സൗദിയില്‍ പത്തു നഗരങ്ങളില്‍ കൂടി സെയ്ന്‍ 5-ജി സേവനം

ജിദ്ദ - സൗദിയിലെ പത്തു നഗരങ്ങളില്‍ കൂടി സെയ്ന്‍ ടെലികോം കമ്പനി 5-ജി സേവനം ലഭ്യമാക്കി. അഫ്‌ലാജ്, ലൈത്ത്, ഖുന്‍ഫുദ, അല്‍ബദായിഅ്, സ്വാംത, ശഖ്‌റാ, ഖഫ്ജി, ദിബാ, ബുകൈരിയ, റാബിഗ് എന്നീ നഗരങ്ങളിലേക്കാണ് സെയ്ന്‍ ടെലികോം കമ്പനി 5-ജി സേവനം വ്യാപിപ്പിച്ചത്. ഇതോടെ സെയ്ന്‍ 5-ജി സേവനം നിലവിലുള്ള നഗരങ്ങളുടെ എണ്ണം 64 ആയി ഉയര്‍ന്നു.
സമീപ കാലത്ത് ലോകത്തെ ആദ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനമുക്ത 5-ജി നെറ്റ്‌വര്‍ക്ക് സൗദിയില്‍ സെയ്ന്‍ കമ്മീഷന്‍ ചെയ്തിരുന്നു. സൗദിയിലെ എല്ലാ പ്രദേശങ്ങളിലും ഏറ്റവും പുതിയ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാനും ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ പ്രദാനം ചെയ്യാനും, രാജ്യത്ത് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടെയും ഡിജിറ്റല്‍ സേവനങ്ങളുടെയും ശേഷികളും മത്സരക്ഷമതയും വര്‍ധിപ്പിക്കാനുള്ള തന്ത്രം തുടരാനുമുള്ള സെയ്ന്‍ കമ്പനിയുടെ പ്രതിബദ്ധത 5-ജി സേവന വിപുലീകരണം സ്ഥിരീകരിക്കുന്നു. രാജ്യത്ത് ഡിജിറ്റല്‍ പരിവര്‍ത്തനം മെച്ചപ്പെടുത്താനും സമൂഹത്തിലെ എല്ലാവരുടെയും ജീവിത നിലവാരം ഉയര്‍ത്താനും ഇത് സഹായിക്കും.
സൗദിയിലെ എല്ലാ പ്രദേശങ്ങളിലും 5-ജി സേവനം ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായി സെയ്ന്‍ ടെലികോം കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു. ഇതോടൊപ്പം പരിസ്ഥിതി, സാമൂഹിക, ഗവണ്‍മെന്റ് (ഇ.എസ്.ജി) തന്ത്രത്തിന് അനുസൃതമായി ഹരിത സാങ്കേതികവിദ്യ സ്വീകരിക്കാനും കമ്പനി പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വളര്‍ച്ച കൈവരിക്കാന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായി റെഡ് സീ ഗ്ലോബലുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ലോകത്തെ ആദ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനമുക്ത 5-ജി നെറ്റ്‌വര്‍ക്ക് റെഡ് സീ ഡെസ്റ്റിനേഷനിലെ സിക്‌സ് സെന്‍സസ് സതേണ്‍ ഡ്യൂണ്‍സ് റിസോര്‍ട്ടില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷത്തിലേറെ സൗരോര്‍ജ പാനലുകള്‍ അടങ്ങിയ സൗരോര്‍ജ നിലയവും പ്രത്യേകം രൂപകല്‍പന ചെയ്ത് നിര്‍മിച്ച ടവറുകളും വഴി നൂറു ശതമാനവും പുനരുപയോഗ ഊര്‍ജത്തെയാണ് ഈ നെറ്റ്‌വര്‍ക്ക് അവലംബിക്കുന്നത്.
പരിസ്ഥിതി സംരക്ഷണം, ശുദ്ധമായ ഊര്‍ജം ഉപയോഗിച്ച് ബഹിര്‍ഗമനം പരിമിതപ്പെടുത്തല്‍, ദൃശ്യവികലത കുറക്കല്‍ എന്നീ മൂന്നു പ്രധാന ലക്ഷ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനമുക്ത 5-ജി നെറ്റ്‌വര്‍ക്കിലൂടെ കൈവരിക്കുന്നു. 2030 ഓടെ പ്രതിവര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 27.8 ടണ്‍ കുറക്കാനും 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് ഇത് പിന്തുണ നല്‍കുന്നതായും എന്‍ജിനീയര്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു.

 

Latest News