ഗാസ- ഇസ്രായിലിന്റെ കനത്ത ആക്രമണത്തിൽ ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്ന ഉറപ്പിലാണ് ഗാസ മുനമ്പിൽ ഇപ്പോഴും അവശേഷിക്കുന്ന ആയിരങ്ങൾ ജീവിക്കുന്നത്. മരണത്തെ പക്ഷെ ഭീതിയോടെയല്ല, തങ്ങളുടെ പോരാട്ടത്തിന് ലഭിക്കുന്ന കിരീടമായാണ് ഈ ജനത കാണുന്നത്. കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽനിന്ന് പുറത്തുവന്ന വീഡിയോ ആയിരങ്ങളാണ് ഇതോടകം ഷെയർ ചെയ്തത്. ഗാസയിൽ ഇസ്രായിലിന്റെ ആക്രമണം ലോകത്തെ അറിയിക്കുന്ന മാധ്യമപ്രവർത്തകരും കൂടിയിരുന്ന് ആലപിക്കുന്ന ഗാനമാണ് വൈറലായത്. ഈ മാധ്യമ പ്രവർത്തകരിൽ പലരുടെയും കുടുംബാംഗങ്ങൾ നേരത്തെ ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണ്. ഗാസയിൽനിന്നുള്ള ചിത്രങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന മൊതാസ് അടക്കമുള്ളവർ ഈ വീഡിയോയിലുണ്ട്. മക്കളെയും ഭാര്യയെയും നഷ്ടമായ അൽ ജസീറ ചാനലിന്റെ ഗാസ ലേഖകനും ഇവർക്കൊപ്പമുണ്ട്.
പാട്ടിലെ വരികളുടെ സ്വതന്ത്ര വിവര്‍ത്തനം
വേദനകൾ ശമിക്കാൻ നാം ഇവിടെ തന്നെ നിൽക്കും
നമ്മളിവിടെ ജീവിക്കും
ദുഖങ്ങളെല്ലാം മധുരമായി മാറും
പ്രിയപ്പെട്ട ഗാസാ...
എതിരാളികൾ എത്ര കുതന്ത്രങ്ങൾ മെനഞ്ഞാലും
ശത്രുക്കളെത്ര പ്രതികാരം ചെയ്താലും..
പ്രയാസങ്ങൾ നീങ്ങി സന്തോഷം വരുന്നതു വരെ
നാം ഇവിടെ തന്നെ തുടരും
എന്ന വരികളാണ് പാട്ടിലുള്ളത്. സമൂഹമാധ്യമങ്ങളിൽ ഈ പാട്ട് വൈറലായിട്ടുണ്ട്.