Sorry, you need to enable JavaScript to visit this website.

ദക്ഷിണേന്ത്യ അടക്ക വിളവെടുപ്പിന് ഒരുങ്ങി

കൊച്ചി- ദക്ഷിണേന്ത്യ അടക്ക വിളവെടുപ്പിന് ഒരുങ്ങി. ക്രിസ്തുമസ് ഡിമാന്റ് തേയില വിലകളിൽ നവോൻമേഷം പകരുമോ ? മധ്യവർത്തികൾ കളി തുടങ്ങിയതോടെ ജാതിക്ക വിലയിൽ നേരിയ മുന്നേറ്റം. ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക സംഭരണം ശക്തമാക്കി. സർവകാല റെക്കോർഡ് തിളക്കവുമായി ആഭരണ കേന്ദ്രങ്ങളിൽ പവൻ. 
കേരത്തളത്തിലും കർണാടകത്തിലും കവുങ്ങ് കർഷകർ വിളവെടുപ്പിന് ഒരുങ്ങി. പുതിയ ചരക്ക് തിടുക്കത്തിൽ വിൽപന നടത്താനുള്ള ശ്രമത്തിലാണ് ഉൽപാദകർ. വൻകിട തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമാക്കും മുന്നേ കൂടിയ വിലയ്ക്ക് പരമാവധി അടക്ക വിറ്റുമാറാൻ മലബാർ മേഖലയിലെ ഉൽപാദകർ നീക്കം തുടങ്ങി. വടക്കൻ കേരളത്തിൽ നിന്നും അടുത്ത രണ്ടാഴ്ചകളിൽ പുതിയ അടക്ക കൂടുതലായി വിപണികളിൽ ഇറങ്ങും. കണ്ണൂർ, കാസർകോട് മേഖലയിലെ തോട്ടങ്ങളും വിളവെടുപ്പിന് ഒരുങ്ങി. 
   കർണാടക ചരക്കും വൈകാതെ വിപണി കീഴടക്കാം. ഹുസൂർ, ചിക്കമംഗലുർ, ഉടുപ്പി, ദക്ഷിണ കന്നട മേഖലകളിലെ അടക്ക ക്രിസ്തുമസിന് മുന്നേ വിപണിയിൽ ഇടം പിടിക്കും. 38,000 രൂപയിൽ നിന്നും ഇതിനകം 37,000 ലേയ്ക്ക് താഴ്ന്നു. ലഭ്യത ഉയരുന്നതോടെ 35,000-32,000 ലേയ്ക്ക് താഴാൻ സാധ്യത. വിദേശ അടക്ക ഉയർന്ന അളവിൽ വിൽപനയ്ക്ക് ഇറങ്ങിയത് ഉൽപാദകർക്ക് ഭീഷണിയാവും. ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാൻമാർ അടയക്ക നിലവിൽ ഇന്ത്യൻ മാർക്കറ്റുകൾ കൈയടക്കി.
ശൈത്യകാലമായതിനാൽ തേയില തോട്ടങ്ങൾ പലതും മഞ്ഞ് വീഴ്ച്ചയുടെ പിടിയിൽ. പ്രതികൂല കാലാവസ്ഥയിൽ കൊളുന്ത് നുള്ള് പ്രതീക്ഷയക്ക് ഒന്ന് ഉയർത്താൻ തോട്ടം മേഖലയ്ക്കാവുന്നില്ല. കാലാവസ്ഥ വ്യതിയാനം തേയിലയുടെ ഗുണനിലവാരത്തെ ബാധിച്ചു. ഉൽപാദനത്തിലെ കുറവ് മൂലം ലേലത്തിൽ ചരക്ക് വരവ് കുറഞ്ഞത്  ക്രിസ്തുമസ് ശൈത്യകാല ഡിമാന്റ് വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് തോട്ടം മേഖല. 
ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ സജീവമാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സി.ഐ.എസിൽ ആവശ്യകാരുണ്ട്. ഇറാനും ഇറാക്കും ഇന്ത്യൻ തേയിലയിൽ താൽപര്യം നിലനിർത്തി. യുദ്ധം തുടരുന്നതിനാൽ ഉക്രൈയിൻ, റഷ്യ, ഇസ്രയിൽ മേഖലയിൽ നിന്നുള്ള ഓർഡറുകൾ അൽപം കുറഞ്ഞു. ലീഫ്, ഡസ്റ്റ് ഇനങ്ങളുടെ വിലകൾ മാസമാധ്യം മെച്ചപ്പെടാൻ സാധ്യത.  
