കർണാടകക്ക് പിന്നാലെ തെലങ്കാനയിലും ജയിച്ചതോടെ കോൺഗ്രസ് തെക്കെ ഇന്ത്യയിൽ വിജയം ആവർത്തിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ ജയിച്ചില്ലല്ലോ എന്ന് കോൺഗ്രസിനെ പരിഹസിക്കുമ്പോഴും തെക്കെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് വലിയ ഊർജമായി മാറും. സാധ്യമാണ് എന്ന സന്ദേശം കോൺഗ്രസ് മനസ്സുകൾക്ക് ലഭിച്ചു കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ഇനിയുമുണ്ട് ആവശ്യമായ സമയം. തെരഞ്ഞെടുപ്പ് നടത്താൻ യന്ത്രം കണക്കെയുള്ള സംവിധാനമുള്ള പാർട്ടിയാണ് ബി.ജെ.പി അഥവാ ആർ.എസ്. എസ്. ഇതിനൊപ്പം അവർ ഭരണത്തിന്റെ ശക്തിയും സൗകര്യങ്ങളും കൂടി വേണ്ടുവോളം ഉപയോഗിച്ചായിരിക്കും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ നേരിടുക. അധികാരത്തിന്റെ എല്ലാ ശക്തിയും മുഖ്യ എതിരാളിയായ കോൺഗ്രസിനെതിരെ അവർ എടുത്തു പ്രയോഗിക്കും, പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്കെതിരെ. ഇത്തരമൊരു സാഹചര്യതതിൽ ഹിന്ദി മേഖലയിലും കോൺഗ്രസ് ജയിച്ചിരുന്നുവെങ്കിൽ ആലസ്യത്തിലേക്ക് ആ പാർട്ടി വഴുതിവീഴുമായിരുന്നു. ഇപ്പോഴാണെങ്കിൽ ജയത്തിന് ജയമുണ്ട്. തോറ്റതിനൊക്കെ ന്യായമായ കാരണങ്ങൾ കണ്ടെത്താനുമാകും. പിണറായി വിജയനെപോലെ രണ്ടാമൂഴം പ്രതീക്ഷിച്ചായിരുന്നു രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടിന്റെ ഇറക്കം. കോൺഗ്രസ് ഹൈക്കമാന്റിനെയൊന്നും ഒരു പരിധിക്കപ്പുറം അദ്ദേഹം വകവെച്ചിരുന്നില്ല. പല കാരണങ്ങളാൽ ആ ലക്ഷ്യം പാളിപ്പോയി. ഭരണ വിരുദ്ധ വികാരം നല്ലവണ്ണം ഉണ്ടായിട്ടുണ്ടാകാം. തൊഴിലില്ലായ്മ രൂക്ഷമായ രാജസ്ഥാൻ സംസ്ഥാനത്ത് പി.എസ്.സിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സ്വാധീനം ചെലുത്തുക സ്വാഭാവികം. രാജസ്ഥാനിൽ ഭരണത്തിന് രണ്ടാം ഊഴം ലഭിക്കുക പ്രയാസമാണ്. അതു തന്നെ ഇത്തവണയും സംഭവിച്ചു.
കോൺഗ്രസിനെ വഞ്ചിച്ചാണ് കെ. ചന്ദ്രശേഖര റാവു തെലങ്കാന പിടിച്ചതെന്ന് പാർട്ടിക്കാർക്കിടയിൽ കടുത്ത വികാരമുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോൾ കെ.സി.ആർ പറഞ്ഞത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാൽ യുദ്ധത്തിലും രാഷ്ട്രീയത്തിലും സത്യത്തിനെന്ത് വില എന്ന് കെ.സി.ആർ പറയാതെ പരിഹസിച്ചു.
ഇത് കണ്ടറിഞ്ഞ കോൺഗ്രസ് ഹൈക്കമാൻഡ് ദീർഘ വീക്ഷണത്തോടെ തന്ത്രങ്ങൾ പ്രയോഗിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാനയിലെ കോൺഗ്രസ് കാര്യങ്ങൾ പാർട്ടി ഏൽപിച്ചു. ബുദ്ധിമാനും ജനകീയനുമായ ഉമ്മൻ ചാണ്ടി തെലങ്കാനയിലെ പാർട്ടിയിലെ ശരിയായ പ്രശ്‌നങ്ങൾ മനസ്സിലാക്കി. അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പക്ഷേ രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസിനെ തിരിച്ചെത്തിക്കാൻ ഉമ്മൻ ചാണ്ടിയും ഹൈക്കമാൻഡും ലക്ഷ്യമിട്ട പദ്ധതി വിജയിക്കുന്നത് കാണാൻ ഉമ്മൻ ചാണ്ടിക്ക് ഭാഗ്യമുണ്ടായില്ല.
ബി.ആർ.എസ് ഭരണവിരുദ്ധ വികാരത്തിലാണ് അടിതെറ്റി വീണത്. കെ.സി.ആറിന്റെ ജനപ്രിയ വാഗ്ദാനങ്ങളെല്ലാം ജനം തള്ളിക്കളയുകയായിരുന്നു. കോൺഗ്രസ് മടങ്ങി വരവിന് മതന്യൂനപക്ഷ വോട്ടുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു വർഷങ്ങളായി തെലങ്കാനയിലെ കോൺഗ്രസ്. തെലങ്കാനയും പിടിക്കാം എന്ന ചിന്തക്ക് ശക്തി പകർന്നത് ഉറപ്പായും കർണാടകയിലെ കോൺഗ്രസ് വിജയമാണ്. ചടുലമായി കാര്യങ്ങൾ നീക്കാൻ കരുത്തുള്ള നേതൃത്വം തെലങ്കാനക്കുണ്ടായി. എപ്പോഴും, എന്നും എന്ന കണക്കിന് ഡി. ശിവകുമാർ എന്ന കർണാടക കോൺഗ്രസ് നേതാവിന്റെ സിംഹ സമാന സാന്നിധ്യം തെല്ലൊന്നുമായിരിക്കില്ല രേവന്ത് റെഡിക്കും സംഘത്തിനും ഊർജം പകർന്നിരിക്കുക.
