Sorry, you need to enable JavaScript to visit this website.

ചെന്നൈയിൽ പ്രളയത്തിനിടെ റോഡിൽ മുതല; ജനങ്ങൾ പരിഭ്രാന്തിയിൽ, അധികൃതർ പറയുന്നത്...

ചെന്നൈ - ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ തുടർച്ചയെന്നോണമുള്ള അതിതീവ്ര മഴയിൽ ചെന്നൈയിലെ ജനങ്ങളിൽ ഭീതി പരത്തി മുതലയും. വെള്ളക്കെട്ടിൽനിന്നും മഴക്കെടുതിയിൽനിന്നും രക്ഷ തേടി ജനങ്ങൾ പുതിയ അഭയകേന്ദ്രം തേടുമ്പോഴാണ് റോഡിലെ വെള്ളക്കെട്ടിൽ മുതലയെ കണ്ടത്.
 നഗരത്തിലെ പെരുങ്ങലത്തൂർ ഭാഗത്തെ റോഡിൽ രാത്രിയാണ് മുതലയെ കണ്ടെത്തിയത്. വേലമ്മൽ ന്യൂ ജെൻ സ്‌കൂളിന് സമീപം ഒരു ഭീമൻ മുതല റോഡ് മറിച്ചുകടക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ ആളുകളിൽ പ്രളയത്തോടൊപ്പം മുതല ഭീതികൂടി പരന്നിരിക്കുകയാണ്. 
 കനത്ത മഴയിൽ നഗരവീഥികളെല്ലാം വെള്ളത്തിനിടയിലായി ചെന്നൈ മേഖലയിലെ ആറ് ഡാമുകൾ ശേഷിയുടെ 98 ശതമാനവും നിറഞ്ഞു പലേടത്തും വെള്ളപ്പൊക്കം അനുഭവപ്പെടുകയാണിപ്പോൾ. ഡാമുകളും ജലാശയങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞപ്പോൾ മുതലയും ഒഴുകിയെത്തിയതാവുമെന്നാണ് കരുതുന്നത്. പക്ഷേ, ഇത് ജനങ്ങളിൽ പരിഭ്രാന്തി കൂട്ടിയിരിക്കുകയാണ്. മേഖലയിൽ അതിശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ആഞ്ഞുവീശുകയാണ്.
 അതിനിടെ, മുതലയെ കണ്ട സംഭവത്തിൽ പ്രതികരിച്ച് പരിസ്ഥിതി വ്യതിയാനത്തിന്റെയും വനത്തിന്റെയും ചുമതലയുള്ള തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു രംഗത്തെത്തി. മുതലയെ കാണുകയാണെങ്കിൽ ആരും അടുത്തേക്ക് പോകരുതെന്ന് അവർ അഭ്യർത്ഥിച്ചു. ഈ മുതലകൾ മനുഷ്യരുമായി സമ്പർക്കം ഒഴിവാക്കുന്ന ലജ്ജാശീലരായ ജീവികളാണ്. ചെന്നൈയിലെ പല ജലാശയങ്ങളിലും കുറച്ച് മഗർ മുതലകളുണ്ട്. ഇവ ലജ്ജാശീലരായ ജീവികളാണ്. മനുഷ്യ സമ്പർക്കം ഒഴിവാക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ പെയ്ത കനത്ത മഴയിൽ വെള്ളം കവിഞ്ഞ് ഒഴുകിയതിനാലാണ് ഇവ പുറത്തേക്കു വന്നത്. അതിനാൽ, ദയവായി ജലാശയങ്ങളുടെ അടുത്തേക്ക് പോകരുത്. ഈ ജീവികളെ വെറുതെ വിടുക. ഒരിക്കലും പ്രകോപിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ മനുഷ്യർക്ക് ഒരു ദോഷവും ഉണ്ടാകാനിടയില്ല. പരിഭ്രാന്തരാവേണ്ടതില്ലെന്നും വന്യജീവി വിഭാഗത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ പ്രവർത്തിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. അതിനിടെ, ചെന്നൈയിലേത് എന്ന പേരിൽ വീടുകൾക്ക് ഇടയിലെ വെള്ളക്കെട്ടിലൂടെ മുതല നീന്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇത് ചെന്നൈയിലേതല്ല, മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ 2022 ആഗസ്തിൽ നടന്നതാണ്. ഈ വിഡീയോ ബെംഗളൂരു, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്നും പ്രചാരമുണ്ടായിരുന്നു.

Latest News