ഇന്ത്യയെ പൂർണമായും ഹിന്ദു രാഷ്ട്രമാക്കുന്നതിന് വേണ്ടി നിലകൊള്ളുകയും അതിനെ മുഖ്യ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആർ.എസ്.എസ് രൂപീകരിച്ചിട്ട് നൂറ് വർഷം തികയുന്നത് 2025 ലാണ്. ആർ.എസ്.എസ് നൂറ് വർഷം തികയ്ക്കുമ്പോൾ ഇന്ത്യ ഹൈന്ദവ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടണമെന്ന ആവശ്യമാണ് പരിവാർ സംഘടനകൾക്കുള്ളിൽ അവർ ഉയർത്തുന്നത്. അതിനനുസരിച്ച് തന്നെയാണ് ബി.ജെ.പി അവരുടെ അജണ്ട സെറ്റ് ചെയ്യുന്നതും.
ഇന്ത്യയുടെ ദേശീയ മുദ്രയായി അംഗീകരിച്ചിട്ടുള്ള ശിൽപമാണ് അശോക സ്തംഭം. അശോക ചക്രവർത്തിയുടെ ഭരണകാലത്ത് ഉത്തർ പ്രദേശിലെ സാരനാഥിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലുതും മനോഹരവുമായ അശോക സ്തംഭത്തിൽ നിന്നാണ് 1950 ജനുവരി 26 ന് അത് ഇന്ത്യയുടെ ദേശീയ മുദ്രയായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. സമാധാനത്തിന്റെ പ്രതീകമായ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള 24 ആരക്കാലുകളുള്ള ചക്രമാണ് ഇന്ത്യയുടെ ദേശീയ പതാകയിൽ പതിപ്പിച്ചിട്ടുള്ളത്. അതായത് ഇന്ത്യ എന്ന രാജ്യത്തിന്റെയും 142 കോടിയോളം വരുന്ന അതിലെ ജനങ്ങളുടെയും സ്വത്വത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതാണ് അശോക സ്തംഭം.
എന്നാൽ ആ അടയാളപ്പെടുത്തലിനെപ്പോലും ഇല്ലാതാക്കിക്കൊണ്ട് ഒരു മതരാഷ്ട്രമെന്ന നിലയിലേക്ക് എത്ര വേഗത്തിലാണ് നരേന്ദ്ര മോഡി ഭരണകൂടം ഇന്ത്യയെ കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്ന് അശോക സ്തംഭം എടുത്തുമാറ്റിയത്. പകരം അവിടെ സ്ഥാപിച്ചിരിക്കുന്നത് ഹിന്ദുദൈവമായി വിശ്വസിക്കപ്പെടുന്ന ധന്വന്തരിയുടെ ചിത്രമാണ്. ദേവൻമാരുടെ കഥകളിൽ അവരുടെ വൈദ്യനായിരുന്നുവത്രേ ധന്വന്തരി. അധികമാരും അറിയാതെ പോയ ഈ ലോഗോ മാറ്റം ദേശീയ മുദ്രയെ പൂർണമായും ഒഴിവാക്കി പകരം ഹിന്ദുത്വത്തെയും അതിന്റെ ചിഹ്നങ്ങളെയും രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയായി കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.
