പാലക്കാട് - നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോജിക്കാൻ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതയ്‌ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളിൽ ബി.ജെ.പിയുടെ സമ്പൂർണ തകർച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിർത്തി തെരഞ്ഞടുപ്പ് നേരിട്ടാൽ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നും ഇത് കോൺഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ, ഇന്ത്യ മുന്നണിക്കൊപ്പം സി.പി.ഐ ശക്തമായി നിന്ന് തെലങ്കാനയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യ മുന്നണിക്കും കോൺഗ്രസിനും ഒപ്പം നിൽക്കാതെ മത്സരിച്ച സി.പി.എം എട്ടുനിലയിൽ പൊട്ടി. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് ഇന്ത്യ മുന്നണി ശക്തമാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ചില സി.പി.എം നേതാക്കളുടെ നീക്കങ്ങളും അന്ധമായ കോൺഗ്രസ് വിരോധവും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനും മതനിരപേക്ഷ കൂട്ടുകെട്ടിനും അനുഗുണമാകാറില്ല. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും ഒടുവിൽ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലുമെല്ലാം ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇത് പ്രകടമാണ്.
കേരളത്തിലെ സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയമാണ് പലപ്പോഴും കോൺഗ്രസുമായുള്ള സഹകരണത്തിന് ദേശീയ രോഷ്ട്രീയത്തിൽ അവർക്ക് തലവേദനയുണ്ടാക്കുന്നത്. എന്നാൽ, കേരളത്തിൽ ഇടതു മുന്നണിയോടൊപ്പം അടിയുറച്ചു നിൽക്കുമ്പോഴും എമ്പാടും പോരായ്മകൾക്കിടയിലും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് കരുത്തു പകരാൻ സി.പി.ഐ ഒട്ടും പിന്നാക്കം പോകാറില്ല. സി.പി.എമ്മിനെ അപേക്ഷിച്ച് എണ്ണത്തിലും ശക്തിയിലുമെല്ലാം കുറവാണെങ്കിലും ദേശീയ രാഷ്ട്രീയം കൃത്യമായി പഠിച്ച് ഇടത് രാഷ്ട്രീയത്തിന് മേൽവിലാസമുണ്ടാക്കാനും മതനിരപേക്ഷ ചേരിക്ക് ശക്തി പകരാനും സി.പി.ഐ നേതൃത്വം കാണിക്കുന്ന ആത്മാർത്ഥമായ ഇടപെടൽ അവർക്ക് രാഷ്ട്രീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഇടം സമ്മാനിക്കുന്നതായും വിലയിരുത്തലുണ്ട്.






