Sorry, you need to enable JavaScript to visit this website.

നവകേരള സഹകരണങ്ങൾ

നാടോടുമ്പോൾ നടുവേ ഓടണം. നവംബർ ഒന്നു മുതൽ നവകേരള സദസ്സ് 70 എം.എമ്മിൽ നിറഞ്ഞ സദസ്സിൽ നാടുനീളെ ഓടുന്നു. ദാ, വരുന്നു, പിന്നാലെ കേരള കുറ്റവിചാരണ സദസ്സ്. മറ്റു നിവൃത്തിയില്ല. പാലക്കാട്ടു കോൺഗ്രസിൽനിന്നും കോഴിക്കോട്, മലപ്പുറം ഇത്യാദി ജില്ലകളിൽ ലീഗിൽനിന്നും പലരും 'ബ്രേക്ക് ഫാസ്റ്റ്' കഴിക്കാൻ  'നവകേരള'ത്തിലെത്തുന്നു. ഇനിയും പല ജില്ലകളിലും ഇതിനായി പട്ടിണി കിടക്കുന്നവരുമുണ്ട്. ഇങ്ങനെ പോയാൽ യു.ഡി.എഫിന്റെ മുഖം സമ്പൂർണ മുടികൊഴിച്ചിൽ പിടിപ്പെട്ടതു പോലെയാകും. അത്രക്കു വേണ്ട. ചെണ്ടയ്ക്കു മേലേ മറ്റൊരു വാദ്യം കേൾക്കില്ലെങ്കിലും മാലപ്പടക്കവും ഗുണ്ടുംകൊണ്ടു തൽക്കാലം കാര്യം നടത്താം. 140 മണ്ഡലങ്ങളിലും മൊത്തം കുറ്റവിചാരണ തന്നെയാകാം. ഡിസംബർ ഒന്നാണ് ശുഭമുഹൂർത്തവും തീയതിയും. അങ്ങനെ മാസാന്ത്യം വരെ വിചാരണയുടെ പൂരം. പിണറായി വശംകെടാൻ ഇനി മരുന്നു വേറെ വേണ്ട. വിചാരണ സദസ്സിനു മേമ്പൊടിയായി പിരിവു പരിപാടി ഇനിയും നിശ്ചയിച്ചിട്ടില്ല. ഉണ്ടെങ്കിൽ തൂവെള്ള വസ്ത്രങ്ങളും വെള്ളച്ചിരിയും നാടെമ്പാടും കാണാം. ഇല്ലെങ്കിൽ നാട്ടുകാരുടെ ആശ്വാസച്ചിരി.
ടി സന്തോഷ വാർത്തയിൽ മുങ്ങിനിവരുന്നതിനിടയിൽ ഒറ്റമാസം കൊണ്ടു കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കും. അഞ്ചരക്കൊല്ലം കൊണ്ട് കഴിയാത്തത് ഡിസംബറിൽ സംഭവിക്കുമെങ്കിൽ 'ലോക റെക്കോർഡു'കളുടെ ഏതെങ്കിലും മൂലയ്ക്കു ഇച്ചിരി സ്ഥലം തരപ്പെടുത്താനും നോക്കണം. ഓരോ കവലയും ഓരോ മണ്ഡലമായി പ്രഖ്യാപിച്ചുകൊണ്ടാണ് പുനഃസംഘടന. എന്തൊരു ദീർഘ വീക്ഷണം! ഇതിലൊന്നും വീഴാതെ, കസേര സുരക്ഷിതമാക്കി ജില്ലാ പ്രസിഡന്റുമാരും വാഴുന്നുണ്ട്. ഒരു സാമ്പിൾ ഇതാ:- തലസ്ഥാന പ്രസിഡന്റ് ഇപ്പോൾ 'വോയ്‌സ് റെസ്റ്റ്' എടുക്കുകയാണത്രേ! പണ്ടൊക്കെ ജലദോഷവും ചുമയും വിശ്രമവും എന്നായിരുന്നു വിളിപ്പേര്. പരിഷ്‌കാരത്തിൽ നമ്മൾ സായ്പിനൊപ്പം നിൽക്കണം. വാർത്തകളിലും ചാനലുകളിലും വീഡിയോകളിലും മാത്രമല്ല, ഭാഷയിലും സാമർഥ്യത്തോടെ നിൽക്കണം. കോൺഗ്രസ് ഇക്കാര്യത്തിൽ വൈക്കം ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഗുഗ്ലൂരു'വാണ്. വല്യേട്ടൻ പാർട്ടി ആ കേഴ്‌സിനു പഠിക്കുകയാണെന്നു 'നവകേരള' പ്രയോഗങ്ങൾ കണ്ടാലറിയാം.
