Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് ഗവര്‍ണറുടെ നടപടി: ബില്‍ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്ത് സുപ്രീം കോടതി

ന്യൂദല്‍ഹി- ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് കൈമാറാനുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതി. നിയമസഭ വീണ്ടും പാസ്സാക്കിയ ബില്ലുകള്‍  രാഷ്ട്രപതിക്ക് കൈമാറാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ മാത്രമാണുള്ളത്. ബില്ലുകള്‍ക്ക് സമ്മതം നല്‍കുക, അല്ലെങ്കില്‍ സമ്മതം തടഞ്ഞുവെച്ച് നിയമസഭക്ക് തിരിച്ചയക്കുക, അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് കൈമാറുക എന്നിവയാണത്. ഒരു ബില്ലില്‍ ഈ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് പ്രയോഗിച്ചതിന് ശേഷം മറ്റൊന്ന്  പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു. നവംബര്‍ 13ന് പത്ത് ബില്ലുകളുടെ അനുമതി തടഞ്ഞുവെച്ചതായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുകയും നവംബര്‍ 18ന് അതേ ബില്ലുകള്‍ വീണ്ടും പാസ്സാക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിലേറെയായി ബില്ലുകളില്‍ തീരുമാനം എടുക്കാതിരുന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടിയെ സുപ്രീംകോടതി കഴിഞ്ഞ 20ന് വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലിനുള്ള അനുമതി തടഞ്ഞുവച്ചാല്‍ നിയമസഭക്ക് അത് തിരികെ നല്‍കണമെന്നും ഗവര്‍ണര്‍ക്ക് അനിശ്ചിതമായി ബില്ല് തടഞ്ഞുവെക്കാന്‍ കഴിയില്ലെന്നും പഞ്ചബ് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചത്.

ഇന്നലെ തമിഴ്‌നാട് സര്‍ക്കാരിന്് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി ഇക്കാര്യം ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തി. വിഷയത്തില്‍ പുതിയൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്്. നവംബര്‍ 28 ന് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു. ഇത് ഭരണഘടനയെ ബാധിക്കുന്നതാണെന്നും സിംഗ്‌വി കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് ബെഞ്ച് ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് ഗവര്‍ണര്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് വിശദീകരിച്ചത്. ഭരണഘടന അനുഛേദം 200 അനുസരിച്ച്, ഗവര്‍ണര്‍ക്ക് മൂന്ന് ഓപ്ഷനുകളാണുള്ളത്. ഗവര്‍ണര്‍ക്ക് ബില്ലുകള്‍ക്ക് അനുമതി നല്‍കാം, അല്ലെങ്കില്‍ അനുമതി തടഞ്ഞു തിരിച്ചയക്കാം, അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് കൈമാറ്റം ചെയ്യാം. തമിഴ്‌നാട് ഗവര്‍ണര്‍ ആദ്യം പറഞ്ഞത് താന്‍ അനുമതി തടഞ്ഞുവെക്കുന്നുവെന്നാണ്. ഒരിക്കല്‍ അനുമതി  തടഞ്ഞു. ശേഷം അത് രാഷ്ട്രപതിക്ക് കൈമാറുന്നതിനെക്കുറിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. ഗവര്‍ണര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മൂന്ന് ഓപ്ഷനുകളില്‍ എതെങ്കിലും ഒന്നാണ് ഗവര്‍ണര്‍ പിന്തുടരേണ്ടതെന്നും ബെഞ്ച് പറഞ്ഞു. ഒരിക്കല്‍ അനുമതി തടഞ്ഞുവെച്ച ബില്ലുകള്‍ പിന്നീട് രാഷ്ട്രപതിക്ക് പരിഗണനക്ക് മാറ്റിയെന്ന് പറയാന്‍ കഴിയില്ലെന്നും ബെഞ്ച് ആവര്‍ത്തിച്ച് വ്യക്തമാക്കി.

എന്നാല്‍, ഇത് കൂടുതല്‍ പരിഗണിക്കേണ്ട ചോദ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഗവര്‍ണര്‍ അനുമതി തടഞ്ഞുവെച്ചാല്‍ ബില്‍ നിയമസഭയിലേക്ക് വിടേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്നാല്‍ പഞ്ചാബ് ഗവര്‍ണറുടെ കേസിലെ വിധിയോടെ ഈ ചോദ്യം തീര്‍ന്നുവെന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി നല്‍കി. ഗവര്‍ണര്‍ അനുമതി തടഞ്ഞുവച്ചതിന് ശേഷം ബില്‍ നിയമസഭക്ക് തിരികെ നല്‍കേണ്ടതില്ലെങ്കില്‍, അതിനര്‍ഥം ഗവര്‍ണര്‍ക്ക് ബില്‍ പൂര്‍ണമായും സ്തംഭിപ്പിക്കാന്‍ കഴിയുമെന്നാണെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. ഗവര്‍ണറുടെ ഓഫീസില്‍നിന്ന് വ്യത്യസ്തമാണ് രാഷ്ട്രപതിയുടെ ഓഫീസ്. രാഷ്ട്രപതി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. അതിനാല്‍ രാഷ്ട്രപതിക്ക് കൂടുതല്‍ വിപുലമായ അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനി എന്ന നിലയില്‍  ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 200 ല്‍ നല്‍കിയിരിക്കുന്ന മൂന്ന് ഓപ്ഷനുകളിലൊന്ന് പ്രയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.  ഗവര്‍ണര്‍ അനുമതി തടഞ്ഞുവച്ചതിന് ശേഷം നിയമസഭ ബില്‍ വീണ്ടും പാസാക്കിയാല്‍ പിന്നീട് രാഷ്ട്രപതിക്ക് വിടുന്നുവെന്ന് പറയാന്‍ കഴിയില്ല.
കാരണം, ആര്‍ട്ടിക്കിള്‍ 200 ലെ വ്യവസ്ഥയുടെ അവസാന ഭാഗം പറയുന്നത് ബില്‍ വീണ്ടും പാസ്സാക്കിയാല്‍ ഗവര്‍ണര്‍ക്ക് അനുമതി തടഞ്ഞുവെക്കാനാകില്ലെന്നാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭരണഘടന അനുഛേദം 200ലെ വ്യവസ്ഥ പ്രകാരം, ഗവര്‍ണര്‍ ഒരു സന്ദേശത്തോടെ ബില്‍ നിയമസഭയിലേക്ക് മടക്കിയാല്‍ മാത്രമേ നിയമസഭക്ക് ബില്‍ വീണ്ടും പരിഗണിക്കാനാകൂവെന്ന് അറ്റോര്‍ണി ജനറല്‍ വീണ്ടും വാദം ഉന്നയിച്ചു. ഇതോടെ, ഗവര്‍ണര്‍ക്ക് അനുമതി തടഞ്ഞുവെക്കാനുള്ള സ്വതന്ത്ര അധികാരമുണ്ടെന്നാണോ നിങ്ങളുടെ വാദമെന്ന് കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി ഉത്തരവുകള്‍ക്ക് കാത്തുനില്‍ക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് പറഞ്ഞു. ഗവര്‍ണര്‍ക്ക്  മുഖ്യമന്ത്രിയെ ചര്‍ച്ചക്ക് ക്ഷണിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗവര്‍ണര്‍ മുഖ്യമന്ത്രിയോടൊപ്പം ഇരുന്ന് ഇത് പരിഹരിച്ചാല്‍ കോടതി അഭിനന്ദിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കും. കേരള ഗവര്‍ണറുമായി ബന്ധപ്പെട്ട സമാന വിഷയവും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്.

 

Latest News