Sorry, you need to enable JavaScript to visit this website.

എം. കുഞ്ഞാമന്‍: എതിര് പറഞ്ഞവന്‍, പ്രതിഭയാല്‍ ജ്വലിച്ചവന്‍

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ എം. കുഞ്ഞാമന്‍ സ്‌കൂളില്‍നിന്ന് അടികൊണ്ട് കവിള്‍ വീര്‍ത്താണ് വീട്ടിലെത്തിയത്. ജാതിപ്പേര് വിളിച്ച അധ്യാപകനോട് എതിര് പറഞ്ഞതായിരുന്നു കാരണം. കവിള്‍ തലോടിക്കൊണ്ട് കുഞ്ഞു കുഞ്ഞാമനോട് അമ്മ പറഞ്ഞു:

'നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കുഞ്ഞേ, നന്നായി വായിച്ചു പഠിക്കൂ....'

കുഞ്ഞാമന്‍ എഴുതുന്നു: അന്ന് ഞാന്‍ സ്‌കൂളിലെ കഞ്ഞികുടി നിറുത്തി. ഇനി എനിക്കു കഞ്ഞി വേണ്ട. എനിക്കു പഠിക്കണം. ആ അധ്യാപകന്റെ മര്‍ദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി... (എതിര് എന്ന ആത്മകഥ)

കേരള സാഹിത്യ അക്കാദമി ആത്മകഥക്കുള്ള അവാര്‍ഡ് നല്‍കിയപ്പോള്‍ ഡോ.കുഞ്ഞാമന്‍ അത് നിരസിച്ചു. 'അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം നിരസിക്കുകയാണ്'.
അവാര്‍ഡിനും അംഗീകാരങ്ങള്‍ക്കും പിറകെ പായുന്നവരുടെ ലോകത്താണ് കുഞ്ഞാമന്റെ ഈ നിരാസം. ജീവിതാനുഭവങ്ങളുടെ കനല്‍പ്പാതകള്‍ പിന്നിട്ട് അക്കാദമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട കുഞ്ഞാമനെ ഇന്നത്തെ തലമുറയില്‍ എത്ര പേരറിയും?


കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയാണ് കുഞ്ഞാമന്‍ എം.എ പാസ്സായത്. കെ.ആര്‍. നാരായണനുശേഷം ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാര്‍ഥി. 27 വര്‍ഷം കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ അധ്യാപകന്‍. മഹാരാഷ്ട്രയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസര്‍, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ നിയന്ത്രിക്കുന്ന യു.ജി.സിയുടെ ഉന്നതാധികാര സമിതിയില്‍ അംഗവുമായിരുന്നു കുഞ്ഞാമന്‍. എന്നിട്ടും അദ്ദേഹം കേരളത്തില്‍ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കപ്പെട്ടില്ല. അതേക്കുറിച്ച് ചോദിച്ചാല്‍ കുഞ്ഞാമന്‍ സാര്‍ ഇങ്ങനെ പറയും.'അതിനൊക്കെ യോഗ്യതയുള്ള ഒരുപാടുപേര്‍ ഉണ്ടായിരുന്നില്ലേ. അതൊന്നും ഒരു വലിയ കാര്യമായി കാണേണ്ടതില്ല.'

എം.എക്ക് റാങ്ക് കിട്ടിയപ്പോള്‍ അന്ന് കുഞ്ഞാമനെ അനുമോദിക്കാന്‍ മന്ത്രിമാരായ എം.എന്‍. ഗോവിന്ദന്‍നായരും ടി.കെ. ദിവാകരനുമൊക്കെ പങ്കെടുത്ത സമ്മേളനം പാലക്കാട്ട് നടന്നു. 'അന്ന് കിട്ടിയ സ്വര്‍ണമെഡല്‍ പാലക്കാട്ട് നിന്ന് വാടാനംകുറിശ്ശിയിലെ വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ പണയം വച്ചു. പത്ത് ദിവസം കഴിഞ്ഞ് വില്‍ക്കുകയും ചെയ്തു. വീട്ടില്‍ കൊടും പട്ടിണിയായിരുന്നു. അതുകൊണ്ട് റാങ്ക് വലിയ കാര്യമായി അനുഭവപ്പെട്ടില്ല- കുഞ്ഞാമന്‍ എഴുതി.

