ഖത്തര്‍ അമീറുമായി പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ചര്‍ച്ച ചെയ്തു, പ്രധാനമന്ത്രി മോഡിയുടെ ട്വീറ്റ്

ന്യൂദൽഹി- കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ചും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ച നടത്തിയതായി മോഡി എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.
എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഒക്ടോബര്‍ 26 ന് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ ചര്‍ച്ച പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വധ ശിക്ഷക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
സ്വകാര്യ കമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്. ഖത്തര്‍ അധികൃതരോ കേന്ദ്ര സര്‍ക്കാരോ  ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ കുറ്റാരോപണം പരസ്യമാക്കിയിരുന്നില്ല.

ഖത്തറിലെ കോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു. കൂടാതെ കേസില്‍ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ നാല് സെഷനുകളെ അഭിസംബോധന ചെയ്യുകയും വിവിധ ലോക നേതാക്കളെ കാണുകയും ചില ഉഭയകക്ഷി യോഗങ്ങള്‍ നടത്തുകയും ചെയ്തതിനാല്‍ പ്രധാനമന്ത്രി മോഡിക്ക് വെള്ളിയാഴ്ച തിരക്കേറിയ പരിപാടികളായിരുന്നു.

 

Latest News