ന്യൂദല്‍ഹി - പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് തുണയായത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അതില്‍ നാലിലും വിജയത്തിലേക്ക് നീങ്ങാന്‍ ബി ജെ പിക്ക് കഴിഞ്ഞത് നരേന്ദ്രമോഡിയുടെയും അമിത്ഷായുടെ തന്ത്രങ്ങള്‍ കൊണ്ട് തന്നെയാണെന്ന് വ്യക്തം. വലിയ തോതില്‍ ഭരണവിരുദ്ധ തരംഗം അലയടിക്കുമെന്ന് പ്രതീക്ഷിച്ച മധ്യപ്രദേശില്‍ നരേന്ദ്ര മോഡിയുടെ കാടിളക്കിയുള്ള പ്രാചരണം തന്നെയാണ് ബി ജെ പിക്ക് വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം സാധ്യമാക്കിയത്. കേന്ദ്ര ഭരണത്തിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോഡി നടത്തിയെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് വേണം കരുതാന്‍. അതേസമയം അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വിനയായത്. ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നും അത് തങ്ങള്‍ക്ക് തുണയാകുമെന്നും കോണ്‍്ഗ്രസ് നേതൃത്വം കരുതി. എന്നാല്‍ ആദിവാസി മേഖലയിലും മറ്റ് ന്യൂനപക്ഷ മേഖലകളിലും കാലിനടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് അവര്‍ അറിഞ്ഞില്ല. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണവിരുദ്ധ വികാരം അലയടിക്കുന്നതും അത് ബി ജെ പി മുതലെടുക്കുന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന് കാണാന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാറിന്റെ പേരില്‍ തന്നെയാണ് ഇവിടെയും പ്രധാനമന്ത്രി വോട്ട് പിടിച്ചത്. ആദിവാസി മേഖലയിലുണ്ടായ വോട്ട് ചോര്‍ച്ചയാണ് ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന വിനയായത്. അവിടെയും അമിത ആത്മവിശ്വാസം ചതിച്ചു. ആദിവാസി മേഖലയിലെ വോട്ടര്‍മാര്‍ വലിയ തോതില്‍ ബി ജെ പിക്കൊപ്പം നിലകൊണ്ടു വലിയ തിരിച്ചടികള്‍ക്കിടയിലും കോണ്‍്ഗ്രസിന് ആശ്വാസമായത് തെലങ്കാന മാത്രമാണ്. ഭരണമുന്നണിയായ ബി ആര്‍ എസിന് മൂന്നാം ഊഴം നല്‍കാതെ പിടിച്ചു കെട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. തെലങ്കാനയുടെ രൂപീകരണം മുതല്‍ അവിടുത്തെ അനിഷേധ്യ നേതാവായിരുന്ന കെ.ചന്ദ്രശേഖര റാവുവിന്റെ ബി ആര്‍ എസിനെ തറപറ്റിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ സംഘടനാ ശേഷിയേക്കാള്‍ ഭരണവിരുദ്ധ വികാരമാണ് കോണ്‍്ഗ്രസിനെ തുണച്ചത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷത്തേക്കാല്‍ വലിയ മുന്നേറ്റം ഇവിടെ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതും ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രധാനമായും വിലയിരുത്തപ്പെടേണ്ട കാര്യമാണ്.