Sorry, you need to enable JavaScript to visit this website.

ബെൻഗൂറിയൻ കനാൽ പദ്ധതിയുടെ പ്രസക്തി

ജി-ഇരുപത് ദൽഹിയിൽ അവസാനിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന ഒരു വൻകിട ഗതാഗത പദ്ധതിയുടെ പ്രഖ്യാപനമായിരുന്നു അത്. 
തുറമുഖ, റോഡ്, റെയിൽ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് രൂപം കൊള്ളുന്ന ഏറ്റവും എളുപ്പമുള്ള മാർഗമായിട്ടാണ് ഇതവതരിപ്പിക്കപ്പെട്ടത്. ബ്രിട്ടീഷ് ഇന്ത്യയിൽ ബോംബെ തുറമുഖത്തുനിന്നും ഒരു കപ്പൽ ലണ്ടനിൽ എത്തണമെങ്കിൽ 17,000 നോട്ടിക് മൈൽ സഞ്ചരിക്കണമായിരുന്നു. 1869 ൽ സൂയസ് കനാൽ യാഥാർഥ്യമായതോടെ അത് പതിനായിരമായി ചുരുങ്ങി. നിർദിഷ്ട ഇടനാഴി യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്ക് ഗതാഗതം വളരെ എളുപ്പമാകുമെന്ന് കണക്കാക്കപ്പെടുന്നു.
1956-57 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുൾനാസർ സൂയസ് കനാൽ ദേശസാൽക്കരിച്ചതോടെ ഉടലെടുത്ത പ്രതിസന്ധിയും പിന്നീട് 1963-1967 വർഷങ്ങളിൽ ഇസ്രായിലുമായി ഈജിപ്ത് അടക്കമുള്ള അറബ് രാജ്യങ്ങൾ നയിച്ച യുദ്ധങ്ങൾ തീർത്ത അനിശ്ചിതത്വവും ഇനിയും അതിനുള്ള സാധ്യതയും അതോടൊപ്പം സൂയസ് കനാലിന്റെ വീതി കുറവ് കാരണം വലിയ കപ്പലുകൾക്ക് ഇരുഭാഗത്തേക്കും ഒരേസമയം കടന്നുപോകാൻ കഴിയാത്ത സങ്കേതിക പ്രതിസന്ധിയും എല്ലാം ചേർന്ന് ചെങ്കടലിൽ നിന്നാരംഭിച്ച് മെഡിറ്ററേനിയൻ കടലിൽ അവസാനിക്കുന്ന ഒരു ബദൽ ഇടനാഴി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇസ്രായിലും ചേർന്ന് 1960 കളിൽ രൂപപ്പെടുത്തിയിരുന്നു. 
ഇസ്രായിലിന്റെ പിതാവെന്നറിയപ്പെടുന്ന ആദ്യ പ്രധാനമന്ത്രി ബെൻഗൂറിയോണിന്റെ നാമധേയത്തിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. 1963 ൽ ഇതിന്റെ കരട് തയാറാക്കുകയും 1993 ൽ പൊതുജന സമക്ഷം വെക്കുകയും ചെയ്തു.
ചരിത്ര പ്രസിദ്ധമായ തുറമുഖമാണ് അഖബ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഏലിയ. അവിടെനിന്നും ഗാസ മുനമ്പ് വഴി മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശിക്കുന്ന 293 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു കനാൽ നിർമിക്കുകയാണ് ലക്ഷ്യം. ഇസ്രായിലിന്റെ നെഗേവ് മരുഭൂപ്രദേശത്തെ മലകൾക്കും ജോർദാന്റെ ഉയർന്ന പ്രദേശങ്ങൾക്കുമിടയിലൂടെ 1300 അടി താഴ്ചയിൽ 200 മീറ്റർ വീതിയിലാണ് കനാൽ. പല ഘട്ടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങിയെങ്കിലും ഫലസ്തീൻ ജനതയുടെ പ്രതിഷേധം കാരണം സാധിച്ചിട്ടില്ല.
