Sorry, you need to enable JavaScript to visit this website.

ഹിന്ദി മേഖല കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു, ദക്ഷിണേന്ത്യയിലേക്ക് ചുരുങ്ങുമോ പാര്‍ട്ടി?

ന്യൂദല്‍ഹി- ഹിന്ദി ഹൃദയഭൂമിയില്‍ വെല്ലാന്‍ ആരുമില്ലെന്ന സന്ദേശം ഒരിക്കല്‍കൂടി ബി.ജെ.പി രാജ്യത്തിന് പകരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ അവര്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. പ്രവചനങ്ങളെല്ലാം കാറ്റില്‍ പകര്‍ത്തി കോണ്‍ഗ്രസ് തകര്‍ന്നു. വിജയിക്കുമെന്ന് കരുതിയ രാജസ്ഥാനും ഛത്തീസ്ഗഢും അവര്‍ക്കില്ലെന്നാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്. ദക്ഷിണേന്ത്യയുടെ ഭാഗമായ തെലങ്കാന മാത്രമാണ് മാറിച്ചിന്തിച്ചത്.

ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോഡി നയിച്ച തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബി.ജെ.പി കൈപ്പിടിയൊലുതുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതിരുന്നിട്ടും ബി.ജെ.പി തിരിച്ചുവരവിന് പാതയൊരുക്കിയത് മോഡി ഫാക്ടറാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയില്‍ ബി.ജെ.പിക്ക് തന്നെ വിശ്വാസമില്ലാത്തതിനാലാണ് ഇവിടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിപ്പിടിക്കാതിരുന്നത്. കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും ഇറക്കിയാണ് ബി.ജെ.പി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്. അഭിപ്രായസര്‍വേകള്‍ ബി.ജെ.പിക്ക് തിരിച്ചടി പ്രവചിച്ചിരുന്നിടത്താണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് ബി.ജെ.പി എത്തിയത്. രാജസ്ഥാനില്‍ ചരിത്രം ആവര്‍ത്തിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു. ജനക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളിലും ചരിത്രം തിരുത്താമെന്ന ഗഹലോത്തിന്റെ പദ്ധതികള്‍ പാളി. എങ്കിലും 2013 ലെ പോലെ വലിയ തകര്‍ച്ചയില്ലാതെ കോണ്‍ഗ്രസ് പിടിച്ചുനിന്നു.
ഛത്തീഗഡില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇതുസംബന്ധിച്ച കണക്കു കൂട്ടലുകളും നടന്നിരുന്നു. പക്ഷെ, തെലങ്കാനയിലെ വന്‍ വിജയക്കുതിപ്പ് മാത്രമേ കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളു.

പ്രാദേശിക നേതൃത്വത്തിന്റെ കീഴിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. രാഹുല്‍ - പ്രിയങ്ക കൂട്ടുകെട്ടില്‍ അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു പ്രചാരണത്തിലുടനീളം. മുഖ്യസ്ഥാനത്തിരിക്കേണ്ടത് ആര് എന്നതിന്റെ സൂചനകളും കോണ്‍ഗ്രസിന് അതാത് സംസ്ഥാനങ്ങളില്‍ ധാരണ ഉണ്ടായിരുന്നു. അശോക് ഗെഹ്ലോതിന്റെ കീഴില്‍ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടപ്പോള്‍, മധ്യപ്രദേശില്‍ കമല്‍ നാഥായിരുന്നു ചുക്കാന്‍ പിടിച്ചത്. ഛത്തീസ്ഗഡിലാകട്ടെ ഭൂപേഷ് ബാഗേലും.

എന്നാല്‍ ബി.ജെ.പിയുടെ കാര്യം നേരെ തിരിച്ചായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും മണ്ഡലങ്ങളില്‍ വന്ന് മത്സരിച്ചപ്പോള്‍ ആരാണ് നയിക്കേണ്ടത് എന്ന കാര്യം ഒരിക്കല്‍പോലും ബി.ജെ.പി. കേന്ദ്ര നേതൃത്വം തുറന്നു പ്രഖ്യാപിച്ചില്ല. നരേന്ദ്ര മോഡി എന്ന പ്രചാരണായുധം മാത്രമായിരുന്നു ബി.ജെ.പിയുടെ മുമ്പില്‍ ഉണ്ടായിരുന്നത്. ഓരോ സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി മോഡി മുന്നില്‍ നിന്നു. മോഡി മാജിക്കിന് മുമ്പില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനാകാതെ പോയി.

അഞ്ച് സംസ്ഥാനങ്ങളിലും ആരെയും മുഖ്യസ്ഥാനത്തതേക്ക് ഉയര്‍ത്തിക്കാണിക്കാതെയുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആരുവേണമെങ്കിലും മുഖ്യമന്ത്രി ആയേക്കാം എന്ന് ജനവും വിലയിരുത്തി. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മോഡി പ്രചാരണത്തിലുടനീളം ജനങ്ങളിലെത്തി. ഫലം, കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു.

 

Latest News