തട്ടിക്കൊണ്ടു പോകല്‍ പണത്തിന് വേണ്ടി,പിന്നില്‍ പത്മകുമാറും കുടുംബവും മാത്രം, കുട്ടിയുടെ അച്ഛനുമായി ബന്ധമില്ല - എ ഡി ജി പി

കൊല്ലം - കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ പത്മകുമാറും കുടുംബവും മാത്രം ആസൂത്രണം ചെയ്തതാണെന്നും ഒന്നര മാസം മുന്‍പാണ് ഇതിനായുള്ള കാര്യങ്ങള്‍ വേഗത്തിലാക്കിയതെന്നും എ ഡി ജി പി എം.ആര്‍. അജിത്ത് കുമാര്‍ മാധ്യങ്ങളോട് പറഞ്ഞു. പത്മകുമാറിന് അടിയന്തരമായി 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. അഞ്ച് കോടിയിലധികം രൂപയുടെ കടം പത്മകുമാറിനുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ അച്ഛന് പത്മകുമാറുമായി യാതൊരു ബന്ധവുമില്ലെന്നും എ ഡി ജി പി പറഞ്ഞു. പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയി പണമുണ്ടാക്കാമെന്ന ആശയം മുന്നില്‍ വെച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഇങ്ങനെ ഒരു ആശയം ഇവരുടെ മനസ്സിലുദിച്ചത്. ഇക്കാര്യം പത്മകുറിന്റെ അമ്മയുമായി പങ്കുവെച്ചെങ്കിലും അവര്‍ തടഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അമ്മ മരിച്ചതോടെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോകലിന് വീണ്ടും പദ്ധതി തയ്യാറാക്കിയത്. വിവിധ സ്ഥലങ്ങളില്‍ ഇതിനായി കുട്ടികളെ കണ്ടെത്തിയെങ്കിലും അതൊന്നും നടന്നില്ല. പത്മകുമാറിന്റെ മകളും കേസിലെ പ്രതിയുമായ അനുപമയ്ക്ക് മാസത്തില്‍ അഞ്ച് ലക്ഷം വരെ യൂട്യൂബില്‍ നിന്ന് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ അത് നിലച്ചതോടെയാണ് കുടുംബം വലിയ സാമ്പത്തിക ബാധ്യതയിലായതെന്നും എ ഡി ജി പി പറഞ്ഞു.

 

Latest News