ന്യൂദല്‍ഹി- മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഢിലും മികച്ച നേട്ടമുണ്ടാക്കി ബി.ജെ.പി മുന്നേറുമ്പോള്‍ ചൊവ്വാഴ്ച യോഗം വിളിച്ച് ഇന്ത്യാ മുന്നണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ദല്‍ഹിയിലെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.
മുന്നണിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. രൂപീകരണത്തിന് പിന്നാലെ തന്നെ ഇന്ത്യ സഖ്യത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെതിരെ മറ്റ് കക്ഷികളില്‍ അമര്‍ഷം പുകയുകയാണ്. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ പരിഗണിക്കുന്നില്ലെന്നാണ് ആരോപണം.
ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോള്‍ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ താല്‍പര്യം കാട്ടുന്നതെന്നായിരുന്നു വിമര്‍ശം.