   ജാതിക്ക വിപണി മധ്യവർത്തികളുടെ പിടിയിൽ. ഉൽപന്ന വിലയിൽ നേരിയ ഉണർവ് കണ്ടെങ്കിലും കുതിച്ചു ചാട്ടത്തിന് സമയായിട്ടില്ല. ക്രിസ്തുമസ് ആവശ്യങ്ങൾക്ക് വേണ്ട പണത്തിലായി ഒരു വിഭാഗം കർഷകർ വിപണിയിലേയ്ക്ക് തിരിഞ്ഞു. പുതിയ ജാതിക്ക വരവിനായി മാർച്ച് ഏപ്രിൽ വരെ കാത്തിരിക്കണം. 
ലേലത്തിൽ ഏലക്ക ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഉത്സാഹിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ ഒരു മുന്നേറ്റമുണ്ടായില്ല. ക്രിസ്തുമസ് ഡിമാന്റ് വിലക്കയറ്റം സൃഷ്ടിക്കുമെന്ന് ഉൽപാദകർ. മികച്ചയിനങ്ങൾ ഒരവസരത്തിൽ 2821 രൂപ വരെ കയറി. കുരുമുളക് വിലയിൽ നേരിയ ഉണർവ്. സീസൺ അടുത്തതോടെ വാങ്ങലുകാർ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. തെക്കൻ കേരളത്തിൽ നിന്നുള്ള മൂപ്പ് കുറഞ്ഞ മുളകിന്റെ ലഭ്യതയും അവർ വിലയിരുത്തുന്നു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 59,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7750 ഡോളർ. 
വിയെറ്റ്നാമിന്റെ കാപ്പി കയറ്റുമതി ഒരു വർഷകാലയളവിൽ 11 ശതമാനം ഇടിഞ്ഞത് കണ്ട് യുറോപ്യൻ രാജ്യങ്ങളും പശ്ചിമേഷ്യയും ഇന്ത്യൻ കാപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചു. കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള അറബിക്ക കാപ്പിക്ക് വിദേശ അന്വേഷണങ്ങളുണ്ട്. അടുത്ത രണ്ട് മാസങ്ങളിൽ പുതിയ കാപ്പി കുരുവിന്റെ ലഭ്യത ഉയരുന്നതിനൊപ്പം വിദേശ ഓർഡറുകളുടെ പ്രവാഹത്തിനും അവസരം ഒരുക്കുമെന്ന് കയറ്റുമതി സമൂഹം. 
രാജ്യാന്തര റബർ വിപണിയിൽ നിന്നുള്ള പ്രതികൂല വാർത്തകൾ തിരിച്ചടിയായി. ടയർ നിർമാതാക്കൾ ഷീറ്റ് വില കിലോ 154 ൽ നിന്നും 151 രൂപയായി കുറച്ചു. അനുകുല കാലാവസ്ഥയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിംഗ് സജീവം.  
ആഭരണ കേന്ദ്രങ്ങളിൽ പവൻ സർവകാല റെക്കോർഡിൽ. പവന് 45,680 രൂപയിൽ നിന്നും ഒക്ടോബറിൽ രേഖപ്പെടുത്തിയ 45,920 ലെ റെക്കോർഡ് പഴകഥയാക്കി 46,480 ലേയ്ക്കും തുടർന്ന് പുതിയ റെക്കോർഡായ 46,760 രൂപയായി, ഒരു ഗ്രാമിന് വില 5845 രൂപ.

Latest News