Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പേവിഷ ബാധയേറ്റ വളര്‍ത്തു പൂച്ച കടിച്ച പിതാവും മകനും മരിച്ചു

കാണ്‍പൂര്‍-തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ പൂച്ചയുടെ കടിയേറ്റ  അധ്യാപകനും 24 വയസ്സായ മകനും മരിച്ചു. കാണ്‍പൂര്‍ ദേഹാത്ത് ജില്ലയിലെ അക്ബര്‍പൂര്‍ പട്ടണത്തിലാണ് സംഭവം. വളര്‍ത്തുപൂച്ചയുടെ കടിയും പോറലകളുമേറ്റ അധ്യാപകനും മകനും ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് മരിച്ചത്. ബേസിക് സ്‌കൂളിലെ പ്രധാനാധ്യാപകനായ ഇംതിയാസുദ്ദീന്‍(58) മകന്‍ അസീം അക്തര്‍ (24) എന്നിവരാണ് മരിച്ചത്.
സെപ്റ്റംബറിലാണ്  പേയിളകിയ തെരുവ് നായ ഇവരുടെ വളര്‍ത്തു പൂച്ചയെ കടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കാണ്‍പൂര്‍ ദേഹത്ത് ജില്ലാ മജിസ്‌ട്രേറ്റ് അലോക് സിംഗ് പറഞ്ഞു.
പൂച്ചയുടെ പേവിഷബാദവീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. കടിയേറ്റ പൂച്ചക്ക് പൊതുവായ ചികിത്സ മാത്രമാണ് നല്‍കിയിരുന്നത്. രണ്ടാഴ്ച മുമ്പ് ഇമിതിസുദ്ദീനേയും നോയിഡയില്‍ ജോലി ചെയ്യുന്ന മകന്‍ അസീം അക്തറിനേയും (24) പൂച്ച കടിക്കുകയും പോറുകയും ചെയ്തിരുന്നു.
പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ നല്‍കുന്നതിനു പകരം ഇരുവര്‍ക്കും ടെറ്റനസ് കുത്തിവെപ്പാണ് നല്‍കിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പൂച്ച ചത്തിട്ടും വീട്ടുകാര്‍ കാര്യം ഗൗരവത്തിലെടുത്തില്ല. നവംബര്‍ 21 ന് കുടുംബം ഭോപ്പാലിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ചാണ് അസീമിന്റെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭോപ്പാലിലെ പ്രാഥമിക ചികില്‍സയ്ക്കുശേഷം നവംബര്‍ 25ന് കാണ്‍പൂരിലേക്ക് കൊണ്ടുവരികയായിരുന്ന അസീം വഴിമധ്യേയാണ് മരിച്ചത്.
നവംബര്‍ 29 ന് രാത്രി ഇംതിയാസുദ്ദീന്റെ ആരോഗ്യവും വഷളാകാന്‍ തുടങ്ങി. ഇറ്റാവയിലെ സൈഫായിലെ ഉത്തര്‍പ്രദേശ് മെഡിക്കല്‍ സയന്‍സസ് സര്‍വകലാശാല ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം.  
സംഭവവികാസങ്ങള്‍ മറച്ചുവെച്ചാണ് കുടുംബം അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇംതിയാസുദ്ദീന്റെ ഭാര്യയുടെയും മകളുടെയും ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മരിച്ചയാളുടെ കുടുംബത്തില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ജില്ലാ മജ്‌സ്‌ട്രേറ്റ് പറഞ്ഞു.  ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളുള്ള പ്രദേശത്തെ ആളുകളെ പരിശോധിക്കാനും ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തെരുവ് നായ്ക്കളെയും പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

 

Latest News