30-55 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന കനാൽ പദ്ധതിയുടെ 1996 ൽ പുറത്തുവിട്ട രേഖ പ്രകാരം 520 ആണവ ബോംബുകൾ ഇതിനായി മണ്ണിനടിയിൽ കുഴിച്ചിട്ട് സ്ഫോടനം നടത്തും. ഒരുപക്ഷേ, ലോക ചരിത്രത്തിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയായിരിക്കുമിത്. മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശിക്കേണ്ടത് ഗാസയുടെ പ്രദേശത്തു വടക്കൻ ഗാസയിലൂടെയാണ്. ഗാസ ഭരിക്കുന്നത് ഹമാസ് ആണ്. ഈ വിഷയമാണ് സീനായിലേക്ക് ഗാസക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി തയാറാക്കാൻ ഇസ്രായിലിനെ പ്രേരിപ്പിച്ചത്.
ബെൻഗൂറിയൻ ജലപാത യാഥാർഥ്യമായാൽ ഈജിപ്തിന്റെയും അറബ് ലോകത്തിന്റെയും കച്ചവട കുത്തക തകരും, അവരുടെ വിലപേശാനുള്ള കഴിവ് നഷ്ടപ്പെടും, കുറച്ചു വർഷങ്ങളായി ഇസ്രായിൽ വളർത്തിയെടുത്ത ആത്മീയ 
ടൂറിസത്തോടൊപ്പം കൊമേഴ്‌സ്യൽ ടൂറിസവും പുഷ്ടിപ്പെടും, സാമ്പത്തിക-സൈനിക മേധാവിത്വത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരും. 
പതിയെ അമേരിക്കയെ പിന്തള്ളി ലോകക്രമം ഇസ്രായിലിന്റെ ആധിപത്യത്തിലേക്ക് വരും. അമേരിക്കൻ ഡോളറിന്റെ മേധാവിത്വം ഇല്ലാതെയാവും. കറൻസിയുടെ സ്വഭാവം തന്നെയും മാറിയേക്കും. ഒരു കനാൽ വഴി ഇസ്രായിൽ രാജ്യത്തും ലോകത്തും വരുത്തിയേക്കാവുന്ന മാറ്റം അഭൂതപൂർവമായിരിക്കും.  
തങ്ങൾക്ക് മേൽ മറ്റൊരു ശക്തിയും വാഴില്ലെന്ന് ഉറപ്പിക്കുന്നതോടെ ഇസ്രായിൽ ലോക രാഷ്ട്രങ്ങളോട് യുദ്ധം പ്രഖ്യാപിക്കും. അബ്രഹാം കരാറിനാൽ ചതിക്കപ്പെട്ട അറബ് രാജ്യങ്ങൾക്ക് നേരെയാകും അവരുടെ ആദ്യ പരാക്രമങ്ങൾ അരങ്ങേറുക. 1948 ൽ രൂപീകരിക്കപ്പെട്ട ഇസ്രായിലിന്റെ അതിർത്തി അന്നോ അതിന് ശേഷം എപ്പോഴെങ്കിലുമോ നിർണയിക്കപ്പെട്ടിട്ടില്ല. ആറ് ശതമാനം ഭൂമി മാത്രമുണ്ടായിരുന്ന യഹൂദർക്ക് ഐക്യരാഷ്ട്ര സഭ 56 ശതമാനമാണ് അനുവദിച്ചത്. 43 ശതമാനം ഫലസ്തീനികൾക്കും ജറൂസലം ഉൾക്കൊള്ളുന്ന മൂന്ന് ശതമാനം അന്താരാഷ്ട്ര പ്രദേശമായും വീതം വെച്ചു. ഇസ്രായിൽ പാർലമെന്റിന്റെ നടുത്തളത്തിൽ എഴുതിവെക്കപ്പെട്ട ഒരു വാചകം ഇപ്രകാരമാണ്: 'ഇസ്രായിലേ, നിന്റെ അതിർത്തികൾ നൈൽ മുതൽ യൂഫ്രട്ടീസ് വരെയാണ്'. അറബ് ലോകത്തിന്റെ സിംഹ ഭാഗവും ഈ പരിധിക്കകത്ത് വരും.