*** *** ***
ചില വാക്കുകൾക്കും പ്രവൃത്തികൾക്കും അർഥം പിടികിട്ടിയില്ലെങ്കിൽ, പിന്നെ 'പ്രതിഭാസം' എന്നേ വിളിക്കാനാകൂ. മുഖ്യന്റെ വാഹനത്തിനു മുന്നിലേക്കു ചാടുക; എന്നിട്ടു തല്ലു വാങ്ങുക. അതും ഒരു പ്രതിഭാസമാണ്. പൂച്ചട്ടിയും ഹെൽമെറ്റും കൊണ്ടും ഇനി മേലാൽ തല്ലരുത് എന്നു മുഖ്യൻ നിർദേശിച്ചത് അൽപം ഭയപ്പാടോടെയാണ് നാട്ടുകാർ കാണുന്നത്.
അടുത്തത് ഉലക്കയോ, മുള്ളുമുരിക്കിൻ തടിയോ കൊണ്ട് ആകുമോ? പിണറായി പിണങ്ങിയാൽ എന്തും ചെയ്യും എന്നാണ് പാർട്ടിയുടെ പഴമൊഴി.
യഥാർഥത്തിൽ വണ്ടിക്കു മുന്നിൽ ചാടിയ ആത്മഹത്യാ പ്രവണതയുള്ള യുവാക്കളെ ചെറുക്കാൻ രണ്ടു തരം 'ചട്ടി'കൾ ഉപയോഗിച്ചുവെന്നേയുള്ളൂ. അവ ഫലപ്രദമായി. അതിനാൽ അവയുടെ ഇത്തരം 'ഔഷധ ഗുണങ്ങൾ' പരിശോധിക്കുവാൻ അംഗീകൃത ലബോറട്ടറികളിലേക്ക് അയക്കേണ്ടതാണ്.
നവകേരള യാത്ര കൊണ്ട് പാറ പോലെ കടുംപിടിത്തക്കാരനായിരുന്ന മുഖ്യനു വന്നുചേർന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഓണം വരെ 'കറുപ്പ്' കണ്ടാൽ പിണങ്ങിയിരുന്ന  ആ പ്രകൃതം അങ്ങു മാറി. 'കരിങ്കൊടി കാണിക്കുവാൻ അവാർക്ക് അവകാശമുണ്ട്. അതു ജനാധിപത്യപരമാണ്' - എന്നത്രേ അദ്ദേഹം വാത്സല്യപൂർവം യൂത്തുകാരെ നോക്കി കൈവീശി മൊഴിഞ്ഞത്. എങ്കിലും മറ്റൊരു സംശയം അവശേഷിക്കുന്നു- എന്തിനാണ് ബിന്ദു മന്ത്രിയുടെ വീട്ടുപടിക്കൽ കരിങ്കൊടി കാട്ടിയത്? ഒരു ബിന്ദു രാജി വെച്ചാൽ ഇമ്മിണി ബല്യ യൂനിവേഴ്‌സിറ്റി പ്രശ്‌നം തീരുമോ? ട്രെയിനപകടം നടന്നാൽ, വിഷമദ്യ ദുരന്തം നടന്നാൽ, പ്രസവത്തിൽ കുഞ്ഞു മരിച്ചാൽ, സൊസൈറ്റിയിൽ പണാപഹരണം നടന്നാൽ വകുപ്പു മന്ത്രി രാജിവെയ്ക്കാൻ തുടങ്ങിയാൽ മാസം തോറും പുനഃസംഘടനയല്ലേ നടക്കൂ? യൂത്തിന്റെ പ്രകടനം ഒരു പ്രതിഭാസം അല്ലെങ്കിൽ പ്രഹസനം, അതുമല്ലെങ്കിൽ ഒരു വെറും പ്രകടനം, അത്രയ്ക്കുള്ള വില മാത്രം!
