കിക്കോബോഗ-ഒരേ ദിവസം ഒരേ എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടം. കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. കിക്കോബോഗ എയര്‍സ്ട്രിപ്പിലുണ്ടായ അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസയമം വിമാനങ്ങള്‍ക്ക് കാര്യമായ കേടുപാടുണ്ട്.
30 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമായി സാന്‍സിബാറില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കിക്കോബോഗ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം അപകടത്തില്‍ പെട്ടത്. പ്രധാന ലാന്‍ഡിംഗ് ഗിയര്‍ തകര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മുക്കുകുത്തി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം ആറ് മണിക്കൂറിന് ശേഷം കിക്കോബോഗ എയര്‍സ്ട്രിപ്പ് തന്നെ മറ്റൊരു അപകടത്തിന് വേദിയായി. അത്രതന്നെ യാത്രക്കാരുമായി മറ്റൊരു വിമാനം കിക്കോബോഗയില്‍ നിന്ന് സാന്‍സിബാറിലേക്ക് പറന്നുയര്‍ന്നപ്പോള്‍ നോസ് ഗിയര്‍ തകരാറിലായി. വിമാനം നിര്‍ത്തുന്നതിന് മുമ്പ് വലത് ചിറക് കെട്ടിടത്തില്‍ ഇടിച്ചു. വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
വിമാനങ്ങളുടെ കേടുപാടുകള്‍ കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യത്തെ വിമാനം പുല്ലിന് മുകളിലാണെങ്കില്‍ രണ്ടാമത്തെ വിമാനത്തില്‍നിന്ന് ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ പുക ഉയരുന്നത് കാണാം.
റണ്‍വേ സാധാരണ നിലയിലായെങ്കിലും ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവങ്ങള്‍ അന്വേഷിച്ചുവരികയാണ്.
വിചിത്രമെന്നാണ് ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത്.
ഒരേ മാതൃകയിലുള്ള രണ്ട് വിമാനങ്ങള്‍ക്ക് ഒരേ ദിവസം ഒരേ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗിയര്‍ പ്രശ്‌നമുണ്ടായതാണ് അവര്‍ക്ക് അവിശ്വസനീയവും വിചിത്രവുമായി തോന്നുന്നത്.
Two EMB-120 Brasilia aircraft (5H-FLM and 5H-MJH) were damaged in separate accidents at Kikoboga Airstrip near Mikumi National Park, Tanzania.
— Herbie aka the Gasman… (@HerbieNL) November 28, 2023
5H-MJH had a gear collapse on landing. 5H-FLM hit a building with a wing and suffered a nose gear collapse. pic.twitter.com/8r0VtZvqVE






