റിയാദ്- മരുഭൂ മണലില്‍ ചന്ദ്രന്‍ എന്ന തലക്കെട്ടില്‍ റിയാദില്‍ മൂന്നാമത് നൂര്‍ റിയാദ് പ്രകാശ വിസ്മയ പരിപാടിക്ക് തുടക്കമായി. കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റിയില്‍ പ്രത്യേക പ്രദര്‍ശനത്തോടെയാണ് ഈ സീസണിന് തുടക്കമായത്.
35 രാജ്യങ്ങളില്‍നിന്നുള്ള 100 കലാകാരന്മാരാണ് ഈ പ്രകാശ വിസ്മയ പ്രദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവരില്‍ 35 പേര്‍ സൗദി സാങ്കേതിക വിദഗ്ധരാണ്. വാദി ഹനീഫ, വാദി നമാര്‍, സലാം പാര്‍ക്ക്, കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റി, ജാക്‌സ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ പ്രത്യേക ഷോ ഈ മാസം 16 വരെ അരങ്ങേറും. 120 ലധികം ലൈറ്റ് ഷോകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് ഓണ്‍ലൈനില്‍ സൗജന്യ ടിക്കറ്റെടുത്താല്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. ദര്‍ഇയയിലെ ജാക്‌സ് സ്ട്രീറ്റില്‍ സര്‍ഗാത്മകത നമ്മെ പ്രബുദ്ധരാക്കുന്നു, ഭാവി നമ്മെ ഒന്നിപ്പിക്കുന്നുവെന്ന തലക്കെട്ടില്‍ പ്രത്യേക പ്രദര്‍ശനം അടുത്ത മാര്‍ച്ച് 2 വരെ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 32 സാങ്കേതിക വിദഗ്ധര്‍ ഇവിടെ സേവനനിരതരായി ഉണ്ട്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്നതിനാണ് വിവിധ ഭാഗങ്ങളിലായി അഞ്ചു വേദികള്‍ തെരഞ്ഞെടുത്തത്.
സന്ദര്‍ശകര്‍ക്ക് കലാപരമായ അനുഭവങ്ങള്‍ സമ്മാനിക്കുകയും വിവിധ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്ന ഒരു ഓപ്പണ്‍ ആര്‍ട്ട് ഗാലറിയായി റിയാദിനെ മാറ്റുന്നതിനുള്ള ശ്രമമാണ് നൂര്‍ റിയാദ് എന്ന് റിയാദ് ആര്‍ട്ട് പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഖാലിദ് അല്‍ ഹസാനി പറഞ്ഞു. രാജ്യതലസ്ഥാനത്തെ ജീവിത നിലവാരത്തിന് ഈ പ്രദര്‍ശനം മികച്ച സംഭാവന നല്‍കും. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കും. രാജ്യത്തിന്റെ സാംസ്‌കാരിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. ഡ്രോണ്‍ പ്രദര്‍ശനം, കെട്ടിടങ്ങളിലും മറ്റും ലൈറ്റ് അപ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
പ്രാദേശികവും അന്തര്‍ദേശീയവുമായ സാങ്കേതിക വിദഗ്ധരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് നൂര്‍ റിയാദ് നടക്കുന്നത്. ജെറോം സാന്‍സ്, പെഡ്രോ അലോന്‍സോ, അലാ ട്രാബ്‌സോണി, ഫഹദ് ബിന്‍ നായിഫ്, നെവില്‍ വേക്ക്ഫീല്‍ഡ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വലിയ പ്രകാശ കലാമേളകളില്‍ ഒന്നിലധികം പങ്കാളിത്തമുള്ള സാങ്കേതിവിദഗ്ധരാണ് ഈ ലൈറ്റ് ഷോ നിയന്ത്രിക്കുന്നത്.