊച്ചി - ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന ദമ്പതികളുടെ തര്‍ക്കം കലാശിച്ചത് പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍. എളമക്കരയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് ആലപ്പുഴ സ്വദേശിയായ അശ്വതിയും കണ്ണൂര്‍ സ്വദേശിയായ ഷാനിഫും അടുപ്പത്തിലായത്. അശ്വതിയും കണ്ണൂര്‍ സ്വദേശിയായ ഷാനിഫും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം. അശ്വതി നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതോടെ അശ്വതിയും ഷാനിഫും തമ്മില്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും താനൊന്നുമറിയില്ലെന്നുമുളള നിലപാടിലാണ് അശ്വതി.  താന്‍ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന്  അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. കഴിഞ്ഞ ദിവസം രാവിലെയാണ് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.  തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട ഡോക്ടറാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എളമക്കര പോലീസ് പറഞ്ഞു.

 

Latest News