ടെൽഅവീവ്- ഗാസയിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുന്നതിന് ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ഇനി പങ്കെടുക്കുന്നില്ലെന്ന് ഇസ്രായിൽ ഔദ്യോഗികമായി വ്യക്തമാക്കി. ഖത്തറിലെ വെടിനിർത്തൽ ചർച്ചകൾ അവസാനിപ്പിച്ചതായും ഇസ്രായിൽ വ്യക്തമാക്കി. ദോഹയിൽ തങ്ങുന്ന മൊസാദിന്റെ അംഗങ്ങളോട് തിരിച്ചുവരാനും ഇസ്രായിൽ ഉത്തരവിട്ടു.
ഗാസയിൽ ഒരാഴ്ചയോളം നീണ്ടുനിന്ന വെടിനിർത്തൽ അവസാനിപ്പിച്ച ശേഷം കനത്ത ആക്രമണമാണ് ഇസ്രായിൽ നടത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനകം 200-ലേറെ പേരെ സൈന്യം കൊന്നൊടുക്കി. ഗാസ മുനമ്പിന്റെ അതിർത്തിയിൽ ഇസ്രായിൽ സൈനികരും ടാങ്കുകളും സൈനിക വാഹനങ്ങളും ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.