ചതിയിലൂടെയാണെങ്കിലും ഐക്യരാഷ്ട്ര സഭ അനുവദിച്ചതിന്റെ അഞ്ചിലൊന്ന് ഭൂമി പോലും ഇന്ന് ഫലസ്തീൻ ജനതക്ക് അനുഭവവേദ്യമല്ല. എഴുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം  ഫലസ്തീൻ ജനതക്ക് രണ്ട് തുണ്ടം ഭൂമി മാത്രമാണ് അവശേഷിക്കുന്നത്. അതിൽ വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം നിർബാധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗാസ മുനമ്പിലാകട്ടെ ബോംബുകൾ വർഷിച്ച് കോൺഗ്രീറ്റ് കാടുകളായി പരിണമിച്ചിരിക്കുകയാണ്. ലോകത്ത് ഇന്നോളം നടന്ന യുദ്ധങ്ങളിൽ ഗാസ പോലെ ചെറിയൊരു പ്രദേശത്ത് ഇടതടവില്ലാതെ ഇത്രയും ബോംബുകൾ ഒരിക്കലും വർഷിച്ചിട്ടുണ്ടാവില്ല. ഇതെല്ലാം കണ്ടിട്ടും കാഴ്ച നഷ്ടപ്പെട്ടവരെപ്പോലെ അഭിനയിക്കുന്ന ലോകത്തിന് ഇസ്രായിൽ മേൽക്കോയ്മക്ക് മുന്നിൽ മുട്ടിടിക്കുകയാണ്.
 ലോക ജൂത കോൺഗ്രസിന്റെ സ്ഥാപകനും ആഗോള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധ്യക്ഷനുമായിരുന്ന നാഹം ഗോൾഡ്മാൻ പറയുന്നു: 'യഹൂദർക്ക് ഉഗാണ്ടയിലോ മറ്റോ സ്ഥലം കിട്ടുമായിരുന്നു. മത ചരിത്ര പരിഗണന കൊണ്ടോ, തോറയിൽ ഫലസ്തീനെക്കുറിച്ച പരാമർശമുള്ളതുകൊണ്ടോ ആയിരുന്നില്ല ഫലസ്തീൻ തെരഞ്ഞെടുത്തത്, പ്രത്യുത യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ഇടക്കുള്ള പാതകളുടെ സംഗമ സ്ഥാനവും ലോക രാഷ്ട്രീയത്തെ സ്വാധീനിക്കാനും ലോകാധിപത്യം നേടാനുമുപകരിക്കുന്ന തന്ത്ര പ്രധാനവുമായ പ്രദേശമാണ് ഫലസ്തീൻ എന്നതായിരുന്നു കാരണം.'
ഫലസ്തീനികളുടെ സ്വാതന്ത്ര്യമല്ല പ്രശ്‌നം, മനുഷ്യരെന്ന അർത്ഥത്തിൽ നരകതുല്യരായ അവസ്ഥയിലെങ്കിലും അവർക്ക് ജീവിക്കുവാനുള്ള അവകാശമാണ് ഇസ്രായിൽ റദ്ദ് ചെയ്യുന്നത്. ലോകത്ത് അവശേഷിക്കുന്ന ഏക വംശീയ രാഷ്ട്രവും കൊളോണിയൽ ശക്തിയും ഫാസിസത്തിന്റെയും വംശീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ദുരയുടെയും ഉന്മൂലന സിദ്ധാന്തത്തിന്റെയും പ്രയോക്തതാക്കളുമാണ് ഇസ്രായിൽ. അവരെ നേരിടുന്ന മനുഷ്യരുടെ മനക്കരുത്തിന് ബെൻഗൂറിയൻ കനാൽ നിർമിക്കാൻ ഉപയോഗിക്കുമെന്ന് പറയുന്ന 520 അണുബോംബുകളേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ട്. മനസ്സിൽ മനുഷ്യത്വം ഇനിയും മരിക്കാത്ത ലോകത്തിനായി അവർ പൊരുതും. അവസാന വിജയം എന്തായാലും ഇസ്രായിലിനല്ല.

Latest News