Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം പ്രവാസികള്‍ക്ക് ഏറെ ലാഭകരം; ഡബ്ല്യൂ.ബി.എ.എഫ് ആഗോള സമ്മേളനം ഡര്‍ബനില്‍ സമാപിച്ചു

ഡര്‍ബന്‍ - വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ (ഡബ്ല്യൂ.ബി.എ.എഫ്) ആഗോള സമ്മേളനം ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ സമാപിച്ചു. സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ പ്രൊവിന്‍ഷ്യല്‍ ഹെഡ് നോമുസാ ദുബെ നകുബേ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ ആണ് ഇക്കുറി സമ്മേളനത്തിന് ആതിഥ്യം നല്‍കിയത്.
ആഗോള തലത്തില്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്നതിലും രാഷ്ട്രങ്ങളുടെ സാമ്പത്തിക പുരോഗതി ഉയര്‍ത്തുന്നതിലും വികസ്വര രാഷ്രങ്ങളില്‍ ആഗോള നിക്ഷേപ സാധ്യതകള്‍ നോമുസാ ദുബെ നകുബേ എടുത്തുപറഞ്ഞു. ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡബ്ല്യൂ.ബി.എഫ് ചെയ്യുന്ന പരിശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു.
ഇന്ത്യയില്‍നിന്നുള്ള ഡബ്ല്യൂ.ബി.എഫ് പ്രതിനിധി സെനറ്റര്‍ ഹാരിസ് എം. കോവൂര്‍ ഉദ്ഘാടന ദിവസം നടന്ന റൌണ്ട് ടേബിള്‍ സെഷനില്‍ 'ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പ് വ്യവസായങ്ങള്‍ക്കുള്ള മൂലധനനിക്ഷേപത്തിന്റെ സാധ്യതകളെകുറിച്ച് സംസാരിച്ചു. നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവത്കരിക്കാനും ഇന്ത്യയിലെ അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭകത്വ ആവാസ വ്യവസ്ഥ ഉപയോഗപ്പെടുത്താനും ആഗ്രഹിക്കുന്ന എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നത് ലാഭകരമായ സംരംഭമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.


ലോകമെമ്പാടും കൂടുതല്‍ തൊഴിലവസരങ്ങളും കൂടുതല്‍ സാമൂഹ്യനീതിയും സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം (ഡബ്ല്യൂ.ബി.എഫ്). ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ അനുബന്ധ പങ്കാളിയാണ് വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം. നെതെര്‍ലാന്‍ഡസ് രാജ്ഞി ക്വീന്‍ മാക്‌സിമ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയര്‍പേഴ്‌സണ്‍.
ഘാന ടൂറിസം മിനിസ്റ്റര്‍ ഡോക്ടര്‍ ഇബ്രാഹിം മുഹമ്മദ് അവാധ്, സൗത്ത് ആഫ്രിക്കന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ സിബോണിസോ ഡ്യൂമ, ഡര്‍ബന്‍ മേയര്‍ കുന്ദ്ര മക്‌ലീസി, സൗത്ത് ആഫ്രിക്കന്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. ബഹ്‌റൈന്‍, കുവൈത്ത് രാജകുടുംബാംഗങ്ങള്‍ സമ്മേളനത്തില്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു.
ഇന്ത്യയില്‍നിന്ന് സ്മാള്‍ ഇന്‍ഡസ്ട്രീസ്  ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സുധത മണ്ഡലിന്റെ നേതൃത്വത്തിലുള്ള സംഘം ഡബ്ല്യൂ.ബി.എഫുമായുള്ള സാമ്പത്തിക സഹകരണ കരാര്‍ സമ്മേളനത്തില്‍ ഒപ്പ് വെച്ചു. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നുള്ള പ്രൊഫസര്‍ ഡോ.നിഖില്‍ അഗര്‍വാള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ അടുത്ത വര്‍ഷത്തെ ആഗോള സമ്മേളനം ബഹ്‌റൈനിലെ മനാമയില്‍ നടക്കും.

 

 

Latest News