Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോകലും പോലീസും മാധ്യമങ്ങളും

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ഒരുപാട് വിഷയങ്ങൾ കേരളീയ സമൂഹത്തിനു മുന്നിൽ ഉന്നയിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനം കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റവാളികളെ പിടികൂടാൻ പോലീസിനു വേണ്ടിവന്ന കാലതാമസമാണ്. നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം പിറകിലാണെന്നതിന്റെ തെളിവായി ഈ സംഭവം.
ഒരു കാര്യം ശരിയാണ്. കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാനാകാത്ത ഒരവസ്ഥയിലേക്ക് കുറ്റവാളികളെ എത്തിക്കാൻ നമുക്കു കഴിഞ്ഞു. നാട്ടുകാരും പോലീസും മാധ്യമങ്ങളും നടത്തിയ മാതൃകാപരമായ പ്രവർത്തനമാണ് അതിനു കാരണമായത്. ഓരോ മലയാളിയുടെയും കൺമുന്നിൽ ആ കുട്ടിയുടെ മുഖം പതിഞ്ഞിരുന്നു. അതിനാൽ തന്നെ കുഞ്ഞുമായി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലേക്ക് കുറ്റവാളികൾ എത്തി. അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായത്. അത്രയും സ്വാഗതാർഹമാണ്. എന്നാൽ അങ്ങനെ ആശ്വസിക്കാവുന്ന ഒരവസ്ഥയല്ല ഇന്നു സംസ്ഥാനത്ത് നിലനിൽക്കുന്നത്.
കേരളത്തെ കുറിച്ച് ഇല്ലാത്ത അവകാശവാദങ്ങൾ നിരന്തരമായി നാം കേൾക്കാറുണ്ട്. ഇതു കേരളമാണ് എന്ന അഹങ്കാരത്തോടെയുള്ള വാക്കുകളും. എന്നാൽ ഒരർത്ഥത്തിലും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അവകാശവാദമാണിത്. എന്താണ് ഇന്നു കേരളത്തിൽ നടക്കാത്തത്? ഒന്നുമില്ല എന്നു ബോധ്യമാകാൻ നമ്മുടെ പത്രങ്ങൾ മറിച്ചുനോക്കിയാൽ മാത്രം മതിയല്ലോ. കുട്ടികളുടെ കാര്യം തന്നെ നോക്കാം. ഈ സംഭവത്തിൽ കുഞ്ഞിനെ തിരിച്ചുകിട്ടിയെന്നതു ശരി. എന്നാൽ ഈ വർഷം കാണാതായ കുഞ്ഞുങ്ങളുടെ എണ്ണം ഇതിനകം നൂറു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷമത് 200 ൽപരമായിരുന്നു. എന്നിട്ടാണ് ഇതു കേരളമാണെന്ന് നാം അഹങ്കരിക്കുന്നത്.
കുറ്റവാളികൾക്ക് കുഞ്ഞിനെ ഉപേക്ഷിച്ചു പോകേണ്ടിവന്ന രീതിയിൽ സമ്മർദമുണ്ടാക്കാൻ നമുക്കായെങ്കിലും പോലീസിനു ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാനാവില്ല. സംഭവം നടന്ന ശേഷം വളരെ പെട്ടെന്നു തന്നെ പരിശോധനകൾ കർക്കശമാക്കി പ്രതികൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കിയെന്നു പറയുമ്പോഴും, അവർ കേരളം വിട്ടുപോയി. മാത്രമല്ല, പ്രതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഏറെ ജനവാസമുള്ള മേഖലയിൽ നിന്നും ഉപേക്ഷിച്ചത് കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുമാണ്. 
റോഡ് നീളെ എ.ഐ ക്യാമറകളും സി.സി ടി.വി ക്യാമറകളുമുള്ള പ്രദേശമാണ് കേരളം. എന്നിട്ടാണിത് സംഭവിക്കുന്നത്. മാത്രമല്ല, കുറ്റവാളികൾ ഫോൺ ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്നു പ്രത്യക്ഷമായും പരോക്ഷമായും പറയുന്ന ഉദ്യോഗസ്ഥരെയും കണ്ടു. 
