ലണ്ടന്‍- പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈ ജീവനക്കാരെ കുറക്കുന്നു. ആഗോള തലത്തില്‍ 17% വെട്ടിക്കുറവാണ് വരുത്തുന്നതെന്നും കമ്പനി ലാഭകരമാക്കാന്‍ ചെലവ് കുറയ്ക്കുകയാണെന്നുമാണ് അറിയിപ്പ്.
'തന്ത്രപരമായ പുനഃക്രമീകരണ'ത്തിന്റെ ഭാഗമായി ജോലികള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് തിങ്കളാഴ്ച കമ്പനിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സിഇഒ ഡാനിയല്‍ ഏക് പറഞ്ഞു. എത്ര ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 1,500 പേരെ ബാധിക്കുമെന്നാണ് സൂചന.
സ്‌പോട്ടിഫൈ ബിസിനസ് വിപുലീകരിക്കുന്നതിന് വലിയതോതില്‍ പണം മുടക്കിയിരുന്നു. 2020ലും 2021ലും ജീവനക്കാര്‍, ഉള്ളടക്കം, മാര്‍ക്കറ്റിംഗ് എന്നിവയില്‍ കാര്യമായി നിക്ഷേപം നടത്തി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയതോടെ കമ്പനി കുടുങ്ങിയതായി സി.ഇ.ഒ സൂചിപ്പിച്ചു. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കും.
മൊത്തം ജീവനക്കാരുടെ ആറ് ശതമാനം പേരെ ഒഴിവാക്കുന്നതായി ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ജൂണില്‍, പോഡ്കാസ്റ്റ് ഡിവിഷനിലെ 200 ജീവനക്കാരേയും പിരിച്ചുവിട്ടിരുന്നു.
ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ, ഐബിഎം തുടങ്ങിയ ടെക് കമ്പനികള്‍ ഈ വര്‍ഷം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.