ഇന്ത്യയെ പൂർണമായും ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനും മറ്റ് മതവിഭാഗങ്ങളിൽ പെട്ടവരെ, പ്രത്യേകിച്ച് മുസ്‌ലിംകളെ രാജ്യത്ത് നിന്ന് ഉൻമൂലനം ചെയ്യുന്നതിനുമായി നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്ന നയങ്ങളെക്കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടുകയും അതിനെതിരെ പല രീതിയിലുള്ള പ്രതിരോധങ്ങൾ നടക്കുകയും ചെയ്യുന്ന സമയമാണിത്. എന്നാൽ എത്ര വേഗത്തിലാണ് മോഡി ഭരണകൂടം തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതിന്റെ സൂചനയാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്ന് അശോക സ്തംഭം വെട്ടിമാറ്റിയത്. മാത്രമല്ല ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് പുതിയ ലോഗോയുടെ ഭാഗമായി ചേർക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിന് കീഴിൽ രാജ്യത്തെ എറ്റവും പ്രധാന റഗുലേറ്ററി ബോഡിയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ. ഇന്ത്യയുടെ ആരോഗ്യ നയം തീരുമാനിക്കുകയും മെഡിക്കൽ വിദ്യാഭ്യാസത്തെയും മെഡിക്കൽ പ്രൊഫഷണലുകളെയും നിയന്ത്രിക്കുകയും ചെയ്യുന്ന ബോഡി കൂടിയാണിത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വളർച്ചയിലും മുന്നോട്ടുള്ള പോക്കിലും അതിപ്രധാന പങ്കാണ് നാഷണൽ മെഡിക്കൽ കമ്മീഷന് നിർവഹിക്കാനുള്ളത്. കമ്മീഷന്റെ പ്രവർത്തനങ്ങളെ ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന ഘടകമെന്ന നിലയിലാണ് ദേശീയ മുദ്രയായ അശോക സ്തംഭം നാഷണൽ മെഡിക്കൽ കമ്മീഷന്റെ മുദ്രയിൽ ചേർത്തിരുന്നത്. അത് വെട്ടിമാറ്റി ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തുകയും ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുകയും ചെയ്തതിലൂടെ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് ലോകരാജ്യങ്ങൾക്ക് വ്യക്തമായ സൂചന നൽകുകയാണ് മോഡി ഭരണകൂടം ചെയ്യുന്നത്. അശോക സ്തംഭം മാറ്റി പകരം നാലു കൈയുള്ള ഹിന്ദു ദൈവത്തെ കൊണ്ടു വന്നതിനെ അത്ര നിസ്സാരമായോ നിഷ്‌കളങ്കമായോ കാണാൻ പറ്റില്ല. ഇന്ത്യ പൂർണമായും മതരാഷ്ട്രമായി മാറാൻ ഇനി അധികം സമയം വേണ്ടിവരില്ല എന്നതിന്റെ സൂചനയാണത്. ഇന്ത്യയുടെ ദേശീയ മുദ്രയായ അശോക സ്തംഭത്തിൽ നാലു ദിക്കുകളിലേക്കായി തിരിഞ്ഞു നിൽക്കുന്ന സിംഹങ്ങൾക്ക് പകരം നാലു ഹിന്ദു ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ദേശീയ പതാകയിലെ ആരക്കാലുകൾക്ക് പകരം ത്രിശൂലമോ അതല്ലെങ്കിൽ മറ്റേതെങ്കിലും ഹൈന്ദവ ബിംബങ്ങളോ വന്നേക്കാം.
ഇവിടെ ഏറ്റവും പ്രധാനമായി കാണേണ്ടത് ഹിന്ദു രാഷ്ടത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിനായി ഭരണകൂടം നടപ്പാക്കുന്ന വഴികളെ കുറിച്ചാണ്. വിവിധ മതങ്ങളും ജാതികളും വൈവിധ്യങ്ങളും നിലനിൽക്കുന്ന ജനാധിപത്യ ഇന്ത്യയെ ഒറ്റയടിക്ക് ഹിന്ദു രാഷ്ട്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ മതേതര വിശ്വാസികളിൽ നിന്നുണ്ടാകുന്ന ചെറുത്തുനിൽപിനെ ഭരണകൂടം കാണുന്നുണ്ട്. അപ്പോൾ സർക്കാരിനുള്ള എളുപ്പവഴി ഭരണാധികാരം ഉപയോഗിച്ച് ആദ്യം ഔദ്യോഗിക സംവിധാനങ്ങളെയല്ലാം ഹൈന്ദവവത്കരിക്കുകയെന്നതാണ്.
