2024 ലെ ഹജ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു തുടങ്ങി, ലിങ്കിലെ പ്രശ്‌നം കാരണം അപേക്ഷിക്കാനാകുന്നില്ലെന്ന് പരാതി

കോഴിക്കോട് - 2024 ലെ ഹജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ഹജ് കമ്മറ്റി ഓഫ് ഇന്ത്യ ആരംഭിച്ചു. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപേക്ഷാ ഫോറത്തിന്റെ ഓണ്‍ ലൈന്‍ ലിങ്ക് പ്രവര്‍ത്തന സജ്ജമാകാത്ത സ്ഥിതിയുണ്ട്. ഇത് മൂലം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. പ്രശ്‌നങ്ങള്‍  പരിഹരിച്ച് നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. ഡിസംബര്‍ 20 വരെയാണ് ഹജിനുള്ള അപേക്ഷ സ്വീകരിക്കുകയെന്നാണ് ഹജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നത്. www.hajcommittee.gov.in എന്ന വെബ് സൈറ്റ് വഴിയോ അല്ലെങ്കില്‍ ഹജ് സുവിധ മൊബൈല്‍ ആപ് വഴിയോ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക്  2025 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ഹജിന് അപേക്ഷിക്കുന്നതിനു മുന്‍പ് ഇത് സംബന്ധിച്ചുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായി വായിച്ച് മനസിലാക്കിയിരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. അത്യാവശ്യ സംശയങ്ങള്‍ക്ക് കേരള ഹജ് കമ്മറ്റിയുമായി ബന്ധപ്പെടാവുന്നതാണ് ഫോണ്‍ - 0483-2710717

 

 

 

Latest News