Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലെ തോൽവിക്ക് കാരണം ഗെലോട്ടിന്റെ പിടിവാശി, കനുഗോലുവിനെ അടുപ്പിച്ചില്ല

ന്യൂദൽഹി- കർണാടകയിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചിരുന്നത്. ഇതിൽ വൻ വിജയം നേടിയ കോൺഗ്രസ് സുനിൽ കനുഗോലുവിനെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചിട്ടപ്പെടുത്താനും ക്ഷണിച്ചിരുന്നു. വിജയസാധ്യത കുറഞ്ഞവരെയും തീരെ വിജയിക്കാൻ സാധ്യതയില്ലാത്തവരെയും കനുഗോലുവിന്റെ സംഘം കണ്ടെത്തുകയും ഇതനുസരിച്ച് സ്ഥാനാർത്ഥി പട്ടിക തീരുമാനിക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്ത്രജ്ഞരേക്കാൾ സംസ്ഥാനത്തിന്റെ കാര്യങ്ങൾ തനിക്കറിയാമെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കി. എന്നാൽ ഡിസൈൻ ബോക്‌സ് എന്ന മറ്റൊരു ഏജൻസിയായിരുന്നു ഗെലോട്ടിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നീക്കിയിരുന്നത്. കനുഗോലുവിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ ഗെലോട്ട് തയ്യാറാകാതിരുന്നതാണ് രാജസ്ഥാനിൽ കൂറ്റൻ പരാജയത്തിന് കാരണങ്ങളിലൊന്ന് കോൺഗ്രസ് നേതൃത്വം തന്നെ വിലയിരുത്താനും തുടങ്ങി. 
അതേസമയം, കർണാടകക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസിന് വൻ വിജയം നേടിക്കൊടുത്തത് കനുഗോലുവിന്റെ തന്ത്രങ്ങളായിരുന്നു. 2014ൽ സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയെ (ബിആർഎസ്) പരാജയപ്പെടുത്തി തെലങ്കാനയിൽ കോൺഗ്രസ് വൻ വിജയം സ്വന്തമാക്കി. 

''തെലങ്കാനയിൽ ഞങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കോൺഗ്രസ് അവസരം നൽകി. ആന്തരിക സർവേ നടത്തുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. പാർട്ടി നേതാക്കളും മികച്ച സംഭാവന നൽകി. അവർ എപ്പോഴും ക്ഷമയോടെ ഞങ്ങൾ പറയുന്നത് കേൾക്കുകയും ഞങ്ങളുടെ ഉപദേശം ശ്രദ്ധിക്കുകയും ചെയ്തു-കനുഗോലുവിന്റെ സ്ഥാപനത്തിലെ ഒരു മുതിർന്ന അംഗം പറഞ്ഞു.
തങ്ങൾ നടത്തിയ ആഭ്യന്തര സർവേകളുടെ നിഷ്പക്ഷ സ്വഭാവമാണ് തെലങ്കാനയിലെ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കനുഗോലുവിന്റെ സ്ഥാപനത്തിലെ മറ്റൊരു അംഗം പറഞ്ഞു. ഉന്നതങ്ങളിൽ നിന്നോ പാർട്ടിയിൽ നിന്നോ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. കൂടാതെ, പാർട്ടിക്ക് അനുകൂലമായ പക്ഷപാതപരമായ റിപ്പോർട്ടുകൾ പുറത്തുവിടാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഗ്രൗണ്ട് റിയാലിറ്റി കടുത്ത പോരാട്ടമാണ് നിർദ്ദേശിക്കുന്നതെങ്കിൽ, പാർട്ടിയോട് ഇക്കാര്യം വ്യക്തമായി പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടായിരുന്നു. ഇത് ക്രിയാത്മക ചർച്ചകൾ കൊണ്ടുവരാൻ സഹായിച്ചു-അവർ പറഞ്ഞു. നേരത്തെ, പ്രശാന്ത് കിഷോറിന്റെ ഐ-പാക്കിൽ പ്രവർത്തിച്ച കനുഗോലു, കർണാടകയിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ കർണാടക മന്ത്രിസഭയിൽ കാബിനറ്റ് പദവിയുണ്ട് കനുഗോലുവിന്.
 

Latest News