ടെല്‍അവീവ്- ഹമാസിനെ തുടച്ചു നീക്കുകയെന്നതാണ് ഇസ്രായിലിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. യുദ്ധാനന്തരമായിരിക്കും വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുകയെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതിനായി വലിയ പദ്ധതിയാണ് ഇസ്രായിലിനുള്ളത്.
ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്നും മിഡില്‍ ഈസ്റ്റിലുടനീളം വസിക്കുന്ന അതിന്റെ നേതാക്കളെ കൊലപ്പെടുത്തുമെന്നും ഇസ്രായില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധം അവസാനിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള ഹമാസ് നേതാക്കളെ കൊല്ലാനാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ശ്രമം. വിദേശത്ത് താമസിക്കുന്നവരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് രാജ്യം ഇതിനകം ആരംഭിച്ചതായും ഇസ്രായില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ലെബനന്‍, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലാണ് ഹമാസ് നേതാക്കളുള്ളത്. എന്നാല്‍ ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള രാജ്യത്തിന്റെ അന്വേഷണത്തില്‍ ഇത് ഒരു തടസ്സമാകില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി പറഞ്ഞു. ഹമാസിന്റെ തലവന്മാര്‍ എവിടെയായിരുന്നാലും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ താന്‍ മൊസാദിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് നവംബറില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്.
ഹമാസ് നേതാക്കളെ 'മരണത്തിനായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും ഈ പോരാട്ടം ലോകമെമ്പാടുമുണ്ടാകുമെന്നുമാണ് അതേ പത്രസമ്മേളനത്തില്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്.
എങ്കിലും ഈ ആശയത്തെ ഇസ്രയേലിലെ എല്ലാവരും പിന്തുണയ്ക്കുന്നില്ല. മുന്‍ മൊസാദ് ഡയറക്ടര്‍ എഫ്രേം ഹാലെവിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പദ്ധതി വളരെ വിദൂരമായതെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.