അതിനുള്ള തീവ്ര നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാർലമെന്റിലുള്ള ഭൂരിപക്ഷം വെച്ച് ഇത്തരം നീക്കങ്ങൾ നടത്തുന്നതിന് ബി.ജെ.പി സർക്കാരിന് യാതൊരു പ്രയാസവുമില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഔദ്യോഗിക സംവിധാനങ്ങൾ ഏതാണ്ട് പൂർണമായും തന്നെ ഇത്തരത്തിൽ മതവത്കരിക്കപ്പെടും.
മുമ്പെങ്ങുമില്ലാത്ത വിധം ഹൈന്ദവ വർഗീയത വലിയ തോതിൽ ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലെത്താനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നത്. മൂന്നാം തവണയും അധികാരത്തിലെത്താൻ കഴിഞ്ഞാൽ ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കുകയെന്ന അവരുടെ പ്രഖ്യാപിത അജണ്ട നടപ്പാക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. ഇന്ത്യയുടെ ദേശീയതയും ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളുമെല്ലാം പൂർണമായും മതവത്കരിക്കപ്പെടും. ഇതിനെ അംഗീകരിച്ചാൽ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് നിലനിൽക്കാനാകൂവെന്ന അവസ്ഥയുണ്ടാകും. നൂറ്റാണ്ടുകൾക്ക് പിന്നിലെ ഇരുണ്ട യുഗത്തിലേക്ക് രാജ്യം പിന്തള്ളപ്പെടും.
ഇന്ത്യയെ പൂർണമായും ഹിന്ദു രാഷ്ട്രമാക്കുന്നതിന് വേണ്ടി നിലകൊള്ളുകയും അതിനെ മുഖ്യ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആർ.എസ്.എസ് രൂപീകരിച്ചിട്ട് നൂറ് വർഷം തികയുന്നത് 2025 ലാണ്. ആർ.എസ്.എസ് നൂറ് വർഷം തികയ്ക്കുമ്പോൾ ഇന്ത്യ ഹൈന്ദവ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടണമെന്ന ആവശ്യമാണ് പരിവാർ സംഘടനകൾക്കുള്ളിൽ അവർ ഉയർത്തുന്നത്. അതിനനുസരിച്ച് തന്നെയാണ് ബി.ജെ.പി അവരുടെ അജണ്ട സെറ്റ് ചെയ്യുന്നതും.
മോഡി ഭരണകൂടം ഓരോ മേഖലയെയും തങ്ങളുടെ അജണ്ടക്കനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം അതിന്റെ അവസാനത്തിലെത്തിക്കഴിഞ്ഞു. ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക മേഖലയിൽ ഹൈന്ദവ അധിനിവേശം നേരത്തെ തന്നെ തുടങ്ങിയതാണ്. ഹൈന്ദവ തത്വശാസ്ത്രങ്ങളിൽ അടിസ്ഥാനമായ ചിന്തകളിലൂടെ മാത്രമേ ഇനി സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കേണ്ടതുള്ളൂവെന്ന് തീരുമാനിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ അശോക സ്തംഭം മാറ്റി ഹൈന്ദവ ദൈവത്തെ പ്രതിഷ്ഠിച്ച് ആരോഗ്യ മേഖലയിൽ ഹൈന്ദവവത്കരണം നടപ്പാക്കുന്നത്. ഇന്ത്യ പൂർണ മതരാഷ്ട്രമായി മാറാൻ ഇനിയും അധികമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്ന വലിയ ആത്മവിശ്വാസം സംഘപരിവാർ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അവർ കണക്കുകൂട്ടിയതനുസരിച്ച് കാര്യങ്ങൾ വേഗത്തിൽ തന്നെ നടക്കുന്നുവെന്നതാണ് യാഥാർഥ്യം. രാജ്യത്ത് ഏകാധിപത്യ ഭരണ വ്യവസ്ഥ സൃഷ്ടിക്കാനാണ് മോഡി ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് വളരെ പെട്ടെന്നുള്ള ഒരു പരിണാമം മോഡി ഭരണകൂടം നടത്തിക്കൊണ്ടു വരുന്നുണ്ട്. അതിലേക്കുള്ള പ്രധാന ചവിട്ടുപടികളിലൊന്നായി നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തെ കാണാം.