*** *** ***
പന്ന്യൻ രവീന്ദ്രൻ സഖാവിന്റെ മകൻ രൂപേഷിന്റെ 'ഫേസ്ബുക്ക് പോസ്റ്റ്' അധികമാരും ശ്രദ്ധിച്ചില്ല. കൊച്ചേട്ടൻ പാർട്ടി സഖാവിന്റെ പുത്രനായതു കൊണ്ടാകാം. 'പാവപ്പെട്ടവന്റെ സന്തോഷമാണ് കാണേണ്ടത്; പൗരമുഖ്യരുടെ ചിരിയല്ല'- എന്നാണ് ഉള്ളടക്കം. പന്ന്യന്റെ ചിരി പോലും കാണാത്ത മുഖ്യമന്ത്രിയെ ലാക്കാക്കിയാണ് പ്രയോഗം. എവിടെ! അദ്ദേഹം ഒരു ഫേസ്ബുക്കും നോക്കാറില്ല; സ്വന്തം 'ഫേസാ'ണ് പ്രധാനം. കഴിഞ്ഞ പത്തു കൊല്ലമായി തലസ്ഥാനത്ത് ഒറ്റക്കു കഴിയുന്ന പന്ന്യന്റെ പുത്രൻ എത്ര തവണ കണ്ടിട്ടുണ്ടെന്ന് മറ്റൊരു കണ്ണൂരുകാരൻ കൺവീനർ ചോദിക്കാൻ മടിക്കില്ല. ഒരു കാര്യം ഉറപ്പ്, പാർട്ടി അനുശാസിച്ചാൽ പോലും പന്ന്യൻ കണ്ണൂരിലേക്കു മടങ്ങില്ല. 'പാവപ്പെട്ടവർ തിരുവനന്തപുരത്തുമുണ്ട്. സംശയമുള്ളവർക്ക് കണ്ടല  ക്ഷീര സർവീസ് സഹകരണ സഘം വരെ പോകാം. ഇന്ന് ഇ.ഡിയുടെ മുന്നിലും ഐ.സി.യുവിലുമായി മാറിമാറി ഹാജർ വെയ്ക്കുന്ന ഭാസുരാംഗൻ സഖാവ് കഴിഞ്ഞ 30 കൊല്ലമായി പ്രസിഡന്റാണ്. ഒരു പശുവിനെ പോലും വളർത്തിയിട്ടില്ല; കറന്നിട്ടുമില്ല.
വർഷംതോറും 200 ലിറ്റർ പാൽ എങ്കിലും അളക്കുന്നവരെ മാത്രമേ ക്ഷീരസംഘങ്ങളിൽ അംഗങ്ങളാക്കാൻ പാടുള്ളൂ എന്നാണ് സഹകരണ നിയമം (അങ്ങനെയെങ്കിൽ പശു- എരുമകളെ നേരിട്ട് അംഗങ്ങളാക്കേണ്ടി വരും!) പ്രസിഡന്റ് മറ്റനേകം പാവങ്ങൾ പാൽ കറക്കുന്നത് മുടങ്ങാതെ നോക്കി നിന്നിട്ടുണ്ട്. മറ്റൊരു സംഘത്തലനും അങ്ങനെ ചെയ്തതായി ലോക ചരിത്രത്തിലില്ല.
കൊച്ചേട്ടൻ പാർട്ടിക്കു ക്ഷീണം തോന്നേണ്ട കാര്യമില്ല; വല്യേട്ടനും ദേശീയ പാർട്ടിയും കേന്ദ്ര ഭരണ പാർട്ടിയുമെല്ലാം 'സഹകരണ'ക്കാര്യത്തിൽ ഒന്നിനൊന്നു കേമന്മാരാണ്. പന്ന്യൻ രവീന്ദ്രൻ സഖാവ് 'കണ്ടല' ദേശത്തെ പാവങ്ങളെ കണ്ട് തലസ്ഥാനത്തു തന്നെ തുടരും. അത് കാനം രാജേന്ദ്രന്റെ കസേരയിൽ കടക്കണ്ണെറിഞ്ഞുകൊണ്ടാണെന്ന് ആരും പറയില്ല. പാർട്ടിയുടെയും സഖാവിന്റെയും ആരോഗ്യം ഏതാണ്ടൊരു പോലെ തന്നെയാണ്.

Latest News