അവിഭക്ത ആന്ധ്രാപ്രദേശിൽ കോൺഗ്രസിനോളം വേരിറക്കമുള്ള മറ്റൊരു പാർട്ടി ഉണ്ടായിരുന്നില്ല. 2014 ന് ശേഷം കോൺഗ്രസിനെ ആന്ധ്രയോ തെലങ്കാനയോ പരിഗണിച്ചില്ല. അതിനാണിപ്പോൾ തെലങ്കാനയിലൂടെ മാറ്റം വന്നിരിക്കുന്നത്. ഹാട്രിക് നേടി ഭരണത്തുടർച്ചയായിരുന്നു കെ.സി.ആർ പ്രതീക്ഷിച്ചത്- എല്ലാം പോയി.
ദൽഹി, ആഗ്ര, ജയ്പൂർ എന്നിവ ഇന്ത്യയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഇവയെ കൂട്ടിയിണക്കി ബി.ജെ.പി പദ്ധതിയിട്ടത് ടൂറിസം വികസനമായിരുന്നില്ല. രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു. ഗുജറാത്തിൽ മാത്രം ഒതുങ്ങിയിരുന്ന മോഡി അന്നൊരിക്കൽ പറഞ്ഞത് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകൻ ഓർത്തെടുക്കുന്നത് കേട്ടിരുന്നു- ഒരു നാൾ ഞാൻ ചെങ്കോട്ട പിടിക്കുമെന്ന്. ചെങ്കോട്ടയിൽ ചെങ്കൊടി പറത്തും എന്ന് കമ്യൂണിസ്റ്റുകാർ വീമ്പു പറയുന്നതു പോലെ മാത്രമേ അന്ന് എല്ലാവരും അത് പരിഗണിച്ചുള്ളൂ. തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും അദ്ദേഹം ആ ലക്ഷ്യം കൈവരിച്ചു. ഒപ്പം ഉത്തർപ്രദേശിലെ ആഗ്രയിൽ യോഗി ആദിത്യനാഥിനേയും രാജസ്ഥാനിലെ ജയ്പൂരിൽ യോഗിയുടെ രാജസ്ഥാൻ രൂപമായ മഹാന്ത് ബാലാക് നാഥിനേയും ഇറക്കി രാഷ്ട്രീയം കളിക്കാണ് ബി.ജെ.പി പദ്ധതിയിടുന്നത്. വിജയിക്കുമോ എന്ന് കണ്ടറിയണം.
ബാലാക്നാഥ് അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കുമെന്ന ഒരു പ്രതീതി ബി.ജെ.പി സൃഷ്ടിച്ചു വെച്ചിരുന്നു. യാദവ് ജാതിയിൽപെട്ട ബാലാക് നാഥിന് പ്രമുഖ മതനേതാവെന്ന മുഖവുമുണ്ട്.
ബാലാക് നാഥിനെ ഉയർത്തിക്കാണിച്ചായിരിക്കാം അവർ ഹിന്ദു വോട്ടുകൾ ഏകീകരിച്ചത്. വെറുതെയായിരുന്നില്ല ഗെഹ്‌ലോട്ട് ജാതി സെൻസസ് കാർഡിറക്കിയത്. അത് പക്ഷേ ഫലം കണ്ടില്ലെന്ന് തോന്നുന്നു. ശരിയായ ചിത്രം തെളിയാൻ ഇനിയും സമയമെടുക്കും. വസുന്ധര രാജെയെ തഴഞ്ഞാൽ ഉണ്ടാകുന്ന പ്രതികരണങ്ങളും ബി.ജെ.പിക്ക് ഭീഷണിയായിരിക്കും.
ഛത്തീസ്ഗഢിലെ ഫലം ഈ പറഞ്ഞതിനോടൊന്നും ചേർത്തു വെക്കാനാകില്ല. അമിത ആത്മവിശ്വാസമാണ് ഛത്തീസ്ഗഢ് എന്ന ആദിമ ജനതയുടെ സംസ്ഥാനത്തെ കോൺഗ്രസിനെ തോൽപിച്ചത്.
മധ്യപ്രദേശിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന് വലിയ വിൽപന മൂല്യമുണ്ടാകില്ല. കാരണം ആധിപത്യം ഭൂരിപക്ഷ സമൂഹത്തിനാണെന്നത് തന്നെ.
അതുകൊണ്ടാണ് കോൺഗ്രസ് നേതാവ് കമൽ നാഥിനും മൃദു ഹിന്ദുത്വം കളിക്കേണ്ടി വന്നത്. വിജയം പക്ഷേ അമിത് ഷായുടെ മറുതന്ത്രത്തിനായതിൽ അതിശയമൊന്നുമില്ല. ഹിംസാത്മകമായ വെറുപ്പിന്റെ രാഷ്ട്രീയമൊന്നും അവിടെ എന്നല്ല, എവിടെയും ഇത്തവണ ആരും കൂടുതലായി ഉപയോഗിച്ചിരുന്നില്ല. വെറുപ്പിന്റെ ചന്തയിലെ സാധനങ്ങളൊക്കെ വിറ്റുതീരുകയാണോ. പ്രതീക്ഷയോടെ കാത്തിരിക്കാം.