സിംഗപ്പൂര്‍- കടയില്‍നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ.
ചില്ലറ വില്‍പന സ്‌റ്റോറില്‍ നിന്ന് വില ടാഗുകള്‍ നീക്കം ചെയ്ത് 1,700 സിംഗപ്പൂര്‍ ഡോളറിന്റെ (ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന വസ്ത്രങ്ങള്‍ മോഷ്ടിക്കാനാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്.
കുറ്റം സമ്മതിച്ച ബ്രഹ്മഭട്ട് കോമള്‍ ചേതന്‍കുമാര്‍, ക്രിസ്റ്റ്യന്‍ അര്‍പിത അരവിന്ദ്ഭായി എന്നിവര്‍ക്കാണ് യഥാക്രമം 40, 45 ദിവസങ്ങള്‍ ജയില്‍ശിക്ഷ വിധിച്ചത്. 27 വയസ്സായ ഇരുവരും വിദ്യാര്‍ഥി വിസയിലാണ് സിംഗപ്പൂരിലെത്തിയത്. മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരും ആദ്യം കോടതിയില്‍ ബോധിപ്പിച്ചിരുന്നതെന്ന് ദ സ്‌ട്രെയിറ്റ്‌സ് ടൈംസ് (The Straits Times ) റിപ്പോര്‍ട്ട് ചെയ്തു.
അപമാനകരമെന്ന് പറഞ്ഞ ഡിസ്ട്രിക്ട് ജഡ്ജി യൂജിന്‍ ടിയോ മേലില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്ന് പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
യൂണിക്ലോ സ്‌റ്റോറില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച സംഘത്തിലെ മറ്റ് നാല് ഇന്ത്യക്കാര്‍ക്കൊപ്പം ഒരേ ഫ് ളാറ്റിലാണ് കോമളും അര്‍പ്പിതയും താമസിച്ചിരുന്നത്.
ഭവിക് (24), വിശാല്‍ (23), ദര്‍ശന്‍ (22) എന്നീ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കു കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഭവിക്കും വിശാലുമാണ് വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും ബാക്കിയുള്ളവരെ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും കോടതി രേഖകള്‍ ഉദ്ധരിച്ച് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്‌ടോബര്‍ 12ന് വൈകിട്ട് ആറിന് ഓര്‍ച്ചാര്‍ഡ് സെന്‍ട്രലിലെ യൂണിക്ലോ ഔട്ട്‌ലെറ്റിലേക്ക് സംഘം പോയതായി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മാക്‌സിമിലിയന്‍ ച്യൂ കോടതിയെ അറിയിച്ചു.
വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത ശേഷം, സ്‌റ്റോറിന്റെ സുരക്ഷാ അലാറം പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അടങ്ങിയ െ്രെപസ് ടാഗുകള്‍ അവര്‍ നീക്കം ചെയ്തു.
തുടര്‍ന്ന് അവര്‍ സ്വയം ചെക്കൗട്ട് ഏരിയയില്‍ വസ്ത്രങ്ങള്‍ ബാഗുകളില്‍ നിറച്ചു. എല്ലാ സാധനങ്ങള്‍ക്കും പണം നല്‍കിയെന്ന ഭാവത്തിലാണ് പുറത്തുകടക്കാന്‍ ശ്രമിച്ചത്.
മൊത്തത്തില്‍ 1,788 ഡോളര്‍ വിലമതിക്കുന്ന 64 വസ്ത്രങ്ങള്‍ സംഘം മോഷ്ടിച്ചതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ആദ്യ ഗ്രൂപ്പിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഘം അതേ ഔട്ട്‌ലെറ്റില്‍ നിന്ന് 2,271 ഡോളര്‍ വിലമതിക്കുന്ന വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരുടെ ഗൂഢാലോചനയെക്കുറിച്ച് അധികൃതര്‍ക്ക് മനസ്സിലായത്.
സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ട സ്‌റ്റോര്‍ സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ വിവരം അറിയിച്ചതിനാല്‍ ശ്രമം പരാജയപ്പെട്ടു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ സംഘത്തിലെ അംഗങ്ങളെ പോലീസ് പിടികൂടിയെങ്കിലും ഭവിക്കും വിശാലും ദര്‍ശനും അപ്പോഴേക്കും സിംഗപ്പൂര്‍ വിട്ടിരുന്നു.
അറസ്റ്റിലായതിന് ശേഷം റിമാന്‍ഡില്‍ കഴിയുന്ന കോമളും അര്‍പ്പിതയും വീഡിയോ ലിങ്ക് വഴി ഡിസംബര്‍ ഒന്നിന് കോടതിയില്‍ ഹാജരായി.
സംഘത്തിലെ മറ്റ് നാല് പേരായ ഷിഹോര റിദാം മുകേഷ്ഭായ് (20), ഹുന്‍ സ്മിത് അശോക്ഭായ് (21) , കുവാഡിയ മിലന്‍ ഘന്‍ശ്യാംഭായ് (26), ചൗഹാന്‍ രുചി സഞ്ജയ്കുമാര്‍ (25) എന്നിവരെ നവംബര്‍ 22 ന് 40 മുതല്‍ 65 ദിവസം വരെ തടവിന് ശിക്ഷിച്ചിരുന്നു.