ടിക് ടോക്കിന് തിരിച്ചടിയായി സൗദിയില്‍ അപ്രതീക്ഷിത നീക്കം

റിയാദ്-സൗദിയിലെ ടെലികോം കമ്പനികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പാക്കേജുകളില്‍നിന്ന് ടിക് ടോക് നീക്കം ചെയ്തു തുടങ്ങി. സൗദി അനുകൂല ഉള്ളടക്കം അനുവദിക്കൂന്നി ല്ലെന്ന് ആരോപിച്ച് രാജ്യത്ത് ടിക് ടോക് ബഹിഷ്‌കരണ കാമ്പയിന്‍ ആരംഭിച്ചതിനു പിന്നെലെയാണ് ടെലികോം കമ്പനികളുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കം. സൗദി കമ്പനികള്‍ ടിക്‌ടോക്കുമായുള്ള പരസ്യ കരാറുകള്‍ അവസാനിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സൗദിയുമായി ബന്ധപ്പെട്ട ഉള്ളടക്കം സെന്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്‌ഫോം സൗദി അറേബ്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന അഭിപ്രായങ്ങള്‍ അനുവദിക്കുകയും അതേസമയം നിരവധി സൗദി അക്കൗണ്ടുകള്‍ മരവിപ്പിക്കകുയം സൗദി അനുകൂല പോസ്റ്റുകള്‍ നീക്കുകയും ചെയ്യുന്നുണ്ട്.
സൗദിക്ക് അനുകൂലമായ വീഡിയോ പോസ്റ്റ് ചെയ്താല്‍ ആ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയോ വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്താക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സൗദിയില്‍ നടക്കുന്നത്. ഹമാസ്ഇസ്രായില്‍ യുദ്ധത്തിനിടെ ഫലസ്തീനികള്‍ക്കുള്ള സൗദിയുടെ സഹായത്തെ പ്രശംസിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ഫലസ്തീന്‍ സ്വദേശിയുടെ ടിക് ടോക് അക്കൗണ്ട് നീക്കം ചെയ്തിരുന്നു.

 

Latest News