കൊച്ചി- എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ എഴുപുന്ന സ്വദേശിനി അശ്വനി ഓമനക്കുട്ടൻ, സുഹൃത്ത് കണ്ണൂർ ചക്കരക്കല്ല് സ്വദേശി വി.പി ഷാനിഫിനെയുമാണ് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. കൊലപാതകമാണെന്ന് സംശയിക്കുന്നു.
ഒന്നര മാസം പ്രായമുള്ള ആൺ കുട്ടിയെ കഴിഞ്ഞ ദിവസമാണ് കലൂർ കറുകപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുമായി കറുകപ്പിള്ളിയിലെ ലോഡ്ജിൽ ഒന്നാം തീയതി മുതൽ താമസിച്ചുവരികയായിരുന്നു ഇരുവരും. പാൽ കുടിച്ചശേഷം കുട്ടി ഉറങ്ങിയെന്നും പിന്നീട് ഉണർന്നില്ലെന്നും പറഞ്ഞ് ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടപ്പോൾ ഡോക്ടർക്ക് സംശയം തോന്നി. ഉടൻ നോർത്ത് പോലീസിനെ വിവരം അറിയിച്ചു. തലയിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടി മറ്റൊരുബന്ധത്തിലുള്ളതാണെന്ന് കണ്ണൂർ സ്വദേശി പറഞ്ഞു. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്. എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലാണ്അന്വേഷണം.