മക്ക- ഹജിനെത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി മക്കയിൽ ഉപയോഗശൂന്യമായ ലിഫ്റ്റിൽ കയറി താഴേക്ക് വീണു മരിച്ച സംഭവം ലിഫ്റ്റ് കമ്പനിയുടെ പിഴവെന്ന് സൂചന. കേടായ ലിഫ്റ്റിന് മുകളിൽ ഒരു തരത്തിലുള്ള മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കടലുണ്ടി സ്വദേശി റിട്ടയേർഡ് അധ്യാപകൻ ബഷീർ മാസ്റ്ററാണ് ഇന്നലെ മക്കയിലെ താമസ സ്ഥലത്ത് മരിച്ചത്. മുറിയിൽനിന്ന് പുറത്തിറങ്ങിയ ബഷീർ മാസ്റ്റർ ലിഫ്റ്റിന് മുന്നിൽ നിൽക്കുന്നതും ഏതാനും സെക്കന്റുകൾക്ക് ശേഷം ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് പോകുന്നതും കാണാം. ലിഫ്റ്റിലേക്ക് കയറിയ ഉടൻ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്ത്യൻ ഹജ് മിഷന് കീഴിലാണ് ബഷീർ മാസ്റ്റർ ഹജിന് എത്തിയിരുന്നത്. ഒരുതരത്തിലുള്ള സുരക്ഷാ പരിശോധനയും പൂർത്തിയാക്കാതെ, പഴക്കം ചെന്ന കെട്ടിടങ്ങളാണ് പലപ്പോഴും ഹാജിമാർക്ക നൽകുന്നത് എന്ന് പരാതി നേരത്തെ തന്നെയുണ്ട്. ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ് വായിക്കാം. ഇന്ന് നേരം പുലർന്നത് മക്കയിൽ നിന്നുള്ള ദാരുണമായ ഒരു മരണ വാർത്തയുമാണ്. കുട്ടിക്കാലം മുതൽ കണ്ടു പരിചയമുള്ള കടലുണ്ടി സ്വദേശി ബഷീർ മാസ്റ്റർ. കോഴിക്കോട് ജെ ഡി ടി സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകൻ. ഇന്ത്യൻ ഹജ്ജ് മിഷനിൽ ഹജ്ജിന് വന്നതായിരുന്നു. മൂന്നാം നിലയിൽ നിന്നും താഴേക്കിറങ്ങാൻ വേണ്ടി ലിഫ്റ്റിന്റെ വാതിൽ തുറന്ന് ധൃതിയിൽ കാലെടുത്ത് വെച്ചതാണ്. ലിഫ്റ്റുണ്ടായിരുന്നില്ല. സാങ്കേതിക തകരാറു കാരണം വാതിൽ തുറന്നതാണ്. ലിഫ്റ്റിൻറെ കുഴിയിലേക്ക് വീണുപോയി. ഹറമിൽ പോയതാണെന്ന് കരുതി കൂടെയുള്ളവർ കാത്തിരുന്നു. തിരിച്ചു വരാതിരുന്നപ്പോഴാണ് അന്വേഷിക്കുന്നത്.. ഉച്ചക്ക് വീണുപോയ ആളുടെ മയ്യത്ത് പുറത്തെടുക്കുന്നത് അർദ്ധരാത്രിയിലാണ്. എല്ലാ മരണവാർത്തകളും ദുഖകരമാണ്.. എന്നാൽ ചില മരണമാർത്തകൾ നമ്മെ വല്ലാതെ പിടിച്ചുലച്ചു കളയും. ബഷീർ മാസ്റ്ററുടെ മരണം അത്തരത്തിലൊന്നായി. പഴകിയ കെട്ടിടങ്ങളിൽ താമസിക്കുന്ന എല്ലാ ഹാജിമാരും ശ്രദ്ധിക്കണം. ലിഫ്റ്റിൽ എപ്പോഴും തിരക്കുള്ളതിനാൽ ഡോർ തുറന്നാൽ പെട്ടെന്ന് ചാടിക്കയറും. സാങ്കേതിക തകരാറുകളോ മറ്റോ കാരണം ഇതുപോലുള്ള അത്യാഹിതങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ സർക്കാറിനോടും ഇന്ത്യൻ ഹജ്ജ് മിഷനോടും അഭ്യർത്ഥിക്കാനുള്ളത് പഴകിയ കെട്ടിടങ്ങൾ നമ്മുടെ ഹാജിമാർക്കായി ബുക്ക് ചെയ്യരുത് എന്നാണ്. നല്ല താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കാൻ വേണ്ടത്ര കാശ് ഹാജിമാരിൽ നിന്ന് വാങ്ങിക്കുന്നുണ്ട്. അപ്പോൾ അവർക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും അതീവ ജാഗ്രത വേണം.. ഇനി മറ്റൊരു ഹാജിക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ.