മലബാർ ലിറ്ററേച്ചർ ഫെസ്റ്റിനെ തള്ളിപ്പറഞ്ഞ് ദാറുൽ ഹുദ; നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്- കടപ്പുറത്ത് ആരംഭിച്ച മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവെലിനെ തളളിപ്പറഞ്ഞ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഹുദ. ദാറുൽ ഹുദയിൽനിന്ന് പഠനം പൂർത്തിയാക്കിയ ഹുദവികളുടെ നേതൃത്വത്തിലുള്ള ബുക് പ്ലസാണ് കോഴിക്കോട്ട് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവെൽ നടത്തുന്നത്. അതേസമയം, ബുക് ഫെസ്റ്റുമായി ബന്ധമില്ലെന്നും ദാറുൽ ഹുദയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ബുക് പ്ലസിന്റെ പേരിൽ ചില ഹുദവികളുടെ നേതൃത്വത്തിൽ ഫെസ്റ്റിവെൽ നടക്കുന്നതെന്നും ഇസ്ലാമിക അധ്യാപനങ്ങൾക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങൾക്കും വിരുദ്ധമായ രീതിയിൽ നടത്തപ്പെടുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ദാറുൽഹുദാക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ഇതിൽ പങ്കാളികളായ ഹുദവികളുടെ ഭാഗഭാഗിത്വത്തെ പറ്റി അന്വേഷിച്ച് ഉചിതമായ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണെന്നും വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയും ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയും അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെയാണ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്തത്.


 

Latest News