പര്‍ദയില്ലാതെ പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി; മുസ്ലിം യുവതി ഹൈക്കോടതിയില്‍

ന്യൂദല്‍ഹി-പര്‍ദ്ദയില്ലാതെ ബലം പ്രയോഗിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മുസ്ലിം യുവതി നല്‍കിയ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി സിറ്റി പോലീസിന്റെ മറുപടി തേടി.
നവംബര്‍ ആറിന്  പുലര്‍ച്ചെ മൂന്ന് മണിക്ക് ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ അവളുടെ വീട്ടില്‍ അതിക്രമിച്ച് കയറി, നിയമവിരുദ്ധമായി പരിശോധന നടത്തിയെന്നും പര്‍ദ ധരിക്കാന്‍ അനുവദിക്കാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നും ഹരജില്‍ ആരോപിച്ചു.  നിയമങ്ങള്‍ ലംഘിച്ച് 13 മണിക്കൂര്‍  തടഞ്ഞുവെച്ചുവെന്നും അഭിമാനത്തിന് ക്ഷതമേല്‍പിച്ചുവെന്നുമാണ് പരാതി.
സ്ത്രീകള്‍ മതപരമായ ആചാരങ്ങളെ കുറിച്ച് പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ ബോധവത്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സൗര്‍ബ ബാനര്‍ജി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചു.
ഭരണഘടന അനുശാസിക്കുന്ന ഹരജിക്കാരിയുടെ മൗലികാവകാശങ്ങളുടെയും സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന് കീഴിലുള്ള മനുഷ്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ് പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് ഹരജിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എം സുഫിയാന്‍ സിദ്ദിഖി വാദിച്ചു.
പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍  സംരക്ഷിക്കാന്‍ ജസ്റ്റിസ് ബാനര്‍ജി പോലീസിനോട് നിര്‍ദ്ദേശിച്ചു.

 

Latest News