ന്യൂദൽഹി- മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടി വിജയിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പിന് കൂടുതൽ ഊർജ്ജം നൽകിയതായി ബി.ജെ.പി വിലയിരുത്തൽ. കോൺഗ്രസിന്റെ പ്രതീക്ഷക്ക് നേർ വിപരീതമായാണ് മൂന്നു സംസ്ഥാനങ്ങളിലും സംഭവിച്ചത്. മധ്യപ്രദേശ് തിരിച്ചുപിടിക്കാമെന്നും ഛത്തീസ്ഗഢ് നിലനിർത്താമെന്നും പാർട്ടി ഉറച്ചുവിശ്വസിച്ചിരുന്നു. രാജസ്ഥാനിലെ പരാജയം മുഖ്യമന്ത്രി അശോക് ഗെലോട്ട് അല്ലാത്ത മിക്ക നേതാക്കളും പ്രതീക്ഷിച്ചിരുന്നു. തെലങ്കാനയിൽ അവസാന ലാപ്പുകളിലാണ് കോൺഗ്രസിനൊപ്പം വിജയമെത്തിയത്.
ഇന്ത്യാ മുന്നണിക്കൊപ്പം ചേരാൻ വിസമ്മതിച്ച തെലങ്കാനയിലെ ടി.ആർ.എസിനെ തോൽപ്പിക്കാൻ മാത്രമാണ് നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സാധിച്ചത്. കർണാടകയിൽ വൻ വിജയം നേടിയ ശേഷം ദക്ഷിണേന്ത്യയിൽ കോൺഗ്രസ് സ്വന്തമാക്കുന്ന മറ്റൊരു വിജയമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള ജനപ്രീതിയാണ് മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി വിജയത്തിൽ എത്തിച്ചത് എന്നാണ് പാർട്ടി കരുതുന്നത്. ഇതിന് പുറമെ, അമിത്ഷായുടെ കൃത്യമായ ആസൂത്രണവും വിജയം സുനിശ്ചിതമാക്കി. സംസ്ഥാനങ്ങളിൽ ശക്തമായ രണ്ടാം നിര നേതൃത്വത്തെ വളർത്തിയെടുക്കാൻ കഴിയാതെ വന്നിട്ടും, നിലവിലെ ദേശീയ നേതൃത്വം വിജയത്തിന്റെ യന്ത്രമായി പ്രവർത്തിച്ചു. പാർട്ടി കേഡറുകളെ സജീവമാക്കി കോൺഗ്രസുമായുള്ള പോരാട്ടത്തിൽ മേൽക്കൈ നേടി.
കോൺഗ്രസിന് അതിന്റെ പ്രചാരണം അവസാനം വരെ നിലനിർത്താനുള്ള യന്ത്രസാമഗ്രികളും വിഭവങ്ങളും ഇല്ലായിരുന്നു. വോട്ടർമാരെ അണിനിരത്താൻ ബൂത്ത് ലെവൽ പ്രവർത്തകരെ ബി.ജെ.പി ഏകോപിപ്പിച്ചു. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തനം കൂടുതൽ സീറ്റുകൾ നേടാനുമുള്ള ശേഷി വർദ്ധിപ്പിച്ചു.
കോൺഗ്രസിന്റെ പരാജയം ഇന്ത്യൻ ബ്ലോക്കിനെ നേരിട്ട് ബാധിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഇന്ത്യ ബ്ലോക്കിന്റെ ന്യൂക്ലിയസാണ് കോൺഗ്രസ്. അതിന്റെ പ്രധാന പോരാട്ടം ബിജെപിക്കെതിരെയാണ്. തന്റെ ഭാരത് ജോഡോ യാത്രയുടെ വിജയത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിലും രാഹുൽ ഗാന്ധിക്ക് കാര്യമായൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല എങ്കിൽ, അദ്ദേഹം എന്താണ് വാഗ്ദാനം ചെയ്യുന്നത്? എങ്ങനെയാണ് പ്രതിപക്ഷ സംഘത്തിന് ശക്തമായ നേതൃത്വം ഉണ്ടാവുകയെന്നും ബി.ജെ.പി ചോദിക്കുന്നു.