മക്ക- പ്രദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കണ്‍കുളിര്‍മ നല്‍കി മക്കയിലെ മലനിരകള്‍ പച്ച പുതച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടക്കിടെ പെയ്ത മഴയില്‍ മക്കയിലും പരിസരങ്ങളിലും പതിവില്ലാത്തവിധം ചെടികളും സസ്യലതാദികളും മുളച്ചു പൊങ്ങിയിരിക്കുകയാണ്.
സുഖസുഷുപ്തിയിലാണ്ടിരുന്ന കുസുമങ്ങളെ വസന്തം വിളിച്ചുണര്‍ത്തിയപ്പോള്‍ അവയുടെ സൗന്ദര്യം സംസാരിക്കുന്നതു പോലെയായി എന്ന അറബിക്കവിയുടെ വരികളെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തില്‍ വിശുദ്ധ ഭൂമിയിലെ അംബര ചുംബികള്‍ക്കിടയിലൂടെ കണ്ടിരുന്ന കൂറ്റന്‍കരിമലകളിപ്പോള്‍ നയനാന്ദകരമായി പച്ചയണിഞ്ഞിരിക്കുന്നത്.
മക്കയിലേക്കെത്തുന്ന പതിനായിരങ്ങള്‍ക്ക് കണ്‍കുളിര്‍മയുള്ള കാഴ്ചയാണിത്. മമക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വാഇല്‍ ഹിതൈരിശി കഴിഞ്ഞ ദിവസം പകര്‍ത്തിയ മക്കയുടെ പരിസരത്തുള്ള മലനിരകളുടെചിത്രങ്ങള്‍ അറബ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. വൈകുന്നേരമായാല്‍ ഫോട്ടോ പകര്‍ത്താനും ഉല്ലാസത്തിനുമായി നൂറുകണക്കിനാളുകളാണ് മക്കയിലെയും പരിസങ്ങളിലെയും മലകളിലും താഴ്‌വരകളിലുമെത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദിയിലെ മിക്ക പ്രവിശ്യകളിലും സാമാന്യം ഭേഭപ്പെട്ട മഴയാണ് ലഭിച്ചത്. തുടര്‍ച്ചയായി മഴ ലഭിച്ചതോടെ വഴിവക്കുകളിലൊക്കെ പുല്ലുകളും ചെടികളും വളരാന്‍ തുടങ്ങി.
കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിനെ കുറിച്ച് സൗദി പരിസ്ഥിതി സംരക്ഷണകേന്ദ്രം കഴിഞ്ഞ വര്‍ഷം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.