മൊബൈൽ ഉപയോഗിക്കാത്ത കുറ്റവാളിയെ പിടികൂടാനാകാത്ത അവസ്ഥയിലേക്ക് നമ്മുടെ പോലീസ് എത്തിക്കഴിഞ്ഞു എന്നർത്ഥം. കേരള പോലീസ് ലോക നിലവാരത്തിലെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുമ്പോഴാണ് ഇതു സംഭവിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു വിഷയം മാധ്യമ പ്രവർത്തനത്തിന്റേതാണ്. ഏറെകാലമായി കേരളത്തിലെ മാധ്യമ പ്രവർത്തകർക്കെതിരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. അതാകട്ടെ, തികച്ചും ആസൂത്രിതമാണുതാനും. ഈയവസരവും അതിനായാണ് ഈ ശക്തികൾ ഉപയോഗിക്കുന്നത്. ഏതോ മാധ്യമ പ്രവർത്തകന്റെ വായിൽ നിന്നു അനുചിതമായ ഒരു ചോദ്യം വീണു എന്ന പേരിലാണ് സംഘടിത ആക്രമണം നടക്കുന്നത്. ഈ സംഭവമുണ്ടായ ശേഷം 24 മണിക്കൂറും അതിനു പിറകിലായിരുന്നു മാധ്യമങ്ങൾ. കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് ആ കുഞ്ഞിനെ കണ്ടപ്പോഴേക്കും തിരിച്ചറിയാൻ അവിടെയുള്ളവർക്ക് കഴിഞ്ഞത് ഇടവേളകളില്ലാതെ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത അവളുടെ ചിരിക്കുന്ന മുഖമാണ്. ഒരു നാടിന്റെ മനസ്സിലേക്ക് ഒരു ആറു വയസ്സുകാരിയുടെ നിഷ്‌കളങ്കമായ മുഖം പതിപ്പിച്ചു നൽകിയതു മാധ്യമങ്ങളാണ്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും കുഞ്ഞിന്റെ മാതാപിതാക്കളും ഇക്കാര്യം അംഗീകരിക്കുമ്പോഴാണ് ഒരു വിഭാഗം തങ്ങളുടെ അജണ്ടയുമായി മുന്നോട്ടു പോകുന്നത്. അടുത്തിടെ മറിയക്കുട്ടി എന്ന വൃദ്ധക്കെതിരെ നുണപ്രചാരണം നടത്തിയ മാധ്യമത്തെ നേഞ്ചേറ്റുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും എന്നതാണ് തമാശ.
വാസ്തവത്തിൽ മാധ്യമങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം എന്താണെന്നറിയാത്തവരാണ് അവക്കെതിരെ സംഘടിത അക്രമം നടത്തുന്നത്. അതിനു കാരണം ഒന്നേയുള്ളൂ. തങ്ങൾ പിന്തുണയ്ക്കുന്ന പ്രസ്ഥാനം നേതൃത്വം നൽകുന്ന സർക്കാരിനെ വിമർശിക്കുന്നു എന്നത്. അഖിലേന്ത്യാ തലത്തിൽ ബി.ജെ.പി അതു ചെയ്യുമ്പോൾ കേരളത്തിൽ സിപിഎം ചെയ്യുന്നു എന്നു മാത്രം. 
രാജാവിനെ സ്തുതിച്ച് പട്ടും വളയും വാങ്ങുകയല്ല മാധ്യമങ്ങളുടെ കടമ എന്നും അവയെന്നും പ്രതിപക്ഷമാകണമെന്നും അത്തരമൊരു ലക്ഷ്യത്തോടെയാണ് അവക്ക് ഫോർത്ത് എസ്റ്റേറ്റ് എന്ന വിശേഷണം ലഭിച്ചതെന്നും അറിയാത്തവരാണ്, അല്ലെങ്കിൽ അറിയില്ലെന്നു നടിക്കുന്നവവരാണ് ഇതിനു പിറകിൽ. 'മന്നവേന്ദ്രാ വിളങ്ങുന്നു...' എന്ന വരികൾ ഉരുവിടുന്ന മാധ്യമങ്ങൾ ഉണ്ടായിരിക്കാം. അതിനാലാണ് ഇന്ത്യയിൽ ദൃശ്യമാധ്യ രംഗത്തെ അതികായകനായ ശശികുമാർ സർക്കാരിനു കൈയടിക്കലല്ല, വിമർശിക്കലാണ് മാധ്യമങ്ങളുടെ കടമ എന്നു അടുത്തിടെ ആവർത്തിച്ചു പറഞ്ഞത്. അത്തരത്തിൽ സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതാണ് ഇടതു സൈബർ പടയെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. 
'ഉത്തരേന്ത്യയിലും മറ്റും മാധ്യമ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുമ്പോൾ പിന്തുണയ്ക്കായി കേരളത്തെയാണ് ഞങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ, കാര്യങ്ങൾ മാറിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്ര ഭരണകൂടം തയാറാക്കിയ അച്ച് അതേപടി ഇവിടെയും ഉപയോഗിക്കപ്പെടുന്നു...' അടുത്തയിടെ ഇതു പറഞ്ഞത് രാജ്യത്തെ ഏറെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനും ധീരമായ പത്രപ്രവർത്തനത്തിന് ഉദാഹരണമായി പലപ്പോഴും നമ്മളെല്ലാം ചൂണ്ടിക്കാണിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററുമായ ആർ. രാജഗോപാലാണ്. രാജഗോപാലിനെതിരെ സ്ഥാപനം നടപടിയെടുത്തതും നാം കണ്ടു. 
