Sorry, you need to enable JavaScript to visit this website.

ജി. എസ്. ടി വിഹിതത്തില്‍ കേന്ദ്രം വെട്ടിക്കുറച്ചെന്ന് കെ. എന്‍. ബാലഗോപാല്‍

പാലക്കാട്- കേരളത്തിന് ലഭിക്കേണ്ട ജി. എസ്. ടി വിഹിതത്തില്‍ നിന്ന് കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. നവംബര്‍ അവസാനത്തോടെ ലഭിക്കേണ്ട തുകയാണ് വെട്ടിക്കുറച്ചതെന്നും ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവംബറില്‍ 1450 കോടി രൂപ കിട്ടേണ്ടതായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പണം വെട്ടിക്കുറക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും തുക വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളെ പരിഗണിച്ചത് ഒരുപോലെയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കേരളത്തിനാണ് ഏറ്റവും വലിയ വെട്ടിക്കുറവുണ്ടായിരിക്കുന്നത്. ഇത്ര വലിയ തുക വെട്ടിക്കുറച്ചത് ബോംബ് ഇടുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇതു സംബന്ധിച്ച് നല്‍കിയിരിക്കുന്ന കത്തില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തുക വെട്ടിക്കുറക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായും കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.

പുറത്തു നിര്‍മിച്ചു കേരളത്തില്‍ വില്‍ക്കുന്ന വസ്തുക്കള്‍ക്ക് അവിടെ ശേഖരിക്കുന്ന ജി. എസ്. ടിയില്‍ നിന്ന് കേരളത്തിന് കിട്ടേണ്ട തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 6000 കോടി രൂപ ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്ന് 57,000 കോടി രൂപ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News