ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചു

ജക്കാര്‍ത്ത- അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ പതിനൊന്ന് പര്‍വതാരോഹകര്‍ മരിച്ചു. ലാവാ പ്രവാഹം ശക്തമായതോടെ കാണാതായ 12 പേര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 

പടിഞ്ഞാറന്‍ സുമാത്രയിലെ മറാപി അഗ്നിപര്‍വ്വത സ്‌ഫോടനം ഞായറാഴ്ചയാണ് ആരംഭിച്ചത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75ഓളം പര്‍വതാരോഹകര്‍ ആ സമയത്ത് പര്‍വതത്തിനുമുകളില്‍ അങ്ങിങ്ങായി കുടുങ്ങിയിരുന്നു.

2,891 മീറ്റര്‍ ഉയരമുള്ള അഗ്നിപര്‍വ്വതം വായുവിലേക്ക് 3 കിലോമീറ്റര്‍ (9,843 അടി) വരെ ഉയരത്തില്‍ ചാരം വിതറി. പരിസരവാസികള്‍ ഗര്‍ത്തത്തിന്റെ 3 കിലോമീറ്റര്‍ ഉള്ളില്‍ പോകുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.

ഒഴിപ്പിച്ച പര്‍വതാരോഹകരെ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവരുടെ മുഖത്തും മുടിയിലും അഗ്നിപര്‍വ്വതത്തില്‍ നിന്ന് പാറിയ പൊടിയും പുകയും പുരണ്ടതായി ദൃശ്യങ്ങളിലുണ്ട്. 

പര്‍വതത്തിന്റെ മുകളില്‍നിന്ന് വീഴുന്ന ചാരം നിരവധി ഗ്രാമങ്ങളെ മൂടുകയും സൂര്യപ്രകാശം തടയുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് അബ്ദുല്‍ മുഹരി പറഞ്ഞു.

അധികാരികള്‍ മാസ്‌കുകള്‍ വിതരണം ചെയ്യുകയും അഗ്നിപര്‍വ്വത ചാരത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കണ്ണട ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പര്‍വ്വതാരോഹകരില്‍ 28 പേരെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചു. 

തിങ്കളാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ 11 പര്‍വതാരോഹകരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  രക്ഷപ്പെട്ട മൂന്ന് പേരെ ജീവനോടെ കണ്ടെത്താനുമായി.

Latest News