ദോഹ-ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമാണ് തുടക്കത്തില്‍ സര്‍വീസ്.
ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. എ321 നിയോ വിമാനമാണ്ണ് സര്‍വീസിന് ഉപയോഗപ്പെടുത്തുക. ദോഹയ്ക്കും മുംബൈയ്ക്കും ഇടയില്‍ ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന അമ്പതാമത്തെ വിമാനത്താവളമായിരിക്കും ദോഹ. 30,599 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ വളര്‍ന്നുവരുന്ന സാമ്പത്തിക കേന്ദ്രമായ ദോഹയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസ് മുംബൈയില്‍ നിന്ന് ആരംഭിക്കാന്‍ കഴിഞ്ഞത് ഏറെ ആഹ്ലാദം പകരുന്നതായി എയര്‍ലൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, സൗദി അറേബ്യയിലെ ദമാം, ജിദ്ദ, ഒമാനിലെ മസ്‌കത്ത് എന്നിവിടങ്ങളിലേക്കും നിലവില്‍ വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.