Sorry, you need to enable JavaScript to visit this website.

ഡിജിറ്റല്‍ അറസ്റ്റ്; സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപം, കേസുകള്‍ വര്‍ധിക്കുന്നു

ന്യൂദല്‍ഹി-സൈബര്‍ തട്ടിപ്പിന്റെ പുതിയ രൂപമായ ഡിജിറ്റല്‍ അറസ്റ്റ് സംഭവങ്ങള്‍ വര്‍ധിക്കുന്നു.  ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും രണ്ട് കേസുകള്‍ കൂടി ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്ത്രീകളാണ് ഡിജിറ്റല്‍ ചോദ്യം ചെയ്യിലനും ഡിജിറ്റല്‍ അറസ്റ്റിനും വിധേയരായത്.
രണ്ട് സംഭവങ്ങളിലും ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. നിയമപാലകരെന്ന വ്യാജേനയാണ് സൈബര്‍ കുറ്റവാളികളുടെ പുതിയ തട്ടിപ്പ്. അവിശ്വസനീയമെന്ന് തോന്നുന്ന രീതിയിലാണ് ഈ തട്ടിപ്പുകള്‍ അരങ്ങേറിയിരിക്കുന്നത്.
ആധാര്‍ കാര്‍ഡ്, സിം കാര്‍ഡ്, ബാങ്ക് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് നടത്തുന്ന പുതിയ തരം തട്ടിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്. കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിച്ച് വിശ്വസിപ്പിച്ച ശേഷം ഇരകളില്‍ നിന്ന്  പണം തട്ടിയെടുക്കുന്നു.
ഫരീദാബാദില്‍ 23 കാരിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ലഖ്‌നൗവിലെ കസ്റ്റംസ് ഓഫീസറാണെന്ന് അവകാശപ്പെട്ടാണ്  യുവതിക്ക്  കോള്‍ ലഭിച്ചത്. യുവതിയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച പാസ്‌പോര്‍ട്ടുകളും കാര്‍ഡുകളും അടങ്ങിയ പാഴ്‌സല്‍ കംബോഡിയയിലേക്ക് അയച്ച കാര്യമാണ് വിളിച്ചയാള്‍ ആദ്യം അന്വേഷിച്ചത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം.
കുട്ടികളെ വിദേശത്തേക്ക് അയക്കാന്‍ ആളുകള്‍ പണം തന്നുവെന്നും ഏകദേശം 3.80 കോടി രൂപ തട്ടിയെടുത്തതായി പരാതികള്‍ ലഭിച്ചുവെന്നുമാണ് യുവതിയെ വിശ്വസിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളച്ചയാള്‍ക്ക് പിന്നാലെ സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വിളിച്ചയാള്‍ തുകയുടെ അഞ്ച് ശതമാനം, അതായത് 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ചോപ്പള്‍ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വിവരിക്കുന്നു.
സൈബര്‍ കുറ്റവാളികള്‍ മനഃശാസ്ത്രപരമായ തന്ത്രങ്ങളാണ് പ്രയോഗിച്ചത്. യുവതിയെ  സ്‌കൈപ്പില്‍ ലോഗിന്‍ ചെയ്യിപ്പിച്ച ശേഷം ഒരു ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷമാണ് യുവതിയെ ഡിജിറ്റല്‍ അറസ്റ്റില്‍നിന്ന് മോചിപ്പിച്ചത്.   
നോയിഡയിലെ സംഭവത്തില്‍ യുവതിയില്‍നിന്ന് 11 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.  ഇവിടെയും സമാനമായ രീതി പിന്തുടര്‍ന്ന് സൈബര്‍ ക്രിമനിലുകള്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെന്ന പേരിലാണ് ഇരയെ സാങ്കല്‍പ്പിക ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെടുത്തിയത്. ആധാര്‍ കാര്‍ഡും മറ്റ് വ്യക്തിഗത വിവരങ്ങളും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വാങ്ങുന്നതിനും നിയമവിരുദ്ധമായ പരസ്യത്തിനും സ്ത്രീകളെ ഉപദ്രവിക്കുന്നതിനും ഉപയോഗിച്ചുവെന്നാണ് യുവതിയോട് പറഞ്ഞത്.
പിന്നീട് തന്റെ കോള്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥനെന്ന് പറയുന്ന ഒരാള്‍ക്ക് കൈമാറിയെന്നും ഫോണിലൂടെ പ്രാഥമിക ചോദ്യം ചെയ്യലും തുടര്‍ന്ന് സ്‌കൈപ്പ് വീഡിയോ കോണ്‍ഫറനന്‍സ് നടത്തിയെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനുശേഷം ഒരു എയര്‍ലൈന്‍ സ്ഥാപകന്‍ നടത്തിയ പണം വെളുപ്പിക്കല്‍ കേസുമായി ബന്ധമുണ്ടെന്നും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അറിയിച്ചു.  
സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണത്തിന് ആവശ്യമാണെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാര്‍ യുവതിയെ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം കൈമാറാന്‍ നിര്‍ബന്ധിച്ചു.  ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ അതീവ രഹസ്യമായിരിക്കണമെന്നും പറഞ്ഞു.  
യുവതിയുടെ അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് ഉണ്ടായിരിക്കണമെന്നും ഇതിനായി വേണമെങ്കില്‍  ഐസിഐസിഐയില്‍ നിന്ന് 20 ലക്ഷം രൂപയുടെ വ്യക്തിഗത തല്‍ക്ഷണ വായ്പയ്ക്ക് അപേക്ഷിക്കാമെന്നും  ഉപദേശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ ആധാര്‍ കാര്‍ഡ് ഉറപ്പുവരുത്താനെന്ന പേരില്‍  സ്‌കൈപ്പില്‍ യവതിയുടെ ഒപ്പിന്റെ ചിത്രം പകര്‍ത്തിയെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
തട്ടിപ്പ് മനസ്സിലാക്കിയ യുവതി തന്റെ  11.11 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നും  രാവിലെ മുതല്‍ രാത്രി വരെ ഡിജിറ്റല്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ സൈബര്‍ െ്രെകം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി നോയിഡ സെക്ടര്‍ 36 ലെ സൈബര്‍ െ്രെകം പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ റീത്ത യാദവ് പറഞ്ഞു.
പോലീസ് ഒരിക്കലും ആരെയും ഡിജിറ്റലായി ചോദ്യം ചെയ്യില്ല.  ആരെങ്കിലും ഇതുപോലെ ഭീഷണിപ്പെടുത്തിയാല്‍ ശരിയായ നോട്ടീസ് അയക്കാനാണ് ആവശ്യപ്പെടേണ്ടത്. വിളിച്ചയാളോട് വിശദാംശങ്ങള്‍ ചോദിച്ച ശേഷം പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകുമെന്ന് അറിയിക്കാം.
പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാതാരിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് ബോധവല്‍ക്കരണം അനിവാര്യമാണെന്നും റീത്ത യാദവ് പറഞ്ഞു.

 

Latest News