റാങ്ക് കിട്ടിയിട്ടും ജോലി ലഭിക്കാന്‍ രണ്ട് വര്‍ഷം കാത്തുനില്‍ക്കേണ്ടി വന്നു. സി.ഡി.എസില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കേരള സര്‍വകലാശാലയില്‍ ലക്ചറര്‍ തസ്തികക്ക് അപേക്ഷിച്ചു. അപേക്ഷകരില്‍ ഒന്നാം റാങ്കും കുഞ്ഞാമനായിരുന്നു. എന്നിട്ടും നിയമിച്ചില്ല. മറ്റൊരാള്‍ക്ക് നിയമനം ലഭിച്ചു. പത്രങ്ങളില്‍ വാര്‍ത്തയായപ്പോള്‍ സര്‍ക്കാര്‍ സര്‍വകലാശാല ഇക്കണോമിക്‌സ് വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി അത് പട്ടികജാതി വര്‍ഗത്തിന് സംവരണം ചെയ്താണ് കുഞ്ഞാമനെ നിയമിച്ചത്.

ഒരു മനുഷ്യന്‍ താന്‍ ജനിച്ച ജാതിയുടെ പേരില്‍ എത്രമാത്രം ക്രൂരമായി അവഗണിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ.കുഞ്ഞാമന്റെ ജീവിതം. എത്ര ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാല്‍ കുഞ്ഞാമന്‍ ഉയിര്‍ത്തെഴുന്നേറ്റു. എല്ലാവരും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്ന അക്കാദമിക് പ്രതിഭ പ്രകടമാക്കി. ഇ.എം.എസിനും വി.എസിനുമൊക്കെ കുഞ്ഞാമനെ വലിയ ഇഷ്ടമായിരുന്നു. എ.കെ.ജി സെന്ററിലെ അന്നത്തെ ചര്‍ച്ചകളിലൊക്കെ പങ്കെടുക്കുകയും ഇ.എം.എസിന്റെ മുന്നില്‍ വച്ചുതന്നെ പാര്‍ട്ടി നയങ്ങളെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. ഒരുപ്രാവശ്യം ചര്‍ച്ചയില്‍ കുഞ്ഞാമന്‍ പങ്കെടുത്തില്ല. ഉച്ചക്ക് ഊണിന് പിരിഞ്ഞപ്പോള്‍ മാറിനിന്നു. ഇ.എം.എസും വി.എസും അരികെ ചെന്നു. എന്താണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇ.എം.എസ് ചോദിച്ചു..' ഞാന്‍ സഖാവിന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നയാളാണ്. സഖാവിനെയും വിമര്‍ശിക്കും എന്ന് മറുപടി നല്‍കിയപ്പോള്‍ ഇ.എം.എസ് നല്‍കിയ മറുപടി ' വിമര്‍ശിക്കണം. വിമര്‍ശനത്തിലൂടെയാണ് മാര്‍ക്‌സിസം വളരുന്നത്. എന്നെയും വിമര്‍ശിക്കണം. വിമര്‍ശിക്കപ്പെടാതിരിക്കാന്‍ ഞാന്‍ ദൈവമല്ല'എന്നായിരുന്നു.

പദവികള്‍ പലതും നിലപാടുകള്‍ക്കുവേണ്ടി ഉപേക്ഷിച്ചയാളാണ് ഡോ.കുഞ്ഞാമന്‍. മായാവതിയുടെ പാര്‍ട്ടി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളില്‍ രാജ്യസഭാ അംഗത്വം വരെയുണ്ടായിരുന്നു. ഡോ. കുഞ്ഞാമന്‍ ഹൃദയരക്തം മുക്കിയെഴുതിയ ജീവിതാനുഭവമാണ് എതിര്. അത് കഥയല്ല. പിടയുന്ന മനസ്സിന്റെ ജ്വലനമാണ്. ഇടതുപക്ഷത്തിന്റെ മാത്രമല്ല പല നേതാക്കളുടെയും മുഖംമൂടികള്‍ ഇതില്‍ വലിച്ചെറിയപ്പെടുന്നുണ്ട്. സമൂഹം ജാതിയുടെ പേരില്‍ എത്രമാത്രം നിന്ദ്യമായി ചവിട്ടിയരക്കപ്പെട്ടെന്ന് ചോര പൊടിയുന്ന ആ വാക്കുകളില്‍ വായിച്ചെടുക്കാം.

 

Latest News