മാധ്യമങ്ങളെല്ലാം മഹത്തരമാണെന്നോ അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നോ അവർക്ക് പ്രത്യേക നിയമമുണ്ടെന്നോ അല്ല പറയുന്നത്. എല്ലാ മേഖലയിലുമുള്ള ജീർണത അവിടെയുമുണ്ട്. മാത്രമല്ല, ഇന്നു മിക്കവാറും മാധ്യമങ്ങളുടെ ഉടമകൾ കോർപറേറ്റുകളും രാഷ്ട്രീയ പാർട്ടികളും മതസംഘടനകളുമാണ്. ഉറപ്പായും ഉടമകളുടെ താൽപര്യം അവയിൽ പ്രതിഫലിക്കാതിരിക്കില്ലല്ലോ. എന്നാൽ രാജഗോപാൽ ചൂണ്ടിക്കാട്ടിയ പോലെ ഉടമകളെയോ പത്രാധിപരെയോ മിക്കപ്പോഴും വേട്ടയാടുന്നതേയില്ല. എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ചിന്തകരുടെയുമെല്ലാം നാവടപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കിൽ, അതിനെ വിമർശിക്കുന്നവർ ഭരിക്കുന്ന കേരളത്തിലും നടക്കുന്നത് മറ്റൊന്നല്ല. 
ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകങ്ങളാണ് അല്ലെങ്കിൽ ആകേണ്ടതാണ് രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും. തീർച്ചയായും ഇവർ തമ്മിൽ സ്നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. അവർ മുഖാമുഖം തന്നെയാണ് നിൽക്കേണ്ടത്. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരാണെങ്കിൽ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമർശന വിധേയമാക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാൽ ഇവർക്കിടയിൽ എന്നും പ്രശ്നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മിൽ. 
ഒരു ഭരണകൂടം ഫാസിസ്റ്റാകുന്നുണ്ടോ എന്നു തിരിച്ചറിയാൻ അത് മാധ്യമ സ്വാതന്ത്ര്യത്തോട് സ്വീകരിക്കുന്ന നിലപാടെന്താണെന്നു പരിശോധിച്ചാൽ മതിയെന്നു പറയാറുണ്ട്. ലോകത്തെവിടെയും അതങ്ങനെതന്നെ യാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണെന്നും അതാകട്ടെ അനുദിനം പിറകോട്ടു പോകുകയാണെന്നും എത്രയോ വാർത്തകൾ വന്നിരിക്കുന്നു. 

കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യത്തും മാധ്യമ സ്വാതന്ത്ര്യം പോയിട്ട് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം പോലും നിലവിലില്ല. പകരം സർക്കാർ മാധ്യമങ്ങൾ മാത്രമാണുള്ളത്. അതു തന്നെയാണ് ഇവിടത്തെ ഇടതുപക്ഷക്കാരുടേയും ഉള്ളിലിരിപ്പ്. ഇവിടെ കൈരളിയും ദേശാഭിമാനിയും മാത്രം മതിയെന്നാണവർ ആഗ്രഹിക്കുന്നത്. നിരന്തരം വെല്ലുവിളികൾ നേരിടുമ്പോഴും ഇന്ത്യയിൽ ഇപ്പോഴും ജനാധിപത്യ സംവിധാനം നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് ഇടതുപക്ഷം മാധ്യമ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്നത്. 

ഫാസിസവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ ഭരണകൂടത്തിൽ നിന്നു മറ്റെന്തു പ്രതീക്ഷിക്കാൻ? എന്നാൽ അതിനെ നിരന്തരം വിമർശിക്കുന്നവരാണല്ലോ കേരളം ഭരിക്കുന്നത്. അവരുടെയും അവരെ പിന്തുണക്കുന്നവരുടെയും നിലപാടും വ്യത്യസ്തമല്ല എന്നതാണ് യാഥാർത്ഥ്യം. ലോകതലത്തിൽ തന്നെ മാധ്യമ സ്വാതന്ത്ര്യം അഗീകരിക്കുന്നതിൽ ഇടതുപക്ഷം പിറകിൽ തന്നെയാണെന്നതിൽ സംശയമില്ല. 
ചരിത്രം പരിശോധിച്ചാൽ അതു വ്യക്തമാകും.  കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യത്തും മാധ്യമ സ്വാതന്ത്ര്യം എന്തിന് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം പോലും നിലവിലില്ല എന്നതാണല്ലോ വസ്തുത. പകരം സർക്കാർ മാധ്യമങ്ങൾ മാത്രമാണുള്ളത്. 
അതു തന്നെയാണ് ഇവിടത്തെ ഇടതുപക്ഷക്കാരുടെയും ഉള്ളിലിരിപ്പ്, എന്നു വ്യക്തം. ഇവിടെ കൈരളിയും ദേശാഭിമാനിയും മാത്രം മതിയെന്നാണവർ ആഗ്രഹിക്കുന്നത്. നിരന്തരം വെല്ലുവിളികൾ നേരിടുമ്പോഴും ഇന്ത്യയിൽ ഇപ്പോഴും ജനാധിപത്യ സംവിധാനം നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് ഇടതുപക്ഷം മാധ്യമ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്നത് എന്നതു കൂടി ഈ സംഭവ വികാസങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ്.

Latest News