ഡോക്ടറെ കേസില്‍ പെടുത്താതിരിക്കാന്‍ 20 ലക്ഷം രൂപ കൈക്കൂലി; ഇ.ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈ- കൈക്കൂലി ആയി വാങ്ങിയ  20 ലക്ഷം രൂപയുമായി ഇ.ഡി ഉേദ്യാഗസ്ഥന്‍ പിടിയിലായതിന് പിന്നാലെ ഇ.ഡി മധുര ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. മധുര യൂണിറ്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയാണ് കൈക്കൂലി പണവുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്.  കേസില്‍ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി മധുര ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.  

സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തില്‍ വെച്ചായിരുന്നു അറസ്റ്റ് . മുമ്പ് ഗുജറാത്തിലും മദ്ധ്യപ്രദേശിലും ജോലി ചെയ്തിരുന്ന അങ്കിതാണ് പിടിയിലായത്. തമിഴ്‌നാട് മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇ.ഡി നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത് ഇ.ഡിക്കെതിരായ പ്രചാരണം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന തരത്തില്‍ ഡിഎംകെ പ്രചാരണം നടത്തുന്നുണ്ട്.  കഴിഞ്ഞ മാസം രാജസ്ഥാനിലും ഇ ഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു.  

 

Latest News