Sorry, you need to enable JavaScript to visit this website.

ഇന്ത്യാ മുന്നണിയുടെ യോഗത്തിൽനിന്ന് മമത ബാനർജി വിട്ടുനിന്നേക്കും

ന്യൂദൽഹി- അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തേക്കില്ല. ഇന്ത്യാ മുന്നണിയിലെ മറ്റു പാർട്ടികളുമായി സീറ്റ് പങ്കിടുന്നതിൽ കോൺഗ്രസിന്റെ താൽപര്യക്കുറവാണ് മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്ന് മമത പറഞ്ഞിരുന്നു. പശ്ചിമബംഗാളിൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് മമത യോഗത്തിൽ പങ്കെടുക്കാത്തത്. യോഗത്തെ പറ്റി നേരത്തെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധികളും യോഗത്തിനെത്തില്ല. മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയിൽനിന്ന് വലിയ തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്നലെ പ്രതിപക്ഷ ബ്ലോക്കിന്റെ അടുത്ത യോഗം വിളിച്ചത്. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ മുംബൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ യോഗം നടക്കുന്നത്.
സ്വന്തം നിലയിൽ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിന്റെ തീരുമാനമാണ് ഈ മൂന്നു സംസ്ഥാനങ്ങളിലും പരാജയമുണ്ടാകാൻ കാരണമെന്ന് മമത പറഞ്ഞു. വോട്ടുകൾ വിഭജിച്ചതാണ് ബി.ജെ.പിയുടെ വിജയത്തിൽ കലാശിച്ചത്. 'കോൺഗ്രസ് തെലങ്കാന വിജയിച്ചു. അവർ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും വിജയിക്കുമായിരുന്നു. എന്നാൽ യോജിപ്പില്ലാത്തതിനാൽ ഈ സംസ്ഥാനങ്ങളിൽ വോട്ടുകൾ വിഭജിച്ചു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ആത്മപരിശോധന നടത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ തീർച്ചയായും ആത്മപരിശോധന നടത്തും. ഈ സംസ്ഥാനങ്ങളിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ മൂന്ന് സംസ്ഥാനങ്ങളും തൂത്തുവാരി.  ഈ സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങൾക്ക് എത്ര പാർലമെന്റ് സീറ്റുകൾ ലഭിച്ചു? മൂന്ന് സീറ്റുകൾ മാത്രം. ഓരോ തെരഞ്ഞെടുപ്പും വ്യത്യസ്തമാണെന്നും വേണുഗോപാൽ പറഞ്ഞു.
 

Latest News